
ഫുകുഷിമയില്‍ റോബോട്ട് പണി തുടങ്ങി; ഡീകമ്മീഷനിങ്ങിന് ഒരു നൂറ്റാണ്ട് കാത്തിരിക്കണം
ജപ്പാനിലെ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്ടര്‍ വൃത്തിയാക്കുന്നതിനായി റോബോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഉരുകിയ ആണവ ഇന്ധന അവശിഷ്ടങ്ങള്‍ അടിത്തട്ടില്‍ നിന്നും വേര്‍തിരിച്ച് എടുക്കാനുള്ള രണ്ടാഴ്ചത്തെ ദൗത്യം ആരംഭിച്ചു.
യൂണിറ്റ് 2 റിയാക്ടറിലുള്ള റോബോട്ടിന്റെ പ്രവര്‍ത്തനം നിര്‍ണായകമായ പ്രാരംഭ ഘട്ടമാണ്. 2011-ലെ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന മൂന്ന് റിയാക്ടറുകള്‍ക്കുള്ളിലെ ഉയര്‍ന്ന തോതിലുള്ള റേഡിയോ ആക്ടീവ് ഉരുകിയ ഇന്ധനം കൈകാര്യം ചെയ്യുന്നതിനും ആണവ നിലയ പ്ലാന്റ് ഡീകമ്മീഷന്‍ ചെയ്യുന്നതിനും വേണ്ടിയുള്ള ദശകങ്ങള്‍ നീളുന്ന പ്രക്രിയയാണ് ആരംഭിച്ചിട്ടുള്ളത്. ആണവ റിയാക്ടറിലെ കോറുകളെയും (ഒരു റിയാക്ടറിലെ ഇന്ധനം, നിയന്ത്രണ ഘടകങ്ങള്‍, റിയാക്ടര്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കേന്ദ്ര ഭാഗം) ഇന്ധന അവശിഷ്ടങ്ങളെക്കുറിച്ചും കൂടുതലറിയാന്‍ റോബോട്ട് നടത്തുന്ന പ്രവര്‍ത്തനം സഹായിക്കുമെന്ന് വിദ്ഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നു. റോബോട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു, ദൗത്യം, പ്രാധാന്യം, റിയാക്ടര്‍ ശുചീകരണത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം ആരംഭിക്കുമ്പോള്‍ എന്താണ് മുന്നിലുള്ളത് എന്നിവയെ വിലയിരുത്തുന്നത് ഇങ്ങനെയാണ്.
എന്താണ് ഇന്ധന അവശിഷ്ടങ്ങള്‍
2011 മാര്‍ച്ചില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനും സുനാമിക്കും ശേഷം റിയാക്ടര്‍ കോറുകളിലെ ആണവ ഇന്ധനം ഉരുകിയത് ഫുകുഷിമ ഡായ്ചി ആണവനിലയത്തിലെ ശീതീകരണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ കാരണമായി. ഉരുകിയ ഇന്ധനം കോറുകളില്‍ നിന്ന് താഴേക്ക് ഒഴുകുകയും സിര്‍ക്കോണിയം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഇലക്ട്രിക്കല്‍ കേബിളുകള്‍, തകര്‍ന്ന ഗ്രേറ്റുകള്‍, എന്നിവയ്ക്ക് ബലമേകുന്ന ഘടനയ്ക്ക് ചുറ്റുമുള്ള പ്രൈമറി കണ്ടെയിന്‍മെന്റ് വെസ്സല്‍സിന്റെ (താപനിലയിലോ മര്‍ദ്ദത്തിലോ വരുന്ന വ്യത്യാസം കൊണ്ടുള്ള അപകടം ഒഴിവാക്കാനുള്ള സംവിധാനം) അടിഭാഗത്തും കൂടിച്ചേര്‍ന്ന് റിയാക്ടര്‍ വസ്തുക്കളുമായി കലരുകയും ചെയ്തു.
