TMJ
searchnav-menu
post-thumbnail

TMJ Daily

മിഷനറി പ്രവർത്തനങ്ങളിലൂടെയുളള മതപ്രചരണം നിയമവിരുദ്ധമല്ലെന്ന് തമിഴ്‌നാട് സർക്കാർ

01 May 2023   |   2 min Read
TMJ News Desk

മിഷനറിമാരുടെ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനെ നിയമവിരുദ്ധമായി കാണാനാകില്ലെന്ന് തമിഴ്‌നാട് സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. നിർബന്ധിതമോ വഞ്ചനാപരമോ ആയി മതപരിവർത്തനം നടത്തുന്നത് നിയന്ത്രിക്കാനും നടപടിയെടുക്കാനും സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് തമിഴ്‌നാട് സർക്കാർ മറുപടി നൽകിയത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഓരോ പൗരനും മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനല്കുന്നുണ്ട്. അതിനാൽ, മിഷനറിമാർ സ്വയം ക്രിസ്തുമതം പ്രചരിപ്പിക്കുന്നത് നിയമ വിരുദ്ധമായി കാണാനാകില്ല. എന്നാൽ സമൂഹത്തിനും നിയമത്തിനും ഭീഷണിയുളവാകുന്ന രീതിയിൽ മതം പ്രചരിപ്പിച്ചാൽ അവ ഗൗരവപൂർവം നേരിടുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഭീഷണിയിലൂടെയോ, വഞ്ചന, അന്ധവിശ്വാസം, മന്ത്രവാദം, വശീകരണപ്രവർത്തനങ്ങൾ എന്നിവയിലൂടെ മതപരിവർത്തനം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. മാത്രമല്ല മറ്റൊരാളെ സ്വന്തം മതത്തിലേയ്ക്ക് ഇത്തരം പ്രവർത്തനങ്ങളിലൂടെ പരിവർത്തനം ചെയ്യാനുള്ള മൗലീകാവകാശം ഒരു പൗരനുമില്ലെന്നും തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ പി വിൽസൺ വ്യക്തമാക്കി. അതുപോലെ ഒരു വ്യക്തിക്ക് തനിക്ക് സ്വീകാര്യമായ മതവിശ്വാസത്തിലേയ്ക്ക് പരിവർത്തനം ചെയ്യാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശം

ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കാനുള്ള അവകാശം ആർട്ടിക്കിൾ 21-ൽ(മാന്യമായ ജീവിതത്തിനുള്ള അവകാശം) ഉറപ്പ് നൽകുന്നതാണ്. മാത്രമല്ല ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയിലെ ഓരോ പൗരനും മതം തിരഞ്ഞെടുക്കാനുള്ള അവകാശവുമുണ്ട്. രാജ്യത്തെ പൗരൻമാരെ അവരുടെ മതം സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ അനുവദിക്കണം. അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളിലും സ്വകാര്യതയിലും അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും സർക്കാർ ഊന്നിപ്പറഞ്ഞു.

ഭരണപക്ഷത്തുള്ള നേതാവായ അശ്വിനി കുമാർ നൽകിയ ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും, ഇതിലൂടെ ഒരു പ്രത്യേക മതത്തെ ഉന്നംവെയ്ക്കുന്നുവെന്നും രാജ്യത്തെ മതസൗഹാർദം തകർക്കാനുള്ള പാർട്ടിയുടെ അജണ്ട ശക്തി പ്രാപിക്കാനുള്ള അവസരമുണ്ടാക്കുന്നുവെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു.

ആരോപണങ്ങൾ ഉയർത്തി 17കാരിയുടെ മരണം

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ പതിനേഴുകാരിയായ പെൺകുട്ടിയുടെ ആത്മഹത്യയെത്തുടർന്ന് കേസിൽ എൻഐഎ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് അശ്വിനി കുമാർ ഉപാധ്യായ ഹർജി സമർപ്പിച്ചത്. പെൺകുട്ടി പഠിച്ച സ്‌കൂളിൽ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചിരുന്നുവെന്നും ഇതിനെത്തുടർന്നാണ് ആത്മഹത്യയെന്നുമാണ് ഹർജിയിലെ ആരോപണം. ഇത് പെൺകുട്ടിയുടെ മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

സംഭവത്തിൽ സിബിഐ കേസ് അന്വേഷിക്കുകയാണ്. എന്നാൽ പെൺകുട്ടിയുടെ മരണത്തിന് കാരണം മതപരിവർത്തനമാണെന്നുള്ളതിന് തെളിവുകളില്ലെന്നും കേസിൽ രാഷ്ട്രീയ നേട്ടത്തിനുള്ള അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്നും തമിഴ്‌നാട് സർക്കാർ മറുപടി നൽകി. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം തമിഴ്‌നാട്ടിൽ നടക്കുന്നില്ലെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി. ഭീഷണി, വഞ്ചന, സമ്മാനങ്ങൾ നൽകി വശീകരിക്കൽ എന്നിവയിലൂടെ മതപരിവർത്തനം നടത്തിയ സംഭവങ്ങൾ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതായും കത്തിൽ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുളള ബെഞ്ച് ഹർജിയിൽ നേരത്തെ വാദം കേട്ടിരുന്നു. ന്യുനപക്ഷങ്ങൾക്കെതിരായ ചില പ്രസ്താവനകൾ ഹർജിയിലുണ്ടെന്നും അവ നീക്കം ചെയ്യണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. മറ്റുമതങ്ങൾക്കെതിരെ അപകീർത്തിപരമായ പ്രസ്താവനകൾ നീക്കം ചെയ്യണമെന്നും ഇവ ആവർത്തിക്കരുതെന്നുമുള്ള താക്കീതും ഹർജിക്കാരന് നൽകി.


#Daily
Leave a comment