
ഇന്ത്യയില്‍ 2024ല്‍ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തില്‍ 74.4 ശതമാനം വര്‍ദ്ധനവ്
ഇന്ത്യയില്‍ 2023നെ അപേക്ഷിച്ച് 2024ല്‍ ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ പ്രസംഗം 74.4 ശതമാനം വര്‍ദ്ധിച്ചുവെന്ന് പഠനം. വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സംഘമായ ഇന്ത്യാ ഹേറ്റ് ലാബ് ആണ് ഈ പഠനം നടത്തിയത്.
കഴിഞ്ഞവര്‍ഷം മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടക്കം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ 1,165 പ്രസംഗങ്ങള്‍ നടന്നുവെന്ന് ഈ പഠനം കണ്ടെത്തി.
2023ല്‍ ഇത് 668 എണ്ണമായിരുന്നു. 2024ലെ പ്രസംഗങ്ങളില്‍ 98.5 ശതമാനവും മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. 9.9 ശതമാനം ക്രിസ്ത്യാനികളേയും ലക്ഷ്യമിട്ടു.
പതിവായി വിദ്വേഷ പ്രസംഗം നടത്തുന്നവരില്‍ 10ല്‍ ആറു പേരും രാഷ്ട്രീയക്കാരാണ്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും ഉള്‍പ്പെടുന്നു.
2024ല്‍ ആദിത്യനാഥ് 86 വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയപ്പോള്‍ 67 എണ്ണം മോദിയുടേത് ആയിരുന്നു.
2024ല്‍ ഇന്ത്യയില്‍ വിദ്വേഷ പ്രസംഗ സംഭവങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സാമൂഹ്യ മാധ്യമങ്ങളുടെ പങ്കും ഈ പഠനം വിശകലനം ചെയ്തു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ കേന്ദ്ര ഭരണപ്രദേശങ്ങളിലാണ് 931 വിദ്വേഷ പ്രസംഗങ്ങള്‍ നടന്നിട്ടുള്ളത്. രാഷ്ട്രീയ നിയന്ത്രണവും വിദ്വേഷ പ്രസംഗവും തമ്മിലെ ബന്ധം ഈ ഡാറ്റ കാണിക്കുന്നു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 234 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം നടന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. 2024ലെ 47 ശതമാനം വിദ്വേഷ പ്രസംഗവും ഈ സംസ്ഥാനങ്ങളിലാണ് നടന്നത്.