ഋഷി സുനക് | PHOTO: WIKI COMMONS
ബ്രിട്ടനില്‍ സിഗരറ്റ് നിരോധനം പ്രഖ്യാപിച്ച് ഋഷി സുനക്
പുകയില വിമുക്ത രാജ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ സിഗരറ്റ് നിരോധിക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്. കഴിഞ്ഞവര്‍ഷം ന്യൂസിലന്‍ഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടന്‍ ഒരുങ്ങുന്നതായാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വരുംതലമുറയെ പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കുകയാണ് യുകെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. 2030 ഓടെ രാജ്യത്തെ പുകയിലവിമുക്തമാക്കുകയാണ് ലക്ഷ്യം. അതിനായി പുകയില ഉപഭോക്താക്കളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറയുന്നു.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇലക്ട്രോണിക് സിഗരറ്റുകള്‍ നല്‍കുന്നതിനെയും ബ്രിട്ടന്‍ വിലക്കിയിരുന്നു. കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബ്രിട്ടനില്‍ പരമ്പരാഗത സിഗരറ്റുകള്‍ വാങ്ങുന്നതിന് നേരത്തെ തന്നെ വിലക്കുകളുണ്ട്. ഇ സിഗരറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഇ സിഗരറ്റ് നല്‍കുന്നതില്‍ നിന്ന് ചെറുകിട വ്യാപാരികളെയും ബ്രിട്ടന്‍ വിലക്കിയിരുന്നു.
കര്‍ശനമാകാത്ത നിരോധനം
2012 ല്‍ ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സിഗരറ്റിന്റെ പ്രദര്‍ശനം നിരോധിച്ചിരുന്നു. പിന്നീട് കോര്‍ണര്‍ ഷോപ്പുകള്‍, പബ്ബുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിലേക്കും പ്രദര്‍ശന നിരോധനം നീട്ടുകയായിരുന്നു. പുകവലിക്കാരില്‍ മൂന്നില്‍ രണ്ടുപേരും 18 വയസ്സിന് മുമ്പാണ് പുകവലി ആരംഭിക്കുന്നതെന്നും അതിനാല്‍ത്തന്നെ പുകയില ഉത്പന്നങ്ങളെ കാഴ്ചയില്‍ നിന്ന് മാറ്റേണ്ടത് പ്രധാനമാണെന്നുമാണ് ആക്ഷന്‍ ഓണ്‍ സ്മോക്കിംഗ് ആന്റ് ഹെല്‍ത്ത് എന്ന ക്യാമ്പെയിന്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ അന്നത്തെ നിരോധനവുമായി ബന്ധപ്പെട്ട് പറഞ്ഞത്.
ബ്രിട്ടനില്‍ പുകവലിക്കുന്ന 16 മുതല്‍ 24 വയസ്സുവരെയുള്ളവരുടെ കണക്ക് 2007 ലെ 26 ശതമാനത്തില്‍ നിന്ന് 2017 ല്‍ 17 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 1.9 ദശലക്ഷം പുകവലിക്കാരുടെ എണ്ണം കുറഞ്ഞതായാണ് അന്നത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.