TMJ
searchnav-menu
post-thumbnail

മന്ത്രി പി.രാജീവ് | PHOTO: FACEBOOK

TMJ Daily

ചട്ടം ഭേദഗതി ചെയ്തു: സംരംഭങ്ങള്‍ക്ക് കെ സ്വിഫ്റ്റ് വഴി താല്‍ക്കാലിക കെട്ടിട നമ്പര്‍

10 Nov 2023   |   2 min Read
TMJ News Desk

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ കെ സ്വിഫ്റ്റ് വഴി താല്‍ക്കാലിക കെട്ടിട നമ്പര്‍ അനുവദിക്കും. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായസ്ഥാപനങ്ങളും സുഗമമാക്കല്‍ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. കെ സ്വിഫ്റ്റ് മുഖേന വ്യവസായ സംരംഭത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തില്‍ രേഖപ്പെടുത്തിയ നമ്പര്‍, താല്‍ക്കാലിക കെട്ടിട നമ്പറായി പരിഗണിക്കുമെന്ന ചട്ട ഭേദഗതി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെ കൂടുതല്‍ ബലപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 

കെ.സ്വിഫ്റ്റ് അക്നോളജ്മെന്റുള്ള സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കാമെന്ന് നേരത്തെ തന്നെ വ്യവസ്ഥയുണ്ട്. മൂന്നുവര്‍ഷം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ ആവശ്യമുള്ള അനുമതികള്‍ നേടിയാല്‍ മതി.  എന്നാല്‍ വായ്പ നേടുന്നതിനുള്‍പ്പെടെ കെട്ടിടനമ്പര്‍ ആവശ്യമായതിനാല്‍ കെ സ്വിഫ്റ്റ് മുഖേന താല്‍ക്കാലിക കെട്ടിട നമ്പര്‍ അനുവദിക്കാനാണ് ചട്ട ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്യുന്നത്. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഡോ.കെ.സി സണ്ണി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ചട്ട ഭേദഗതി. തദ്ദേശ സ്വയം ഭരണവകുപ്പും വ്യവസായവകുപ്പും സണ്ണി കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിജ്ഞാപനം. കൈപ്പറ്റ് സാക്ഷ്യപത്രത്തിലെ നമ്പറായിരിക്കും അതിന്റെ കാലാവധിവരെ താല്‍ക്കാലിക കെട്ടിടനമ്പര്‍. മൂന്നുവര്‍ഷത്തിനുള്ളില്‍ സ്ഥിരനമ്പര്‍ നേടിയാല്‍ മതിയാകും.

അമ്പതുലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ സംയോജിത ലൈസന്‍സ് നല്‍കും. സംരംഭകര്‍ക്കുള്ള പരാതി പരിഹാര സംവിധാനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എം എസ് എം ഇ വ്യവസായം ആരംഭിക്കുന്നതിനും നടത്തികൊണ്ടു പോകുന്നതിനുമുള്ള സേവനങ്ങളെ സംബന്ധിച്ച പരാതി ലഭിച്ചാല്‍ മുപ്പതുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുന്നതിനും ഇത് പതിനഞ്ചു ദിവസത്തിനുള്ളില്‍ നടപ്പിലാക്കുന്നതിനുമുള്ള വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്നതാണ് പരാതിപരിഹാര സംവിധാനം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. 

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. പൂര്‍ണമായും ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലേക്ക് സംരംഭകരില്‍നിന്ന് പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പുവരുത്തും. പരിഹാരം നിര്‍ദേശിച്ചശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയില്‍ പിഴ ഒടുക്കണം. പരമാവധി 10,000 രൂപവരെ ഇത്തരത്തില്‍ പിഴ ഈടാക്കാനാകും. 17 വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് പരിഹാരം ഉണ്ടാവുക. ഏകീകൃത പരിശോധനാസംവിധാനമായ കെ. സിസ് - ഉം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.


#Daily
Leave a comment