
അരവിന്ദ് കെജ്‌രിവാളിന്റെ രാജി ഇന്ന്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് രാജി വയ്ക്കും. വൈകുന്നേരം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന എംഎല്‍എമാരുടെ യോഗത്തില്‍ തീരുമാനമാകും. ഇന്ന് ആംആദ്മി പാര്‍ട്ടിയ്ക്ക് നിര്‍ണായക ദിനം തന്നെയാണ്. ഇന്നലെ കൂടിയ പതിനൊന്ന് അംഗ രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ ഓരോ അംഗങ്ങളുടെയും നിലവിലെ മന്ത്രിമാരുടെയും അഭിപ്രായം കെജ്‌രിവാള്‍ നേരിട്ട് തേടിയിരുന്നു, സമിതി യോഗത്തിലെ തീരുമാനം എന്തെന്ന് ഇന്ന് എംഎല്‍എമാരെ കെജ്‌രിവാള്‍ അറിയിക്കും. തുടര്‍ന്ന് ഓരോ എംഎല്‍എമാരുടെയും അഭിപ്രായം തേടി പുതിയ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി എത്താനാണ് കൂടുതല്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട്. കാരണം കൂടുതല്‍ നേതാക്കളും നിര്‍ദ്ദേശിച്ചത് അതിഷിയുടെ പേരാണ്. അരവിന്ദ് കെജ്രിവാള്‍ ഇന്നലെ കണ്ട നേതാക്കളില്‍ കൂടുതല്‍ പേര്‍ക്കും അതിഷി മുഖ്യമന്ത്രിയാകുന്നതിനോട് യോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുനിത കെജ്‌രിവാളിന്റെ പേര് കെജ്‌രിവാള്‍ തന്നെ നിരാകരിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്. മാത്രമല്ല എംഎല്‍എമാരില്‍ നിന്നും പേര് നിര്‍ദ്ദേശിക്കാനാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടതെന്നും സൂചനയുണ്ട്. ഇതിനിടയില്‍ മന്ത്രിസഭയില്‍ രണ്ട് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചര്‍ച്ചയില്‍ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് അതിഷി, കൈലാഷ് ഗലോട്ട്, ഗോപാല്‍ റായി എന്നീ നേതാക്കളുടെ പേരുകളാണ് ഉയരുന്നത്. വനിത എന്നതിലുപരി ഭരണരംഗത്ത് തിളങ്ങിയതും അതിഷിയെ സഹായിക്കുന്ന ഘടകങ്ങളാണ്. പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഗോപാല്‍ റായി. കേജ്രിവാളിന്റെ വിശ്വസ്തന്‍ എന്നതും മറ്റൊരു അനുകൂല ഘടകമാണ്. ജാട്ട് സമുദായത്തിലെ സ്വീകാര്യതയും രാഷ്ട്രീയത്തിലെ ദീര്‍ഘ പരിചയസമ്പത്തും കൈലാഷ് ഗലോട്ടിന് സഹായകമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ഡെപ്യൂട്ടി സ്പീക്കറും പട്ടിക വിഭാഗ നേതാവുമായ രാഖി ബിര്‍ലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
കെജ്‌രിവാള്‍ രാജി വയ്ക്കുന്നതിനെ പാര്‍ട്ടിയിലെ ഒരു പക്ഷം നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇവര്‍ ഭാര്യ സുനിതയുടെ പേരാണ് ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ സുനിതയെ മുഖ്യമന്ത്രിയാക്കിയാല്‍ അത് കുടുംബവാഴ്ച്ച എന്ന രാഷ്ട്രീയ പ്രചാരണത്തിന് ബിജെപിയെ സഹായിക്കും എന്നാണ് പാര്‍ട്ടി കരുതുന്നത്. കെജ്‌രിവാളിന്റെ രാജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനവും നിര്‍ണ്ണായകമായിരിക്കും.