
റസ്റ്റോറന്റുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല; ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിക്കുന്നു: ഡല്‍ഹി ഹൈക്കോടതി
സര്‍വീസ് ചാര്‍ജുകള്‍ അല്ലെങ്കില്‍ ടിപ്പുകള്‍ ഉപഭോക്താവ് സ്വമേധയാ നല്‍കുന്നതാണെന്നും അവയെ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നിര്‍ബന്ധമാക്കാന്‍ പറ്റില്ലെന്നും ഡല്‍ഹി ഹൈക്കോടതി വിധിച്ചു.
നിര്‍ബന്ധപൂര്‍വം സര്‍വീസ് ചാര്‍ജുകള്‍ വാങ്ങുന്നത് ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവരുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് പറഞ്ഞു.
ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഭക്ഷണ ബില്ലുകളിലൂടെ ഓട്ടോമാറ്റിക്കായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞു കൊണ്ടുള്ള 2022ലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്ത് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എന്‍ആര്‍എഐ) നല്‍കിയ ഹര്‍ജി കോടതി തള്ളി.
ഹോട്ടലുകള്‍ അല്ലെങ്കില്‍ റെസ്റ്റോറന്റുകള്‍ ഭക്ഷണ ബില്ലില്‍ ഓട്ടോമാറ്റിക്കായി അല്ലെങ്കില്‍ ഡിഫോള്‍ട്ടായി സര്‍വീസ് ചാര്‍ജ് ചേര്‍ക്കാന്‍ പാടില്ലെന്ന് അതോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മറ്റേതെങ്കിലും പേരില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ഏതെങ്കിലും ഹോട്ടലുകള്‍ അല്ലെങ്കില്‍ റസ്റ്റോറന്റുകള്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ ഉപഭോക്താവിന് ആവശ്യപ്പെടാം. കൂടാതെ, ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈനില്‍ പരാതി നല്‍കുകയും ചെയ്യാം.
അതോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ റെസ്റ്റോറന്റുകളും പാലിക്കണമെന്നും എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു.
അതോറിറ്റി വെറുമൊരു നിര്‍ദ്ദേശക അല്ലെങ്കില്‍ ഉപഭോക്തൃ സംവിധാനം അല്ലെന്നും ഉപഭോക്താവിന്റെ താല്‍പര്യത്തെ സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള അധികാരമുണ്ടെന്നും കോടതി വിലയിരുത്തി.