
PHOTO | WIKI COMMONS
ധനനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്; പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല, യുപിഐ വഴി പണനിക്ഷേപം ഉടന്‍
പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ ധനനയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശനിരക്കില്‍ ഇത്തവണയും മാറ്റമില്ല. കഴിഞ്ഞ ആറ് ധനനയത്തിലും പലിശനിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റിപ്പോ.
2022 ഏപ്രിലില്‍ റിപ്പോ നിരക്ക് നാല് ശതമാനമായിരുന്നു. പിന്നീട് 2022 മെയ്-2023 ഫെബ്രുവരി കാലയളവില്‍ ആറുതവണയായി നിരക്ക് ഉയര്‍ത്തി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച ഏഴ് ശതമാനമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
ഇന്റര്‍നെറ്റ് ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ക്കുള്ള സംവിധാനമായ യുപിഐ ഉപയോഗിച്ച് ബാങ്കുകളില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യം ഉടന്‍ നടപ്പിലാക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രപഖ്യാപിച്ചു. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കാനുള്ള സൗകര്യം മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. യുപിഐ ജനപ്രീതിയും സ്വീകാര്യതയും കണക്കിലെടുത്താണ് തീരുമാനമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.