റിയാക്ടര്‍ ഉരുകിയതിനാല്‍ ഉയര്‍ന്ന റേഡിയോ ആക്ടീവ്, ലാവ പോലുള്ള വസ്തുക്കള്‍ എല്ലാ ദിശകളിലേക്കും തെറിക്കാന്‍ കാരണമായി, ഇത് വൃത്തിയാക്കലിനെ വളരെയധികം സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങളുടെ അവസ്ഥ ഓരോ റിയാക്ടറിലും വ്യത്യസ്തമാണ്. മൂന്ന് റിയാക്ടറുകളിലായി ഏകദേശം 880 ടണ്‍ ഉരുകിയ ഇന്ധന അവശിഷ്ടങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണ് പ്ലാന്റ് കൈകാര്യം ചെയ്യുന്ന ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി ഹോള്‍ഡിംഗ്‌സ് (ടെപ്‌കോ) പറയുന്നു. എന്നാല്‍ ചില വിദഗ്ധര്‍ പറയുന്നത് ഇന്ധന അവശിഷ്ടങ്ങളുടെ അളവ് ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ്.
എന്താണ് റോബോട്ടിന്റെ ദൗത്യം
യൂണിറ്റ് 2 റിയാക്ടറിലെ പ്രൈമറി കണ്ടെയ്ന്‍മെന്റ് വെസലിലെ ഒരു പ്രവേശന കവാടത്തിലൂടെ റോബോട്ടിനെ കൈകാര്യം ചെയ്യാന്‍ തൊഴിലാളികള്‍ 1.5 മീറ്റര്‍ നീളമുള്ള (അഞ്ച് അടി നീളമുള്ള) അഞ്ച് പൈപ്പുകള്‍ ഉപയോഗിക്കും.റോബോട്ടിന് തന്നെ സ്വയമേവ പ്രൈമറി കണ്ടെയ്ന്‍മെന്റ് വെസലിലുനുള്ളില്‍ ഏകദേശം ആറ് മീറ്റര്‍ (20 അടി) നീളത്തില്‍ നീങ്ങാന്‍ കഴിയും. റോബോട്ടിനെ, പ്ലാന്റിലെ മറ്റൊരു കെട്ടിടത്തിലിരുന്നായിരിക്കും ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തനം നിയന്ത്രിക്കുക. ഉരുകിയ അവശിഷ്ടങ്ങള്‍ പുറപ്പെടുവിക്കുന്ന മാരകമായ ഉയര്‍ന്ന വികിരണം കാരണമാണിത്.
ലൈറ്റും ക്യാമറയും കൊടിലും ഘടിപ്പിച്ചതാണ് റോബോട്ടിന്റെ മുന്‍ഭാഗം. ഇതിനെ ഒരു കേബിള്‍ ഉപയോഗിച്ച് ഉരുകിയ ഇന്ധന അവശിഷ്ടങ്ങളുടെ കൂമ്പാരത്തിലേക്ക് താഴ്ത്തും. അത് അതില്‍ നിന്നും അവശിഷ്ടങ്ങളുടെ ചെറിയൊരു ഭാഗം ശേഖരിക്കുകയും ചെയ്യും - 3 ഗ്രാമില്‍ താഴെ (0.1 ഔണ്‍സ്). റേഡിയേഷന്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ് ഇത്രയും ചെറിയ അളവില്‍ ശേഖരിക്കുന്നത്-.
ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി റോബോട്ട് റിയാക്ടറില്‍ പ്രവേശിച്ച സ്ഥലത്തേക്ക് മടങ്ങും, ഇതിനായി ഏകദേശം രണ്ടാഴ്ച സമയമെടുക്കുമെന്നാണ് കണക്കാക്കുന്നത്.
ദൗത്യത്തിന് ഇത്രയധികം സമയമെടുക്കുന്നതിന് കാരണം, നേരത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ റോബോട്ടുകളുടെ പ്രവര്‍ത്തനം വഴികളില്‍ കുടുങ്ങിയോ എന്തെങ്കിലും തടസ്സങ്ങളില്‍ പെടുകയോ ചെയ്തിരുന്നു. അത് മറികടക്കാന്‍ സൂക്ഷ്മമായ നീക്കങ്ങളിലൂടെ മാത്രമേ സാധ്യമാകുകയുള്ളു.
