
മുഖ്യമന്ത്രിമാരിലെ സമ്പന്നന്‍: പിണറായി 29-ാമത്; ഒന്നാമന്‍ നായിഡു
ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ സമ്പത്തിന്റെ പട്ടികയില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന് ഒന്നാം സ്ഥാനം. അദ്ദേഹത്തിന് 931.83 കോടി രൂപയുടെ ആസ്തിയുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടിയുടെ അധ്യക്ഷനായ അദ്ദേഹത്തിന്റെ ബാധ്യത 10.32 കോടി രൂപയും. അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി 1.18 കോടി രൂപയാണ്. അദ്ദേഹത്തിന് കടമില്ല. 31 മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ 29-ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്ത് വിട്ട റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരമാണിത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടേയും 3 കേന്ദ്രഭരണപ്രദേശങ്ങളുടേയും മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങളാണ് എഡിആര്‍ ക്രോഡീകരിച്ച് പുറത്തുവിട്ടത്. മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്. ഏറ്റവും പിന്നില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. 15.38 ലക്ഷം രൂപ. മമതയ്ക്കും കടബാധ്യതകളില്ല. 30-ാം സ്ഥാനത്ത് ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയാണ്, 55.24 ലക്ഷം രൂപ, കടമില്ല.
2023-24ലെ ഇന്ത്യയുടെ പ്രതിശീര്‍ഷ ദേശീയ വരുമാനം ഏകദേശം 1,85,854 രൂപയാണ്. എന്നാല്‍, മുഖ്യമന്ത്രിമാരുടെ ശരാശരി വരുമാനം 13,64,310 രൂപയാണ്. ഇന്ത്യയുടെ പ്രതിശീര്‍ഷ ദേശീയ വരുമാനത്തിന്റെ 7.3 ഇരട്ടിവരുമിത്. മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1,630 കോടി രൂപയാണ്.
പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അരുണാചല്‍പ്രദേശിലെ ബിജെപിയുടെ മുഖ്യമന്ത്രിയായ പേമ ഖണ്ഡു ആണ്. 332.56 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ ബാധ്യത 180.27 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ളത് കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധരാമയ്യയാണ്. അദ്ദേഹത്തിന് 51.93 കോടി രൂപയുടെ ആസ്തിയും 23.76 കോടി രൂപയുടെ കടവും ഉണ്ട്.
നാഗാലാന്‍ഡിലെ എന്‍ഡിപിപി മുഖ്യമന്ത്രിയായ നെയ്ഫ്യു റിയോ, മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയായ ഡോ മോഹന്‍ യാദവ്, പുതുച്ചേരിയിലെ എന്‍ആര്‍ കോണ്‍ഗ്രസിലെ എന്‍ രംഗസ്വാമി, തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡി, ജാര്‍ഖണ്ഡിലെ ജെഎംഎമ്മിലെ ഹേമന്ത് സോറന്‍, അസമിലെ ബിജെപിയുടെ ഹിമന്ത ബിശ്വശര്‍മ്മ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്. കടബാധ്യതയില്‍ ഒന്നാം സ്ഥാനത്ത് പേമ ഖണ്ഡുവാണ്. 180 കോടി രൂപയുടെ കടം. സിദ്ധരാമയ്യ രണ്ടാം സ്ഥാനത്തും നായിഡു മൂന്നാം സ്ഥാനത്തുമാണ്, യഥാക്രമം 23 കോടി രൂപയും 10 കോടി രൂപയും.