
PHOTO | WIKI COMMONS
റോഹിങ്ക്യന്‍സിനെ നിര്‍ബന്ധിത സൈനിക സേവനത്തിനായി ഉപയോഗിക്കുന്നു
ലക്ഷക്കണക്കിന് റോഹിങ്ക്യകളെ പുറത്താക്കുകയും വൃത്തിഹീനമായ ക്യാമ്പുകളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്ത മ്യാന്‍മറിലെ സൈനിക ഭരണകൂടം ഇപ്പോള്‍ യുവാക്കളെ ബലം പ്രയോഗിച്ച് റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. റാഖൈന്‍ മേഖലയില്‍ അരാകന്‍ കലാപകാരികള്‍ക്ക് എതിരായ യുദ്ധത്തിലാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ യുവാക്കളെ നിര്‍ബന്ധമായി ഉള്‍പ്പെടുത്തുന്നത്. ഡസന്‍ കണക്കിന് റോഹിങ്ക്യകള്‍ പീരങ്കികളും വ്യോമാക്രമണങ്ങളും മൂലം കൊല്ലപ്പെട്ടതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം റിക്രൂട്ട് ചെയ്യപ്പെട്ട 100 റോഹിങ്ക്യകളെയെങ്കിലും യുദ്ധത്തിന് അയച്ചതായി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐഡിപി ക്യാമ്പുകളിലുള്ള ഏഴ് റോഹിങ്ക്യകള്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ക്യാമ്പുകളില്‍ എത്തി ചെറുപ്പക്കാരെ യുദ്ധത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയും, ചേര്‍ന്നാല്‍ ഭക്ഷണവും കൂലിയും പൗരത്വവും ലഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ അവ വെറും വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു. ഇപ്പോള്‍, റിക്രൂട്ട് ചെയ്യാന്‍ സാധ്യതയുള്ളവരുടെ പുതിയ പട്ടിക സൈന്യം ആവശ്യപ്പെട്ടു. മുന്‍നിരയില്‍ നിന്ന് മടങ്ങിയെത്തിയ ആദ്യ ഗ്രൂപ്പ് നിര്‍ബന്ധിത നിയമനത്തിന് തയ്യാറല്ലെന്ന് ക്യാമ്പ് കമ്മിറ്റി അംഗം അറിയിച്ചു. അതിനാല്‍ ക്യാമ്പ് നേതാക്കള്‍ ഇപ്പോള്‍ ദരിദ്രരായ പുരുഷന്മാരെയും ജോലിയില്ലാത്തവരെയും യുദ്ധത്തിനു പോകാന്‍ പ്രേരിപ്പിക്കുകയും, അവരുടെ കുടുംബത്തെ പോറ്റാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു.
അരാകന്‍ സൈന്യത്തിനെതിരായ പോരാട്ടങ്ങളില്‍ റോഹിങ്ക്യകളെ ഉപയോഗിക്കുന്നതിലൂടെ, മ്യാന്‍മര്‍ സൈന്യം റാഖൈന്‍ ബുദ്ധ വംശജരുമായി വീണ്ടും വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കും.
മ്യാന്‍മറില്‍ സൈനിക ഭരണകൂടത്തെ അട്ടിമറിക്കാനും ഫെഡറല്‍ സംവിധാനം സൃഷ്ടിക്കാനും സ്വയംഭരണാധികാരമുള്ള രാജ്യം സൃഷ്ടിക്കാനും അരാകന്‍ സൈന്യം പോരാടുകയാണ്.
റാഖൈന്‍ സ്റ്റേറ്റില്‍ താമസിച്ചിരുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്നതിനെക്കുറിച്ച് അരാകന്‍ സൈന്യം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
അരാകന്‍ സൈന്യവുമായുള്ള സംഘര്‍ഷം ശക്തമായതോടെ അന്താരാഷ്ട്ര സഹായ വിതരണങ്ങള്‍ തടസ്സപ്പെട്ടതും അഭയാര്‍ത്ഥി ക്യാമ്പുകളിലെ ജീവിതം കൂടുതല്‍ ദുരിതമാക്കിയതും നിര്‍ബന്ധിത സൈനിക സേവനത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് മ്യാന്‍മര്‍ സൈന്യം.