TMJ
searchnav-menu
post-thumbnail

വാഗ്നർ ഗ്രൂപ്പ് | PHOTO: WIKI COMMONS

TMJ Daily

കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് റിക്രൂട്ട്മെന്റ് തുടരുന്നതായി റിപ്പോർട്ട്

30 Jun 2023   |   2 min Read
TMJ News Desk

ഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് റിക്രൂട്ട്മെന്റ് തുടരുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന് ഏകദേശം 40 ന് മുകളിൽ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുണ്ട്. സ്‌പോർസ് കേന്ദ്രങ്ങൾ, മാർഷ്യൽ ആർട്ട്‌സ് സ്‌കൂളുകൾ, ബോക്‌സിങ് ക്ലബുകൾ എന്നിവയാണ് പ്രധാനമായും റിക്രൂട്ട്മന്റെ് കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം റിക്രൂട്ട്മെന്റ് നടപടികൾക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കുന്നു. വിരമിച്ച സൈനികർ, ജയിൽ ശിക്ഷ ലഭിച്ച കുറ്റവാളികളെയൊക്കെയാണ് വാഗ്നർ ഗ്രൂപ്പ് പൊതുവെ റിക്രൂട്ട് ചെയ്യാറുള്ളത്. മോസ്‌കോയിലെ സൈനിക ആസ്ഥാനത്ത് പ്രവേശിച്ച് പുടിനെതിരെ ഭീഷണി മുഴക്കിയ കൂലിപ്പട്ടാളത്തെ ഇതുവരെയും റഷ്യൻ ഭരണകൂടം പിരിച്ചു വിട്ടിട്ടില്ല. എന്നാൽ, പുതിയ അംഗങ്ങൾ റഷ്യൻ പ്രതിരോധ മന്ത്രാലയവുമായല്ല വാഗ്നർ ഗ്രൂപ്പുമായാണ് കരാറിൽ ഒപ്പു വെക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

വാഗ്നർ ഗ്രൂപ്പ്

എന്തും ചെയ്യാൻ മടിക്കാത്ത പുടിന്റെ കൂലിപട്ടാളമെന്നാണ് വാഗ്നർ ഗ്രൂപ്പ് അറിയപ്പെടുന്നത്. പുടിന്റെ വിശ്വസ്തനും റഷ്യൻ വ്യവസായിയുമായ യെവ്‌ഗെനി പ്രിഗോഷിനാണ് വാഗ്നർ ഗ്രൂപ്പിന്റെ തലവൻ. സായുധ സംഘടനയായ വാഗ്‌നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. 2014ൽ ഡിമിത്രി യുറ്റ്കിൻ എന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനാണ് ഗ്രൂപ്പിന് തുടക്കമിട്ടത് എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ വിളിപ്പേരാണ് വാഗ്നർ. 25,000 ത്തോളം പേർ വരുന്ന സൈനിക ശേഷിയുള്ള വാഗ്നർ ഗ്രൂപ്പ് വാർത്തകളിൽ ഇടംനേടുന്നത് 2014ൽ യുക്രെയ്‌നിൽ നിന്ന് ക്രൈമിയ പിടിച്ചെടുക്കുമ്പോഴാണ്. പിന്നീട് ഇതുവരെ യുദ്ധത്തിൽ സജീവമായി വാഗ്നർ ഗ്രൂപ്പുണ്ട്. റഷ്യയ്ക്ക് വേണ്ടി മാത്രമല്ല, സിറിയ, ലിബിയ, മാലി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സുഡാൻ, മൊസാംബിക് എന്നീ രാജ്യങ്ങളിലും കൂലി പട്ടാളമായി പ്രവർത്തിച്ചിട്ടുണ്ട്.

