TMJ
searchnav-menu
post-thumbnail

TMJ Daily

വിഖ്യാത വിവര്‍ത്തക എഡിത്ത് ഗ്രോസ്മാന്‍ അന്തരിച്ചു

05 Sep 2023   |   2 min Read
TMJ News Desk

പ്രശസ്ത വിവര്‍ത്തക എഡിത്ത് ഗ്രോസ്മാന്‍ (87) അന്തരിച്ചു. തിങ്കളാഴ്ച മന്‍ഹട്ടനിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. പാന്‍ക്രിയാറ്റിക് ക്യാന്‍സറാണ് മരണകാരണം എന്ന് മകന്‍ കോറി ഗ്രോസ്മാന്‍ അറിയിച്ചു. ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെയും സ്പാനിഷ് എഴുത്തുകാരുടേയും കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ ലോക ശ്രദ്ധ നേടിയ വിവര്‍ത്തകയാണ് ഗ്രോസ്മാന്‍.

മാര്‍ക്വേസിന്റെ ശബ്ദം

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ലവ് ഇന്‍ ദ ടൈം ഓഫ് കോളറയുടേയും സെര്‍വാന്റസിന്റെ ഡോണ്‍ ക്വിക്‌സോട്ട് എന്ന കൃതിയുടെ വിവര്‍ത്തനങ്ങളാണ് എഡിത്ത് ഗ്രോസ്മാന്‍ വിവര്‍ത്തനം ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പ്രശംസ നേടിയത്. മാര്‍ക്വേസിന്റെ Love in the Time of Cholera, The General in His Labyrinth, Strange Pilgrims, Of Love and Other Demons, News of a Kidnapping, Living to Tell the Tale എന്നീ കൃതികള്‍ ഗ്രോസ്മാന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലെ എന്റെ ശബ്ദം എന്നാണ് മാര്‍ക്വേസ് ഗ്രോസ്മാനെ വിശേഷിപ്പിച്ചത്. വിവര്‍ത്തനം ഗൗരവമേറിയ ഒരു പ്രവൃത്തിയായി കണക്കാക്കാത്ത സമയത്താണ് ഗ്രോസ്മാന്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെയും സ്പാനിഷ് എഴുത്തുകാരുടേയും കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തീരുമാനിക്കുന്നത്. വിവര്‍ത്തനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് 2021 ല്‍ അവര്‍ എഴുതിയ പുസ്തകമാണ് 'Why Translation Mattser'. താന്‍ വിവര്‍ത്തനം ചെയ്യുന്ന പുസ്തകങ്ങളുടെ കവര്‍പേജില്‍ വിവര്‍ത്തക എന്ന നിലയില്‍ തന്റെ പേര് അച്ചടിച്ചുവരണം എന്ന് വാദിച്ച ആളായിരുന്നു ഗ്രോസ്മാന്‍. 

1936 ല്‍ പെന്‍സില്‍വാനിയയില്‍ ജനിച്ച ഗ്രോസ്മാന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് അവര്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കുന്നത്. 1972 ല്‍ എഴുത്തുകാരനായ മാസിഡോണിയോ ഫെര്‍ണാണ്ടസിന്റെ ഒരു കഥ വിവര്‍ത്തനം ചെയ്യാന്‍ സുഹൃത്ത് ആവശ്യപ്പെട്ടതോടെയാണ് എഡിത്ത് ഗ്രോസ്മാന്റെ വിവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. സെര്‍വാന്റസിന്റെ ഡോണ്‍ ക്വിക്‌സോട്ട് എന്ന കൃതിക്ക് ഗ്രോസ്മാന്‍ നടത്തിയ വിവര്‍ത്തനം സ്പാനിഷ് ഭാഷകളില്‍ നിന്നുള്ള ഇംഗ്ലീഷ് വിവര്‍ത്തനങ്ങളില്‍ മികച്ചതാണെന്നാണ് രചയിതാക്കളും നിരൂപകരും കണക്കാക്കുന്നത്. 

2022 ലാണ് വിവര്‍ത്തനത്തിനുള്ള Thornton Wilder Prize ഗ്രോസ്മാന് ലഭിക്കുന്നത്. പിന്നീട് 2006 ല്‍ വിവര്‍ത്തനത്തിനുള്ള PEN/Ralph Manheim Medal ലഭിച്ചു. 2008 ല്‍ അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്ട് ആന്റ് ലെറ്റേഴ്‌സ് നല്‍കുന്ന ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് അവാര്‍ഡ് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും എഡിത്ത് ഗ്രോസ്മാന് ലഭിച്ചിട്ടുണ്ട്.

#Daily
Leave a comment