റിയാക്ടര്‍ കെട്ടിടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നേരിടാവുന്ന റേഡിയേഷന്‍ അപകടസാധ്യത കുറയ്ക്കുന്നതിന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എട്ട്-ആറംഗ ടീമുകള്‍ മാറിമാറി വരും, ഓരോ ഗ്രൂപ്പിനും പരമാവധി 15 മിനിറ്റ് നേരമാണ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക.
ഇതില്‍ നിന്നും എന്ത് പഠിക്കാനാകും
ഉരുകിയ ഇന്ധന അവശിഷ്ടങ്ങള്‍ സാമ്പിള്‍ പരിശോധിക്കുന്നത് 'ഒരു സുപ്രധാനമായ ആദ്യപടിയാണ്'. ന്യൂക്ലിയര്‍ റെഗുലേറ്ററി കമ്മീഷനായി യു.എസ്. ത്രീ മൈല്‍ ഐലന്‍ഡ് ആണവ നിലയത്തിലെ 1979-ലെ ദുരന്തത്തിന് ശേഷം ശുചീകരണത്തിന് നേതൃത്വം നല്‍കിയ, ലേക് ബാരറ്റ് പറഞ്ഞു. ഇപ്പോള്‍ ടെപ്കോയുടെ ഫുകുഷിമ ഡീകമ്മീഷനിങ് പദ്ധതിയില്‍ പെയ്ഡ് അഡ്വൈസറായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം
ഉരുകിയ ഇന്ധന അവശിഷ്ടങ്ങള്‍ തണുപ്പിച്ച് സ്ഥിരത കൈവരിക്കുമ്പോള്‍, റിയാക്ടറുകളുടെ പ്രവര്‍ത്തനകാലം പഴകുന്തോറും അവ സുരക്ഷാ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഉരുകിയ ഇന്ധനം എത്രയും വേഗം നീക്കം ചെയ്യുകയും ദീര്‍ഘകാല സംഭരണത്തിനായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്യണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ജപ്പാന്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ അഭിപ്രായത്തില്‍, ഉരുകിയ ഇന്ധന അവശിഷ്ടങ്ങള്‍ എങ്ങനെ നീക്കം ചെയ്യാമെന്നും സംഭരിച്ചും സംസ്‌കരിക്കാമെന്നും നിര്‍ണ്ണയിക്കുക ഏറ്റവും പ്രാധാന്യമുള്ളതാണ്. 13 വര്‍ഷം മുമ്പുള്ള അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ സൂചനകളും സാമ്പിള്‍ നല്‍കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു,
ഉരുകിയ ഇന്ധന സാമ്പിള്‍ സുരക്ഷിതമായ പെട്ടികളില്‍ (കാനിസ്റ്റര്‍) സൂക്ഷിക്കുകയും കൂടുതല്‍ വിശദമായ വിശകലനത്തിനായി ഒന്നിലധികം ലബോറട്ടറികളിലേക്ക് അയയ്ക്കുകയും ചെയ്യും. സാമ്പിളിലെ റേഡിയേഷന്‍ ലെവല്‍ ഒരു നിശ്ചിത പരിധിക്ക് മുകളിലാണെങ്കില്‍, അതിനെ റോബോട്ട് തിരികെ റിയാക്ടറിലേക്ക് കൊണ്ടുപോകും.
'ഇത് ഒരു പ്രക്രിയയുടെ തുടക്കമാണ്. ഇത് നീണ്ട പാതയാണ്, ''ലേക് ബാരറ്റ് ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'ഉയര്‍ന്ന റേഡിയോ ആക്ടീവ് മെറ്റീരിയല്‍ നീക്കം ചെയ്യുക, അത് എഞ്ചിനീയറിംഗ് കാനിസ്റ്ററുകളില്‍ ഇടുക .. എന്നിട്ട് അവ സംഭരണത്തില്‍ വയ്ക്കുക എന്നതാണ് ലക്ഷ്യം.' അദ്ദേഹം വിശദമാക്കി.
