TMJ
searchnav-menu
post-thumbnail

PHOTO: UNICEF

TMJ Daily

കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ അഫ്ഗാനിസ്ഥാന്‍ മുന്‍പന്തിയിലെന്ന് റിപ്പോര്‍ട്ടുകള്‍

01 Jul 2023   |   2 min Read
TMJ News Desk

ഭീകര സംഘടനയായ താലിബാന്‍, അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിനുശേഷം ജനജീവിതം വളരെ ദുസ്സഹമായിരുന്നു. അതില്‍ത്തന്നെ കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ ലോകത്തില്‍ ഏറ്റവും പിന്നില്‍ എത്തിയിരിക്കുകയാണ് രാജ്യം. സന്നദ്ധസംഘടനയായ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍ 193 രാജ്യങ്ങളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ സര്‍വെ റിപ്പോര്‍ട്ടിലാണ് അഫ്ഗാനിസ്ഥാന്റെ കുട്ടികള്‍ക്കെതിരെയുള്ള അവകാശ ലംഘനത്തെ വ്യക്തമാക്കുന്നത്. ജീവിതശൈലി, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം, പ്രാപ്തനാക്കുന്ന സാഹചര്യം എന്നീ അഞ്ചു ഘടകങ്ങളെ ആസ്പദമാക്കിയാണ് സര്‍വെ സംഘടിപ്പിച്ചത്. സുഡാന്‍, യുക്രൈന്‍ യുദ്ധങ്ങള്‍, നിരവധി പാരിസ്ഥിതിക ദുരന്തങ്ങള്‍ എന്നിവ മൂലം റിപ്പോര്‍ട്ട് ഭയാനകമായിരിക്കുമെന്ന് എല്ലാ രാജ്യങ്ങള്‍ക്കും ഫൗണ്ടേഷന്‍ സ്ഥാപകന്‍ മാര്‍ക്ക് ഡുള്ളര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫൗണ്ടേഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ 191-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. ഭരണത്തിലെത്തിയശേഷം താലിബാന്‍ പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും നിഷേധിച്ചിരുന്നു.

താലിബാന്‍ ഭരണം

20 വര്‍ഷം അമേരിക്കന്‍ സൈന്യത്തിനെതിരെയുള്ള കലാപത്തിനുശേഷം 2021 ലാണ് താലിബാന്‍, അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുക്കുന്നത്. തകര്‍ച്ചയിലായിരുന്ന രാജ്യം പടുകുഴിയിലേക്ക് വീഴുന്നതിന് തുല്യമായിരുന്നു ഭരണമാറ്റം. ഭക്ഷ്യക്ഷാമം, പലായനം, മനുഷ്യാവകാശ ലംഘനങ്ങള്‍, സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കല്‍ മുതലായവ രാജ്യത്ത് അരങ്ങേറി. ഉയര്‍ന്ന ശൈശവ വിവാഹവും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വില്‍ക്കുന്ന അവസ്ഥയും നിലനില്‍ക്കുന്നു. ക്വറ്റ ശൂറ എന്നറിയപ്പെടുന്ന നേതൃത്വ സമിതിയാണ് താലിബാന്‍ ഭരണം നിയന്ത്രിക്കുന്നത്. മൗലവി ഹിബത്തുള്ള അഖുന്ദസാദയാണ് അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ പരമോന്നത നേതാവ്. കാണ്ഡഹാര്‍ തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലിബാന്‍ 1990 കളിലാണ് രൂപപ്പെടുന്നത്. മുല്ലാഹ് മുഹമ്മദ് ഒമറായിരുന്നു സ്ഥാപക നേതാവ്. അല്‍-ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തുന്ന താലിബാന്‍, ഭരണം പിടിച്ചെടുക്കുന്നതോടെ അഫ്ഗാനിസ്ഥാന്‍ ഭീകരവാദത്തിന്റെ താവളമായി മാറുമോ എന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവച്ചിരുന്നു.

കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍

നെതര്‍ലാന്റ്സിലെ ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് കിഡ്സ് റൈറ്റസ്. ലോകമെമ്പാടുമുള്ള ദുര്‍ബലരായ കുട്ടികളുടെ ക്ഷേമവും അവരുടെ അവകാശ സാക്ഷാത്കാരത്തിനായി വാദിക്കുകയും ചെയ്യുന്നതിന് സംഘടന പ്രാധാന്യം നല്‍കുന്നു. കുട്ടികളെ 'മാറ്റം വരുത്തുന്നവരായും' അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും സംഘടന വിശ്വസിക്കുന്നു. ആഗോളതലത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍, രാജ്യങ്ങള്‍ എങ്ങനെയാണ് പാലിക്കുന്നതെന്ന് തെളിയിക്കുന്ന ഒരേയൊരു റാങ്കിങ് ഇവരുടെതാണെന്നും ഫൗണ്ടേഷന്‍ അവകാശപ്പെടുന്നു. മാര്‍ക്ക് ഡുള്ളര്‍ട്ടും ഇങ്കെ ഇക്കിങ്കും ചേര്‍ന്ന് 2003 ലാണ് സംഘടന സ്ഥാപിക്കുന്നത്. കുട്ടികളുടെ അവകാശത്തിനായി പോരാടുന്ന ഒരു കുട്ടിക്ക് വര്‍ഷാവര്‍ഷം ദി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് എന്ന അവാര്‍ഡും നല്‍കി വരുന്നു.

അവകാശങ്ങള്‍ അവതാളത്തില്‍

പല രാജ്യങ്ങളിലും കുട്ടികളുടെ മരണനിരക്ക് ഉയര്‍ന്നു വരുകയും ബാലവേല മൂന്നിരട്ടിയായി കൂടിയതായും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ലോകത്തില്‍ നാലില്‍ ഒരു കുട്ടി ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2021 ന് ശേഷം രാജ്യത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ആറാം ക്ലാസ്സായി താലിബാന്‍ പരിമിതപ്പെടുത്തിയിരുന്നു. കൂടാതെ യൂണിവേഴ്സിറ്റികള്‍, ജോലി സ്ഥലങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ വിലക്കുണ്ട്. ഇത്തരം നയങ്ങളെല്ലാം സൂചികയില്‍ രാജ്യത്തിന്റെ സ്ഥാനം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. വര്‍ഷത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 115-ാം മതാണ്. റിപ്പോര്‍ട്ടിന്റെ 11-ാം പതിപ്പാണ് ഈ വര്‍ഷം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


#Daily
Leave a comment