റഷ്യൻ ഭരണകൂടവുമായുള്ള സ്വരചേർച്ച

കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പുടിനെ നടുക്കിയ തിരിച്ചടിയുണ്ടായത്. വാഗ്‌നർ ഗ്രൂപ്പിലെ സായുധസംഘത്തിനെതിരെ റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തിയെന്നുള്ള ആരോപണമുന്നയിച്ചാണ് പ്രിഗോഷിൻ റഷ്യൻ ഭരണകൂടത്തിനെതിരെ തിരിയുന്നത്. നീക്കത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രിഗോഷിൻ തിരിച്ചടിക്കുമെന്നുള്ള പ്രതിജ്ഞയും എടുത്തിരുന്നു. ഇതിനായി തങ്ങളുടെ സായുധ സംഘത്തിനൊപ്പം ചേരാനും രാജ്യത്തെ സൈനീക നേതൃത്വത്തെ ശിക്ഷിക്കാനും ജനങ്ങളോട് പ്രിഗോഷിൻ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സൈനിക നേതൃത്വത്തിൽ പ്രിഗോഷിൻ നേരത്തെ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് തെക്കൻ നഗരങ്ങൾ പിടിച്ചടക്കിക്കൊണ്ട് മോസ്‌കോയിലേക്ക് നീങ്ങുകയായിരുന്നു വാഗ്നർ സൈനികർ. റഷ്യൻ മിസൈൽ ആക്രമണത്തിൽ ഗ്രൂപ്പിന്റെ 2500 ഓളം സൈനികർ കൊല്ലപ്പെട്ടുവെന്നും യുദ്ധത്തിന് വേണ്ട ആയുധങ്ങൾ തരാതെ ഒറ്റപ്പെടുത്തുകയാണെന്നും പ്രിഗോഷിൻ കുറ്റപ്പെടുത്തി. പുടിനെതിരെയുള്ള ഈ അപ്രതീക്ഷിത നീക്കം അദ്ദേഹത്തെ വളരെയധികം അസ്വാരസ്യപ്പെടുത്തിയിരുന്നു. തുടർന്ന് പുടിന്റെ മറ്റൊരു വിശ്വസ്തനായ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കൊയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രിഗോഷിനും സംഘവും അട്ടിമറിയിൽ നിന്ന് പിൻമാറിയത്.

ഇനിയെന്ത്?

റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 2,175 യൂറോയാണ് (ഏകദേശം 1.9ലക്ഷം) വാഗ്നർ സൈനികരുടെ പ്രതിമാസ ശമ്പളം. നിർബന്ധിത സൈനിക സേവനത്തിനുശേഷം ജോലിയൊന്നും ലഭിക്കാത്തവർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ക്രിമിനൽ പശ്ചാത്തലമുള്ളവരെല്ലാം ഈ  റിക്രൂട്ട്മന്റെിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ആറുമാസം യുദ്ധത്തിൽ പങ്കാളിയായതിനുശേഷം ജീവിച്ചിരിപ്പുണ്ടെങ്കിൽ ജയിലിൽ നിന്നും മോചിതരാക്കും എന്ന പ്രഖ്യാപനം പ്രിഗോഷിൻ നടത്തിയതിനെ തുടർന്ന് ഒരുപാട് കുറ്റവാളികൾ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. വാഗ്നർ ഗ്രൂപ്പിന്റെ അംഗസംഖ്യ കൂടുന്നത് റഷ്യൻ ഭരണകൂടത്തിന് എപ്പോൾ വേണമെങ്കിലും തലവേദന സൃഷ്ടിച്ചേക്കാം. ഒരു കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുള്ള വാഗ്നർ ഗ്രൂപ്പിന്റെ ആസ്ഥാനം സെന്റ് പീറ്റേർസ് ബർഗിലാണ്. ദക്ഷിണ റഷ്യൻ മേഖലയിലെ മോൽക്കിനോയിലാണ് ഗ്രൂപ്പിന്റെ ട്രെയിനിങ് ബേസ്.


#Daily
Leave a comment