
വിഖ്യാത മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഫ്രെഡ്രിക് ജെയിംസണ്‍ വിടവാങ്ങി
പ്രശസ്ത അമേരിക്കന്‍ സാഹിത്യ നിരൂപകനും, തത്ത്വചിന്തകനും, പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ ഫ്രെഡ്രിക് ജെയിംസണ്‍ നിര്യാതനായി. 90 വയസ്സായിരുന്നു. സമകാലിക സാഹിത്യ സാംസ്‌കാരിക പ്രവണതകളും മുതലാളിത്തത്തെയും കുറിച്ചുള്ള ജെയിംസണ്‍ പഠനങ്ങള്‍ ഏറെ പ്രശസ്തമാണ്. ഒഹായോയിലെ ക്ലീവ്ലാന്‍ഡിലാണ് ജനിച്ചത്. 1950-ല്‍ ന്യൂജേഴ്സിയിലെ മൂര്‍സ്ടൗണ്‍ ഫ്രണ്ട്‌സ് സ്‌കൂളില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് യൂറോപ്പിലെ ഐക്‌സ്-എന്‍-പ്രോവന്‍സ്, മ്യൂണിക്ക്, ബെര്‍ലിന്‍ എന്നിവിടങ്ങളിലും, 1959 -ല്‍ പിഎച്ച്ഡി അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൂര്‍ത്തിയാക്കുകയും ചെയ്തു.
അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യ പ്രൊഫസര്‍, റൊമാന്‍സ് സ്റ്റഡീസ് (ഫ്രഞ്ച്) പ്രൊഫസര്‍, ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്രിട്ടിക്കല്‍ തിയറി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പോസ്റ്റ് മോഡേണിസം, ദി കള്‍ച്ചറല്‍ ലോജിക് ഓഫ് ലേറ്റ് ക്യാപിറ്റലിസം, ദി പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്, മാര്‍ക്‌സിസം ആന്‍ഡ് ഫോം, ദി ആര്‍ക്കിയോളജീസ് ഓഫ് ദി ഫ്യൂച്ചര്‍, ദി ഡിസയര്‍ ഓഫ് യുട്ടോപ്യ, എന്നിവയാണ് ജെയിംസന്റെ ഏറ്റവും പ്രശസ്തമായ ചില പുസ്തകങ്ങള്‍.
ഫ്രഞ്ച് തത്വചിന്തകനായ സാര്‍ത്രിനോടുള്ള താല്‍പര്യം ജെയിംസണെ മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തിന്റെ തീവ്രമായ പഠനത്തിലേക്ക് നയിച്ചു. 1961-ല്‍ സാര്‍ത്രെ: ദി ഒറിജിന്‍സ് ഓഫ് എ സ്‌റ്റൈല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ജെയിംസന്റെ ഡോക്ടറല്‍ പ്രബന്ധം യൂറോപ്യന്‍ സാംസ്‌കാരിക വിശകലനത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. സാര്‍ത്രിന്റെ കൃതികളുടെ ഇടയ്ക്കിടെയുള്ള മാര്‍ക്‌സിയന്‍ വശങ്ങള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഇടയ്ക്കിടെ പ്രതിഫലിച്ചിരുന്നു. ജെയിംസണെ മാര്‍ക്സിസത്തിലേക്ക് അടുപ്പിച്ചത് ഇടതുപക്ഷ-സമാധാന പ്രസ്ഥാനങ്ങളുമായുള്ള ബന്ധവും ക്യൂബന്‍ വിപ്ലവുമായിരുന്നു.
ജെയിംസണിന്റെ പ്രബന്ധങ്ങള്‍ പലതും 1960 കളുടെ ആദ്യ പകുതിയില്‍ അദ്ദേഹം പഠിപ്പിച്ച ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ഉള്‍പ്പടെ ചര്‍ച്ചാ വിഷയമായി മാറി. 1984- ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും പ്രൊഫസറായിരിക്കെ ജെയിംസണ്‍ ന്യൂ ലെഫ്റ്റ് റിവ്യൂ എന്ന ജേണലില്‍ 'പോസ്റ്റ് മോഡേണിസം, ദി കള്‍ച്ചറല്‍ ലോജിക് ഓഫ് ലേറ്റ് ക്യാപിറ്റലിസം എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ഏറെ സംവാദങ്ങള്‍ക്ക് വഴിയൊരുക്കി ആ ലേഖനം. അത് പിന്നീട് ഒരു പുസ്തകമായി വികസിപ്പിക്കുകയും പ്രശസ്തമായ പുസ്തകമായി മാറുകയും ചെയ്തു.
2008-ല്‍ സാമൂഹിക രൂപീകരണങ്ങളും സാംസ്‌കാരിക രൂപങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ വാര്‍ഷിക ഹോള്‍ബെര്‍ഗ് ഇന്റര്‍നാഷണല്‍ മെമ്മോറിയല്‍ സമ്മാനം ലഭിച്ചു. 2012-ല്‍ മോഡേണ്‍ ലാംഗ്വേജ് അസോസിയേഷന്റെ ആജീവനാന്ത സ്‌കോളര്‍ലി അച്ചീവ്‌മെന്റിനുള്ള ആറാമത്തെ അവാര്‍ഡിന് ജെയിംസണ്‍ അര്‍ഹനായി. 2009-ല്‍ നോര്‍ത്ത് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ യുട്ടോപ്യന്‍ സ്റ്റഡീസിന്റെ ലൈമാന്‍ ടവര്‍ സാര്‍ജ ഡിസ്റ്റിംഗ്വിഷ്ഡ് സ്‌കോളര്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.