
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതൊരു അപൂര്‍വത്തില്‍ അപൂര്‍വമായ കേസ് ആണെന്ന് വിധി പറഞ്ഞ സെഷന്‍സ് കോടതി ജഡ്ജി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 9ന് ബിരുദാനന്തര ബിരുദ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ റോയ് കുറ്റക്കാരനാണെന്ന് ഈ മാസം 18ന് കോടതി അഡീഷണല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസ് വിധിച്ചിരുന്നു.
സിവിക് പൊലീസ് വോളന്റിയറായ റോയിക്കുമേല്‍ ചുമത്തിയിരുന്ന കുറ്റങ്ങളില്‍ ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തവും ഏറ്റവും കൂടിയത് വധശിക്ഷയും ആണ്.
റോയിയെ വധശിക്ഷയ്ക്ക് വിധിച്ചാലും ഒരു പ്രശ്‌നവുമില്ലെന്ന് കഴിഞ്ഞ ദിവസം ഇയാളുടെ അമ്മ പറഞ്ഞിരുന്നു. അതേസമയം, സിബിഐ കേസ് നേരായ രീതിയില്‍ അന്വേഷിച്ചില്ലെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ ആരോപിച്ചു. കേസ് നേരായവിധം അന്വേഷിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പേര്‍ കേസില്‍ അറസ്റ്റിലാകുമായിരുന്നുവെന്നും ശിക്ഷിക്കപ്പെടുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.