IMAGE | WIKI COMMONS
പുഞ്ചിരിമട്ടത്ത് രക്ഷാപ്രവര്‍ത്തനം; വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാന്‍ സാധിക്കുന്നില്ല
വയനാട് ഉരുള്‍പൊട്ടലിന്റെ ഉത്ഭവകേന്ദ്രമായി കണക്കാക്കുന്ന പുഞ്ചിരിമട്ടത്ത് തിരച്ചില്‍ തുടരുന്നു. ദുരന്ത ഭൂമിയിലുണ്ടായിരുന്ന നാല്‍പതോളം വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരങ്ങളും പാറക്കെട്ടുകളും അടിഞ്ഞുകൂടിയ നിലയിലാണ് പ്രദേശം. ഹിറ്റാച്ചികള്‍ ഉപയോഗിച്ച് ഇവ നീക്കം ചെയ്ത് തിരച്ചില്‍ തുടരാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
പുഞ്ചിരിമട്ടത്ത് വീടുകള്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്ന സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് നിന്നും നാല്‍പ്പതിലധികം പേരെ കാണാതായെന്നാണ് വിവരം. വീടുകളുടെ മേല്‍ക്കൂരകള്‍ കല്ലും മണ്ണും വന്ന് മൂടി മറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. ഹിറ്റാച്ചികള്‍ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുണ്ടക്കൈയില്‍ നിന്നും ചൂരല്‍മലയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ എണ്ണായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടെന്നാണ് വിവരം.