ഈ ദൗത്യത്തിനായി, ഉപയോഗിക്കുന്ന റോബോട്ടിലുള്ളത് ചെറിയ കൊടിലാണ് അതിന് നിലവില്‍ അവശിഷ്ടങ്ങളുടെ മുകള്‍ പ്രതലത്തില്‍ മാത്രമേ എത്താന്‍ കഴിയൂ. ഈ പ്രവര്‍ത്തനത്തില്‍ നിന്ന് അനുഭവപരിചയം നേടുകയും അധിക ശേഷിയുള്ള റോബോട്ടുകള്‍ വികസിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ ഭാവിയില്‍ ഈ പ്രവര്‍ത്തനത്തിലെ വേഗത വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്താണ് അടുത്തത്
'ഒരു മീറ്ററിലധികം (3.3 അടി) കട്ടിയുള്ള അവശിഷ്ടങ്ങളുടെ കൂമ്പാരത്തിലാണ് പരിശോധന നടത്തേണ്ടിവരുന്നത്.' ത്രീ മൈല്‍ ഐലന്‍ഡില്‍, ഉപരിതലത്തിലെ അവശിഷ്ടങ്ങള്‍ ഉള്ളിലുള്ളവയില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഉരുകിയ അവശിഷ്ടങ്ങള്‍ നന്നായി മനസ്സിലാക്കുന്നതിനും അവ നീക്കം ചെയ്യുന്നതിനായി ശക്തമായ റോബോട്ടുകള്‍ പോലുള്ള ആവശ്യമായ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും വിവിധ സ്ഥലങ്ങളില്‍ നിന്ന് ഒന്നിലധികം സാമ്പിളുകള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യണമെന്ന് ലേക് ബാരറ്റ് പറഞ്ഞു.
വിശകലനത്തിനായി ചെറിയ സാമ്പിള്‍ ശേഖരിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉരുകിയ അവശിഷ്ടങ്ങളുടെ വലിയ കഷണങ്ങള്‍ കഷണങ്ങളായി മുറിച്ച് സുരക്ഷിതമായ സംഭരണത്തിനായി ആ മെറ്റീരിയല്‍ കാനിസ്റ്ററുകളില്‍ ഇടാന്‍ കഴിയുന്ന റോബോട്ടുകളെ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് കൂടുതല്‍ ബുദ്ധിമുട്ടുള്ള വെല്ലുവിളിയാണ്.
കേടായ മറ്റ് രണ്ട് റിയാക്ടറുകളുണ്ട്, യൂണിറ്റ് 1ഉം, യൂണിറ്റ് 3 ഉം, അവ മോശമായ അവസ്ഥയിലാണ്, അവയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇനിയും സമയമെടുക്കും. ഈ വര്‍ഷാവസാനം യൂണിറ്റ് 1 ല്‍ ചെറിയ ഡ്രോണുകള്‍ വിന്യസിക്കാന്‍ ടെപ്‌കോ ആലോചിക്കുന്നു. കൂടാതെ യൂണിറ്റ് 3 നായി അതിലും ചെറിയ 'മൈക്രോ' ഡ്രോണുകള്‍ വികസിപ്പിക്കുന്നു, അതില്‍ വലിയ അളവില്‍ വെള്ളം നിറച്ചായിരിക്കും ഉപയോഗിക്കുക.
യൂണിറ്റ് 1 ലെയും 2 ലെും മുകളിലെ നിലയിലെ അടച്ചുറപ്പില്ലാത്ത കൂളിംഗ് പൂളില്‍ നൂറുകണക്കിന് ഉപയോഗിച്ച ഫ്യൂവല്‍ റോഡുകള്‍ (ആണവറിയാക്ടറുകളിലേക്ക് ഇന്ധനം നല്‍കുന്ന സംവിധാനത്തിലെ ഭാഗം) അവശേഷിക്കുന്നു. മറ്റൊരു വലിയ ഭൂകമ്പം ഉണ്ടായാല്‍ ഇത് അപകട സാധ്യത കൂട്ടുന്നു. യൂണിറ്റ് 3-ല്‍ ഉപയോഗിച്ച ഫ്യൂവല്‍ റോഡുകള്‍ പൂര്‍ണ്ണമായും നീക്കംചെയ്തു.
