
പ്രശസ്ത ഹിന്ദി പണ്ഡിത ഫ്രാൻസെസ്ക ഒർസിനിക്ക് പ്രവേശന വിലക്ക്
ആഗോള പ്രശസ്തയായ ഹിന്ദി പണ്ഡിതയും ലണ്ടൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിലെ (SOAS) പ്രൊഫസറുമായ ഫ്രാൻസെസ്ക ഒർസിനിയെ ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞു. അഞ്ച് വർഷത്തെ സാധുവായ ഇ-വിസ കൈവശം വച്ചിട്ടും തിങ്കളാഴ്ച അവരെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞതായി റിപ്പോർട്ട്. അവരെ ഉടൻ നാടുകടത്തുമെന്നും, അതിന് ഒരു കാരണവും നൽകിയിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2002ൽ പുറത്തിറങ്ങിയ 'ദി ഹിന്ദി പബ്ലിക് സ്ഫിയർ 1920–1940: ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഇൻ ദി ഏജ് ഓഫ് നാഷണലിസം' എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ ഒർസിനി, ചൈനയിൽ നടന്ന ഒരു അക്കാദമിക് കോൺഫറൻസിൽ പങ്കെടുത്ത ശേഷം ഒക്ടോബർ 21ന് ഹോങ്കോംഗ് വഴി ഡൽഹിയിലെത്തി.
ഇന്ത്യയിൽ സുഹൃത്തുക്കളെ സന്ദർശിക്കാൻ അവർ പദ്ധതിയിട്ടിരുന്നു. 2024 ഒക്ടോബറിലായിരുന്നു അവർ, അവസാനമായി ഇന്ത്യ സന്ദർശിച്ചതെന്ന് ദി വയർ റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യാപകമായ ആശങ്കകൾക്കിടയിലാണ് ഈ സംഭവം.
ഡൽഹി വിമാനത്താവളത്തിൽ നിന്ന് ദി വയറിനോട് സംസാരിച്ച ഒർസിനി, ഈ തീരുമാനത്തിന് ഇമിഗ്രേഷൻ അധികൃതർ വിശദീകരണമൊന്നും നൽകിയിട്ടില്ലെന്ന് പറഞ്ഞു. “എന്നെ നാടുകടത്തുകയാണ്. അത്ര മാത്രമേ എനിക്കറിയാവൂ,” അവർ വാർത്താ വെബ്‌സൈറ്റിനോട് പറഞ്ഞു. ലണ്ടനിൽ താമസിക്കുന്ന ഓർസിനിക്ക് നാട്ടിലേക്ക് മടങ്ങാൻ സ്വന്തമായി ക്രമീകരണങ്ങൾ ചെയ്യേണ്ടിവരുമെന്ന് പറഞ്ഞു.
പ്രധാനമായും ഹിന്ദി, ഉറുദു വിഷയങ്ങളിൽ പ്രവർത്തിക്കുന്ന സാഹിത്യ ചരിത്രകാരിയായ ഒർസിനി, ദക്ഷിണേഷ്യൻ സാഹിത്യ സംസ്കാരങ്ങൾക്കുള്ളിലെ ബഹുഭാഷാ പഠനം നടത്താൻ പതിറ്റാണ്ടുകൾ ചെലവഴിച്ചു. സാധുവായ യാത്രാ രേഖകൾ ഉണ്ടായിരുന്നിട്ടും, സമീപ വർഷങ്ങളിൽ ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട നാലാമത്തെ വിദേശ അക്കാദമിക്കാണ് ഓർസിനി.
2022 മാർച്ചിൽ, ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വിശദീകരണമില്ലാതെ നാടുകടത്തി. അതേ വർഷം, ആർക്കിടെക്ചർ പ്രൊഫസർ ലിൻഡ്സെ ബ്രെംനറിനും പ്രവേശനം നിഷേധിച്ചു.2024ൽ, യുകെ ആസ്ഥാനമായുള്ള കശ്മീരി അക്കാദമിക് നിതാഷ കൗളിന് ബെംഗളൂരു വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചു, അവരുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് പിന്നീട് റദ്ദാക്കി.


