പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു.
പ്രശസ്ത ഇന്ത്യന്‍ ചിത്രകാരനും ശില്‍പിയുമായ എ രാമചന്ദ്രന്‍ അന്തരിച്ചു. 1991 മുതല്‍ കേരള ലളിതകലാ അക്കാദമിയുടെ ഓണററി ചെയര്‍മാനാണ് അദ്ദേഹം. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിശ്രമത്തിലായിരുന്നു. ദൃശ്യഭാഷയില്‍ നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള എ രാമചന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരില്‍ ഒരാളാണ്. ചിത്രകാരന്‍, ശില്‍പി, ഗ്രാഫിക് ആര്‍ട്ടിസ്റ്റ്, ഡിസൈനര്‍, ആര്‍ട്ട് എജ്യൂക്കേഷനിസ്റ്റ് എന്നിങ്ങനെ കലയുടെ വിവിധ തലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പാശ്ചാത്യ ആധുനികതയുടെ വഴിയില്‍ ഏറെ സഞ്ചരിച്ച അദ്ദേഹം പിന്നീട് ഇന്ത്യന്‍ ക്ലാസിക്കല്‍ പാരമ്പര്യത്തെ ചേര്‍ത്തിണക്കിക്കൊണ്ട് ചിത്രരചനയില്‍ ഏര്‍പ്പെടുകയായിരുന്നു.
നഗരജീവിതത്തിന്റെ രോഷം പ്രതിഫലിപ്പിക്കുന്ന ആവിഷ്‌കാര ശൈലിയിലാണ് രാമചന്ദ്രന്റെ ആദ്യകാലചിത്രങ്ങള്‍ രൂപപ്പെടുന്നത്. പെയിന്റിംഗുകള്‍ വലുതും ചുവര്‍ചിത്രങ്ങള്‍ക്ക് സമാനമായതും ശക്തമായ രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നവയും ആയിരുന്നു.
കലാവിദ്യാഭ്യാസവും അധ്യാപനജീവിതവും
1957 ല്‍ കേരളസര്‍വ്വകലാശാലയില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കലാപഠനത്തിനായി വിശ്വഭാരതി സര്‍വകലാശാലയില്‍ ചേര്‍ന്നു. ശാന്തിനികേതന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ ചുറ്റുപാടുകളാണ് അദ്ദേഹത്തെ ഇന്ത്യയുടെയും മറ്റ് കിഴക്കന്‍ നാഗരികതകളുടെയും കലാപാരമ്പര്യങ്ങളിലേക്ക് അടുപ്പിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളുടെ ചുമര്‍ചിത്രങ്ങളില്‍ ദീര്‍ഘകാല ഗവേഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
1965 ല്‍ ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ ആര്‍ട്ട് എജ്യൂക്കേഷന്‍ അധ്യാപകനായി ചേര്‍ന്നു. തന്റെ മുഴുവന്‍ സമയവും സര്‍ഗാത്മകതയ്ക്കായി നീക്കിവയ്ക്കുന്നതിനായി 1992 ല്‍ അധ്യാപക ജോലിയില്‍ നിന്നും അദ്ദേഹം സ്വമേധയാ വിരമിക്കുകയായിരുന്നു. 2006 ല്‍ കേരളത്തിലെ ക്ഷേത്ര ചുവര്‍ച്ചിത്രങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണം പുസ്തകമായിരുന്നു.
പുരസ്‌കാരങ്ങള്‍
2005 ല്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2003 ല്‍, നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് (ന്യൂഡല്‍ഹി) അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചുകൊണ്ട് കലാകാരനെ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ കലാവിഷ്‌ക്കാരത്തെ രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന സമഗ്രമായ രണ്ട് വാല്യങ്ങളുള്ള പുസ്തകവും പ്രകാശനം ചെയ്തിരുന്നു. ഇന്ത്യയിലും മറ്റിടങ്ങളിലും നടന്ന നിരവധി പ്രധാന എക്‌സിബിഷനുകളില്‍ അദ്ദേഹം ഇന്ത്യന്‍ സമകാലിക കലയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1969 ലും 1972 ലും ചിത്രകലയ്ക്കുള്ള ദേശീയ അവാര്‍ഡ്, 1978 ലും 1980 ലും കുട്ടികള്‍ക്കായുള്ള ചിത്ര പുസ്തകത്തിന് ജപ്പാനില്‍ നിന്നുള്ള നോമ അവാര്‍ഡ് എന്നിവ ലഭിച്ചു. 2003 ല്‍ കേരളസര്‍ക്കാര്‍ രാജാ രവിവര്‍മ്മ പുരസ്‌കാരം നല്‍കി ആദരിച്ചു. എ രാമചന്ദന്‍ ചിത്രീകരിച്ച കുട്ടികള്‍ക്കായുള്ള 50 ഓളം ചിത്ര പുസ്തകങ്ങള്‍ ജപ്പാന്‍, ഇംഗ്ലണ്ട്, യു എസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.