ആണവ നിലയം ഡീകമ്മീഷന്‍ ചെയ്യാന്‍ എത്ര കാലമെടുക്കും
ഉരുകിയ ഇന്ധന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് 2021 അവസാനത്തോടെ ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇത് വൈകി. ഡീകമ്മീഷന്‍ ചെയ്യുന്നതിന് 30-40 വര്‍ഷമെടുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ചില വിദഗ്ധര്‍ പറയുന്നത് 100 വര്‍ഷം വരെ എടുക്കുമെന്നാണ്.
1986-ലെ പൊട്ടിത്തെറിക്ക് ശേഷം ചെര്‍ണോബിലിലെന്നപോലെ, റേഡിയേഷന്‍ അളവും നിലയത്തിലെ തൊഴിലാളികളുടെ അപകടസാധ്യതകളും കുറയ്ക്കുന്നതിന് ആണവനിലയം കുഴിച്ചുമൂടണമെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാല്‍ കടലോരമായതിനാല്‍ ഫുക്കുഷിമ പ്ലാന്റിന്റെ കാര്യത്തില്‍ ഇത് സാധ്യമാകില്ലെന്ന് ലേക് ബാരറ്റ് അഭിപ്രായപ്പെടുന്നു. ഫുക്കിഷിമ ഭൂകമ്പ സാധ്യത ഏറെയുള്ള മേഖലയിലാണ്. അത് ജലപ്രദേശത്താണ്, ആ (റിയാക്ടര്‍) കെട്ടിടങ്ങളില്‍ ധാരാളം അറിയപ്പെടാത്ത കാര്യങ്ങളുണ്ട്. അത് കുഴിച്ചിട്ട് കാത്തിരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനില്‍ 2011 മാര്‍ച്ചില്‍ വലിയ ഭൂകമ്പത്തെത്തുടര്‍ന്ന്, 15 മീറ്ററില്‍ ഉയര്‍ന്നു പൊങ്ങിയ സുനാമി തിരകളാണ് ഫുകുഷിമ റിയാക്ടറുകള്‍ അപകടത്തിലായത്. നാല് മുതല്‍ ആറ് വരെ ദിവസങ്ങളില്‍ ഉയര്‍ന്ന റേഡിയോ ആക്ടീവ് പ്രസരണം കാരണം അപകടത്തെ രാജ്യന്തര ന്യൂക്ലിയര്‍ ആന്‍ഡ് റേഡിയോളജിക്കല്‍ ഇവന്റ് സ്‌കെയിലില്‍ ലെവല്‍ 7 ആയി റേറ്റുചെയ്തു. ഫുകുഷിമയില്‍ നിന്ന് ഒഴിപ്പിച്ചവരില്‍ ദുരന്തവുമായി ബന്ധപ്പെട്ട 2313 മരണങ്ങള്‍ ഉണ്ടായതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഭൂകമ്പത്തിലോ സുനാമിയിലോ കൊല്ലപ്പെട്ട 19,500 പേര്‍ക്ക് പുറമേയാണ് ആണവനിലയ അപകടുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കപ്പെട്ടവരില്‍ ഉണ്ടായ മരണങ്ങള്‍. അപകടം സംഭവിച്ച് 13 വര്‍ഷത്തിന് ശേഷമാണ് ഉരുകിയ അവശിഷ്ടങ്ങളുടെ സാംപിള്‍ ശേഖരിച്ച് പരിശോധനാ നടപടികളുമായി നീങ്ങാനുള്ള സംവിധാനം പ്രാപ്യമായത്.