
മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ് കീഴടങ്ങി
മതവിദ്വേഷ പരാമര്‍ശക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ബിജെപി നേതാവ് പി സി ജോര്‍ജ് കീഴടങ്ങി. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോയ ജോര്‍ജ് ഈരാറ്റുപേട്ട മുനിസിപ്പല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് രാവിലെ കീഴടങ്ങിയത്.
ബിജെപി നേതാക്കള്‍ക്കൊപ്പം കോടതിയിലെത്തിയ ജോര്‍ജിനെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ഇന്ന് വൈകുന്നേരം ആറ് മണിവരെ മാത്രമേ കോടതി കസ്റ്റഡില്‍ നല്‍കിയുള്ളൂ.
ജനുവരി ആറിന് നടന്ന ചാനല്‍ ചര്‍ച്ചയിലാണ് മുസ്ലിം വിരുദ്ധ പരാമര്‍ശം ജോര്‍ജ് നടത്തിയത്. രാജ്യത്തെ മുഴുവന്‍ മുസ്ലിങ്ങളും വര്‍ഗീയവാദികളാണെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നുമാണ് ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞത്. കൂടാതെ, ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഈരാറ്റുപേട്ട പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാല്‍ ജോര്‍ജിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നോട്ടീസ് നല്‍കിയിരുന്നു. തിങ്കളാഴ്ച്ച സ്റ്റേഷനില്‍ എത്താമെന്ന് മറുപടി നല്‍കിയ ജോര്‍ജ് ഇന്ന് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.
യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നല്‍കിയ കേസിലാണ് ജോര്‍ജിനെതിരെ കേസെടുത്തത്.
സമാനമായ കേസുകളില്‍ മുമ്പ് ജാമ്യം നേടിയിട്ടുള്ള ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് ഹൈക്കോടതി ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ജോര്‍ജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.