
ഓണ്‍ലൈന്‍ തട്ടിപ്പിനായി യുവാക്കളെ വിദേശത്തേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്, മുഖ്യ പ്രതി പിടിയില്‍
ഓണ്‍ലൈന്‍ തട്ടിപ്പിനായി യുവാക്കളെ വിദേശത്തേക്ക് കടത്തുന്ന സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെള്ളിമണ്‍ സ്വദേശി പ്രവീണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി യുവാക്കളെ വിദേശത്തേക്ക് കടത്തുന്നതിനുള്ള ഏജന്റായാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ആളുകളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ശേഖരിച്ച് പണം തട്ടിയെടുക്കാനാണ് യുവാക്കളെ ഇവര്‍ വിദേശത്തേക്ക് കൊണ്ടുപോകുന്നത്.
ആറുമാസത്തിനുള്ളില്‍ കടത്തിയത് പതിനെട്ട് പേരെ
വിയറ്റ്‌നാമിലെ പരസ്യ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് യുവാക്കളെ എത്തിക്കുകയാണ് ഈ സംഘം. വിസ ആവശ്യങ്ങള്‍ക്കെന്ന വ്യാജേന രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ഒരാളില്‍ നിന്നും ഇവര്‍ കൈപ്പറ്റുന്നത്. വിയറ്റ്‌നാമില്‍ എത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിര്‍ത്തിയോട് ചേര്‍ന്നാണ് താമസിപ്പിക്കുന്നത്. പാസ്‌പോര്‍ട്ടും മൊബൈല്‍ഫോണുമെല്ലാം വാങ്ങിവച്ച് ഇവരെ അതിര്‍ത്തി കടത്തി കംബോഡിയയില്‍ എത്തിക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലെ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടിയെടുക്കാനാണ് ഈ ആളുകള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. തട്ടിപ്പിനിരയായി കംബോഡിയയില്‍ നിന്ന് തിരിച്ചെത്തിയ വ്യക്തി നല്‍കിയ പരാതിയിലാണ് പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് സംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.