TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

കാനഡയിലെ വന്‍കവര്‍ച്ച; ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

20 Apr 2024   |   2 min Read
TMJ News Desk

രിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചകളിലൊന്നിന്റെ ചുരുളഴിച്ച് കാനഡ. ഒരു ക്രൈം ത്രില്ലറിന്റെ എല്ലാ ചേരുവകളും ചേര്‍ന്നതാണ് കാനഡയിലെ ടൊറന്റോ നഗരത്തിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അരങ്ങേറിയത്. 2023 ഏപ്രില്‍ 17-ന് നടന്ന കവര്‍ച്ചയില്‍ 22 ദശലക്ഷത്തിലധികം കനേഡിയന്‍ ഡോളറിന്റെ സ്വര്‍ണ്ണ ബാറുകളും വിദേശ കറന്‍സിയുമാണ് വിമാനത്താവളത്തിലെ സുരക്ഷിത കാര്‍ഗോ കേന്ദ്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. എയര്‍ കാനഡയിലെ മുന്‍ജീവനക്കാരനായ പരമ്പാല്‍ സിദ്ധുവും നിലവിലെ ജീവനക്കാരനായ സിമ്രാന്‍ പ്രീത് പനേസറുമാണ് പിടിയിലായ ഇന്ത്യന്‍ വംശജര്‍.  

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 17ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് എയര്‍ കാനഡ വിമാനത്തില്‍ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ കാര്‍ഗോ കണ്ടെയ്‌നറില്‍ 400 കിലോഗ്രാം ഭാരമുള്ള .9999% ശുദ്ധമായ സ്വര്‍ണ്ണത്തിന്റെ 6,600 ബാറുകളും, 2.5 ദശലക്ഷം കനേഡിയന്‍ ഡോളര്‍ മൂല്യമുളള വിദേശ കറന്‍സിയും ഉണ്ടായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ്, കാര്‍ഗോ, എയര്‍പോര്‍ട്ട് പരിസരത്തെ സ്റ്റേറേജിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നു.

പ്രതികളിലൊരാള്‍ ഓടിച്ച ട്രക്ക് വെയര്‍ ഹൗസിലേക്ക് കയറ്റുന്നതും സ്വര്‍ണക്കട്ടികളും നോട്ടുകളും നിറച്ച കണ്ടെയ്നറില്‍ കയറ്റുന്നതും നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രാത്രിയില്‍ ചരക്ക് അപ്രത്യക്ഷമായി.

ഉപയോഗിച്ചത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ 

എയര്‍ കാനഡയില്‍ ജോലി ചെയ്യുന്നവരാണ് കവര്‍ച്ചയുടെ പിന്നിലെന്ന സംശയം തുടക്കം മുതലുണ്ടായിരുന്നു. അതുമായി ബന്ധപ്പെടുത്തി ഒരുകൊല്ലം നീണ്ടുനിന്ന അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്താനായത്. കാനഡയിലും അമേരിക്കയിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കുറ്റവാളി ശൃംഖല അതോടെ പിടിയിലായി. സ്വര്‍ണ്ണവും, പണവും മോഷ്ടിക്കപ്പെട്ടതിനൊപ്പം ആയുധക്കടത്തും ഈ
ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.  
 
എയര്‍ കാനഡ ജീവനക്കാരായ സിദ്ധുവിനും പനേസറിനും വിമാനക്കമ്പനിയിലെ ജീവനക്കാരെന്ന നിലയില്‍ ലഭിക്കുന്ന വിവരങ്ങള്‍ കവര്‍ച്ച നടത്തുന്നതില്‍ നിര്‍ണായകമായിരുന്നു.  ചരക്ക് കാണാതായതിനെ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചയുടനെ അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം ആരംഭിച്ചു. മാസങ്ങള്‍ നീണ്ട നിരന്തര അന്വേഷണത്തില്‍, കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ ശൃംഖല കണ്ടെത്തി.

യുഎസ്-കാനഡ അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള പോലീസ് സേന മോഷ്ടിച്ച സ്വര്‍ണവും അനധികൃത തോക്ക് കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി. 25 കാരനായ ഡുറാന്റേ കിംഗ്-മക്ലീന്റെ അറസ്റ്റ്, യുഎസില്‍ ബ്രാംപ്ടണിലെ ക്രിമിനല്‍ ശൃംഖലകളെ വെളിപ്പെടുത്തി. സ്വര്‍ണ്ണ മോഷ്ടാക്കള്‍ തമ്മിലുള്ള ബന്ധവും തോക്കുകള്‍ കാനഡയിലേക്ക് കടത്താനുള്ള പദ്ധതിയും അതോടെ വെളിപ്പെട്ടു.  

മോഷ്ടിച്ച സ്വര്‍ണം ഉരുക്കി ആഭരണങ്ങളാക്കി രൂപംമാറ്റി അതിന്റെ ഉത്ഭവം മറച്ചുവെക്കാന്‍ ശ്രമിച്ചതിനുള്ള തെളിവുകള്‍ പോലീസ് പിടിച്ചെടുത്തു. ഒരുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ മൊത്തം ഏഴുപേരെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തത്.


#Daily
Leave a comment