അബ്ദുൾ നാസർ മഅദനി | Photo: PTI
മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്; കേരളത്തിലേക്ക് പോകാം എന്ന് സുപ്രീം കോടതി
ബെംഗളൂരു സ്‌ഫോടന കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് നൽകി. മഅദനിക്ക് കേരളത്തിലേക്ക് പോകാനാണ് കോടതി അനുമതി നൽകിയത്. ജാമ്യ വ്യവ്യസ്ഥയിലെ ഇളവ് പ്രകാരം ജൂലൈ 10 വരെ മഅദനിക്ക് കേരളത്തിൽ നിൽക്കാം. കർണാടക പൊലീസിന്റെ സുരക്ഷയിലായിരിക്കണം കേരളത്തിലേക്ക് പോകേണ്ടത്, സുരക്ഷാ ചിലവ് മഅദനി തന്നെ വഹിക്കണം എന്നും കോടതി നിർദേശിച്ചു. ആരോഗ്യം മോശമാണെന്നും കേസിന്റെ വിസ്താരം പൂർത്തിയായ സാഹചര്യത്തിൽ കേരളത്തിൽ ചികിത്സ നടത്തുന്നതിനായി പോകാൻ അനുവദിക്കണമെന്നുമായിരുന്നു മഅദനിയുടെ വാദം. സീനിയർ അഭിഭാഷകനായ കപിൽ സിബലും അഭിഭാഷകൻ ഹാരിസ് ബീരാനുമാണ് സുപ്രീം കോടതിയിൽ മഅദനിക്ക് വേണ്ടി ഹാജരായത്. കേരളത്തിൽ ഉള്ളപ്പോൾ വിചാരണകോടതി ആവശ്യപ്പെട്ടാൽ ബെംഗളൂരുവിലേക്ക് മടങ്ങാമെന്നും മഅദനി കോടതിയെ അറിയിച്ചു. മഅദനിയെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത് എന്നായിരുന്നു കർണാടക ഗവൺമെന്റിന്റെ ആവശ്യം. എന്നാൽ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല.
കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി.) നേതാവായിരുന്ന മഅദനി 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒൻപതു വർഷം വിചാരണത്തടവുകാരനായി തമിഴ്‌നാട്ടിൽ ജയിലിൽ കഴിഞ്ഞു. 2007 ഓഗസ്റ്റ് 1-ന് ഈ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅദനിയെ വെറുതേ വിട്ടു. ഇപ്പോൾ 2008 ജൂലൈ 25 ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയും ചെയ്തു.
1998-ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ പങ്കുണ്ടെന്നാരാപിച്ച് ഏപ്രിൽ നാലിന് കോയമ്പത്തൂർ പൊലീസിന് കൈമാറിയ മഅദനിയെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ജാമ്യം കിട്ടാത്ത ഒരു വർഷത്തെ കരുതൽ തടങ്കലായിരുന്നു ഇത്. സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തിൽനിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷൻസ് കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തു. ഇതോടെ കോയമ്പത്തൂരിൽനിന്നും മഅദനിയെ സേലം സെൻട്രൽ ജയിലിലേക്ക് മാറ്റി.
ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയും തള്ളപ്പെട്ടു. വിചാരണ നടത്തി കേസ് തീർപ്പാക്കാനാണ് സുപ്രീം കോടതി സെഷൻസ് കോടതിക്ക് നൽകിയ നിർദ്ദേശം. 16,683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്.
ജയിൽ വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മഅദനിയുടെ മേൽ ചുമത്തപ്പെട്ടു. സേലം ജയിലിൽ പോലീസുമായി ഏറ്റുമുട്ടി എന്നതായിരുന്നു ഒരു കുറ്റം. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവും അനുഭവപ്പെട്ടിരുന്ന മഅദനിക്ക് മതിയായ ചികിത്സ നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 9 വർഷത്തെ വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്ന് 2007 ഓഗസ്റ്റ് 1-ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മഅദനിയെ വിട്ടയച്ചു.
വീണ്ടും അഴിക്കുള്ളിൽ
ബെംഗളുരു സ്ഫോടനത്തിന്റെ പേരിൽ കർണാടക പോലീസ് 2010 ആഗസ്റ്റ് 17 ന് മഅദനിയെ അറസ്റ്റ് ചെയ്തു. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്. 2011 ഫെബ്രുവരി 11-നു കർണാടക ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈക്കോടതി വിധിപ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നൽകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്. പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ ഭിന്നതയുണ്ടായതിനെത്തുടർന്ന് അപേക്ഷ മറ്റൊരു ബെഞ്ചിൽ വെക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാൻ ഉത്തരവായി. മൊഴികളെല്ലാം ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ 161-ആം വകുപ്പു പ്രകാരം പൊലീസെടുത്തതാണെന്നും തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും വാദം കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകൾ ഇന്ത്യയിലെ പൊലീസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2015 സെപ്റ്റംബർ 15 ന് ഈ കേസിൽ മഅദനിക്കെതിരായി മുമ്പ് മൊഴി നൽകിയ പ്രധാന സാക്ഷിയായ കുടക് സ്വദേശി റഫീഖ് കൂറുമാറി. സ്‌ഫോടന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പൊലീസ് പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയെ അറിയിച്ചു. വിചാരണക്കോടതി വിസ്തരിക്കവെയാണ് റഫീഖ് മൊഴിമാറ്റിപ്പറഞ്ഞത്. താൻ കോടതിയിൽ വച്ചാണ് മഅദനിയെ ആദ്യം കാണുന്നതെന്നും റഫീഖ് അന്ന് വിചാരണ കോടതിയെ അറിയിച്ചു.