TMJ
searchnav-menu
post-thumbnail

TMJ Daily

നദി മലീനീകരണം; മെക്സികോയിൽ കൗമാരക്കാരിൽ വൃക്ക, അർബുദരോഗങ്ങൾ മൂലമുള്ള മരണങ്ങൾക്ക് വർദ്ധിക്കുന്നു, 

01 Nov 2024   |   1 min Read
TMJ News Desk

മെക്സിക്കോയിലെ അറ്റോയ്ക്ക നദിയുടെ പരിസരത്ത് താമസിക്കുന്നവരുടെ ജീവന് ഭീഷണിയായി മാറുകയാണ് മലിനീകരണം. ഓട്ടോമോട്ടീവ്, ഇലക്ട്രിക്കൽ, കെമിക്കൽ, ടെക്സ്റ്റൈൽ വ്യവസായങ്ങളാണ് ഈ നദീതീരത്ത് കൂടുതലായുള്ളത്. ഇവയിൽ നിന്നുള്ള മലിനീകരണം മൂലം കഴിഞ്ഞ രണ്ട് ദശകങ്ങളായി ഈ പ്രദേശത്ത് സാമൂഹിക പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്നുവെന്ന് പഠനം. നദീമലിനീകരണം പ്രധാനമായും ബാധിക്കുന്നത് പുതുതലമുറയിലുള്ളവരെയാണ്. കൗമാരക്കാരിൽ വിവിധ രോഗങ്ങളും അതുവഴിയുള്ള മരണവും വർദ്ധിക്കുന്നതായി പഠനം പറയുന്നു.

സാമൂഹിക-ആരോ​ഗ്യ-പാരിസ്ഥിതിക അടിയന്തരാവസ്ഥയിലുള്ള മെക്സിക്കോയിലെ 30 പ്രദേശങ്ങളിൽ ഒന്നാണ് അറ്റോയോക്ക് നദീതടം. 20 വർഷത്തിലേറെയായി ഈ നദി മലിനമായാണ് ഒഴുകുന്നത്. വീടുകളിൽ നിന്നും നദികളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള മലിനജലമാണ് അറ്റോയോക്ക് നദിയുടെ ഈ അവസ്ഥയ്ക്ക് കാരണം. 

2021 മുതൽ മെക്സിക്കൻ എൻജിഓകൾ വിദ​ഗ്ധർ എന്നിവരുടെ ഒരു സംഘം അറ്റോയാക്ക് നദിയുടെ മലിനീകരണത്തിന് കാരണമാവുന്ന ബഹുരാഷ്ട്ര കമ്പനികളുടെ നടപടികളെ അപലപിച്ചിരുന്നു. ഈ കമ്പനികൾ മൂലമുണ്ടാവുന്ന മലിനീകരണം പ്രദേശത്തെ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്നതായി മെക്സിക്കൻ ​ഗവൺമെന്റിന്റെ സ്ഥാപനമായ നാഷണൽ കൗൺസിൽ ഓഫ് സയൻസ് ആന്റ് ടെക്നോളജി 2023 ഒക്ടോബറിൽ  പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. 

അറ്റോയോക്ക് നദീതീരത്ത് ജീവിക്കുന്നവരിൽ 14നും 49നും ഇടയിലുള്ളവരിൽ വൃക്ക രോഗം മൂലമുള്ള  മരണനിരക്ക് കൂടുന്നതായി റിപ്പോട്ട് പറയുന്നു. 19 വയസിന് താഴെയുള്ളവരിൽ അക്യൂട്ട് ലൂക്കീമിയ മൂലമുള്ള മരണനിരക്ക് കൂടുന്നു. ലോഹങ്ങളുടെയും ആർസെനിക്കിന്റെയും അളവ് നദിയിൽ കൂടുന്നതാണ് ഇതിന് കാരണം. ഈ മേഖലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായങ്ങളിൽ നിന്നുള്ള വിഷവസ്തുക്കളുടെയും മലിനീകരണ പ്രക്രിയകളുടെയും സമ്പർക്കം മൂലമാണ് ഇത്തരം സാഹചര്യങ്ങളുണ്ടാവുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ഓട്ടോമോട്ടീവ്, ഇലക്ട്രിക്കൽ, കെമിക്കൽ, ടെക്സ്റ്റൈൽ വ്യവസായങ്ങളാണ് ഏറ്റവും കൂടുതൽ മാലിന്യങ്ങൾ പുറന്തള്ളുന്നത്. 2011ൽ പ്രാദേശവാസികൾ മെക്സിക്കൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. 2015 മുതൽ 2017 വരെ ഫെഡറൽ എൻവയോൺമെന്റ് പ്രോസിക്യൂട്ടർ ഓഫീസ് 945 പരിശോധന സന്ദർശനങ്ങൾ നടത്തി തുടർന്ന് 27 വ്യവസായങ്ങൾ ആണ് അടച്ചുപൂട്ടിയത്.

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം അറ്റോയോക്ക് നദിയുടെ പുനരുദ്ധാരണം നടത്താമെന്ന് വാക്ക് നൽകിയിട്ടുണ്ട്. അടുത്തയിടെ സത്യപ്രതിജ്ഞ ചെയ്ത ക്ലോഡിയ സർക്കാരിന്റെ നൂറോളം വാ​ഗ്ദാനങ്ങളിൽ ഒന്നാണിത്. മുൻ കാലാവസ്ഥ ശാസ്ത്രജ്ഞ കൂടിയായ ക്ലോഡിയയ്ക്ക് തന്റെ പ്രതിജ്ഞാബന്ധത നിറവേറ്റാൻ നദിയുടെ നാശത്തിന് കാരണമാവുന്ന ബഹുരാഷ്ട്ര കമ്പനികളെ നേരിടേണ്ടി വന്നേക്കാം.


#Daily
Leave a comment