TMJ
searchnav-menu
post-thumbnail

TMJ Daily

റിലയന്‍സ് 6,850 കോടി രൂപയുടെ റഷ്യന്‍ എണ്ണ യുഎസിലേക്ക് കയറ്റുമതി ചെയ്തു

18 Mar 2025   |   1 min Read
TMJ News Desk

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഒരു വര്‍ഷം കൊണ്ട് റഷ്യന്‍ ക്രൂഡ് ഓയിലില്‍ നിന്നും വേര്‍തിരിച്ചെടുത്ത 6,850 കോടി രൂപയുടെ എണ്ണ യുഎസിലേക്ക് കയറ്റുമതി ചെയ്തുവെന്ന് യൂറോപ്പിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) റിപ്പോര്‍ട്ട് ചെയ്തു.

2024 ജനുവരി മുതല്‍ 2025 ജനുവരി വരെ ഇന്ത്യയിലേയും തുര്‍ക്കിയിലേയും റഷ്യന്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കുന്ന ആറ് റിഫൈനറികളില്‍ നിന്നും യുഎസ് 2.8 ബില്ല്യണ്‍ യൂറോയുടെ എണ്ണ ഇറക്കുമതി ചെയ്തു. ഇതില്‍ 1.3 ബില്ല്യണും റഷ്യന്‍ ക്രൂഡ് ഓയില്‍ സംസ്‌കരിച്ചെടുത്ത എണ്ണയുടെ വിലയാണ്.

യുഎസ് ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സിന്റെ ഇരട്ട-റിഫൈനറികളില്‍ നിന്നും രണ്ട് ബില്ല്യണ്‍ യൂറോയുടെ പെട്രോളും ഡീസലും ഇറക്കുമതി ചെയ്തു. ഇതില്‍ 724 മില്ല്യണ്‍ യൂറോയുടെ (ഏകദേശം 6,850 കോടി രൂപ) എണ്ണയും റഷ്യന്‍ ക്രൂഡ് ഓയിലില്‍ നിന്നുള്ളതാണെന്ന് സിആര്‍ഇഎയുടെ റിപ്പോര്‍ട്ട് പറയുന്നു.

ഗുജറാത്തിലെ വാഡിനറിലെ നയാര എനര്‍ജി 184 മില്ല്യണ്‍ യൂറോ മൂല്യമുള്ള എണ്ണ ഇക്കാലയളവില്‍ യുഎസിലേക്ക് കയറ്റുമതി ചെയ്തു. ഇതില്‍ 124 മില്ല്യണ്‍ യൂറോയുടെ എണ്ണയും റഷ്യന്‍ ക്രൂഡ് സംസ്‌കരിച്ചിട്ടുള്ളതാണ്. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന് നയാരയില്‍ ഓഹരി നിക്ഷേപം ഉണ്ട്.

ന്യൂമാംഗ്ലൂരിലെ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് 42 മില്ല്യണ്‍ യൂറോയുടെ എണ്ണ യുഎസിലേക്ക് കയറ്റുമതി ചെയ്തു. ഇതില്‍ 22 മില്ല്യണ്‍ യൂറോയുടെ എണ്ണയും റഷ്യന്‍ ക്രൂഡില്‍ നിന്നുമുള്ളതാണ്.

യുക്രെയ്‌നില്‍ അധിനിവേശം നടത്തിയ റഷ്യയുടെ എണ്ണ കമ്പനികള്‍ക്കും വിതരണ കമ്പനികള്‍ക്കും എണ്ണക്കപ്പലുകള്‍ക്കും എതിരെ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.


#Daily
Leave a comment