TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PIXABAY

TMJ Daily

2020 മുതല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് അഞ്ചുലക്ഷത്തിലധികം പേര്‍

22 Jul 2023   |   2 min Read
TMJ News Desk

2020 മുതല്‍ രാജ്യത്ത് 5,61,272 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2011 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

2020 ല്‍ 85,256 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. 2021 ല്‍ 1,63,370 ഉം 2022 ല്‍ 2,25,620 പേരുമാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. ഈ വര്‍ഷം ജൂണ്‍ വരെ ആകെ 87,026 പേര്‍ പൗരത്വം ഉപേക്ഷിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 2020 ലാണ് ഏറ്റവും കുറച്ചുപേര്‍ പൗരത്വം ഉപേക്ഷിച്ചത്. 

വേണ്ടത് മികച്ച ജീവിതനിലവാരം 

ഇന്ത്യക്കാര്‍ കുടിയേറിയ 103 രാജ്യങ്ങളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ പേര്‍ അമേരിക്കയിലാണ് സ്ഥിരതാമസം ആക്കിയിരിക്കുന്നത്. കൂടാതെ ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇന്ത്യക്കാര്‍ കൂടുതലായി കുടിയേറാന്‍ ശ്രമിക്കുന്നുണ്ട്. 2014 നു ശേഷമാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായത്. മികച്ച വേതനത്തോടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ രാജ്യത്തിനു കഴിയുന്നില്ലെന്നതാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനു പ്രധാന കാരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യം വിടുന്ന മലയാളികളുടെ എണ്ണത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. 

ജോലി സംബന്ധമായി വിദേശങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. വരുമാനത്തില്‍ ലഭിക്കുന്ന വന്‍ വര്‍ധനവാണ് ആളുകളെ പൊതുവെ വിദേശരാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. അവിദഗ്ധ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ വലിയ തുകയാണ് വിദേശങ്ങളില്‍ ജോലി നേടുന്നവര്‍ക്ക് ലഭിക്കുന്നത്. സൗദി അറേബ്യ, ബഹ്‌റിന്‍, ഒമാന്‍, ഖത്തര്‍, കുവൈറ്റ് അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്കാണ് അവിദഗ്ധ തൊഴിലാളികള്‍ കൂടുതലായി ജോലി തേടി പോകുന്നത്. അവരില്‍ പലരും വ്യക്തിപരമായ സൗകര്യങ്ങള്‍ പരിഗണിച്ചാണ് വിദേശ പൗരത്വം സ്വീകരിക്കുന്നത്. 

നിറംമങ്ങി ഗള്‍ഫ് നാടുകള്‍ 

അമേരിക്ക, യുകെ പോലുള്ള വികസിത രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ കുടിയേറി പാര്‍ക്കാന്‍ താത്പര്യം കാണിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിയുള്ള കുടിയേറ്റം കുറയുന്നതായാണ് കണക്ക്. അറബ് രാഷ്ട്രങ്ങളില്‍ സാമ്പത്തിക നേട്ടത്തില്‍ കുറവ് വന്നതാണ് കുടിയേറ്റം കുറയാന്‍ കാരണമായിരിക്കുന്നത്. വിദ്യാഭ്യാസത്തിനായി വിദേശത്തു പോയി അവിടുത്തെ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. ആഗോളതലത്തില്‍ കുടിയേറ്റക്കാരുടെ എണ്ണം 184 ദശലക്ഷമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ആഗോള ജനസംഖ്യയുടെ 2.3 ശതമാനമാണിത്. 

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, കാലാവസ്ഥയും മലിനീകരണവും പോലുള്ള ജീവിതശൈലി ഘടകങ്ങള്‍, നികുതി ഉള്‍പ്പെടെയുള്ള സാമ്പത്തിക ആശങ്കകള്‍, കുടുംബങ്ങള്‍ക്കു മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവസരം, അടിച്ചമര്‍ത്തുന്ന സര്‍ക്കാരുകളില്‍ നിന്നുള്ള രക്ഷപ്പെടല്‍ എന്നിവയാണു മറ്റു രാജ്യങ്ങളിലേക്കു കുടിയേറാനും അവിടങ്ങളിലെ പൗരത്വം നേടാനും ആളുകളെ പ്രേരിപ്പിക്കന്നതെന്ന് ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ പറയുന്നു.


#Daily
Leave a comment