TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്നിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

29 Apr 2025   |   1 min Read
TMJ News Desk

ണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും നേടിയ വിജയത്തിന്റെ 80ആം വാർഷികത്തോടനുബന്ധിച്ച് യുക്രെയ്നുമായുള്ള യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. മെയ് 8 മുതൽ 10 വരെയാണ് വെടിനിർത്തൽ ഉണ്ടായിരിക്കുക. റഷ്യയുടെ ആവശ്യം യുദ്ധം തുടരുകയാണെന്ന് യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും നിരന്തരം ആരോപിക്കുന്നതിനിടയിലാണ് പുടിന്റെ നീക്കം.

ഈസ്റ്റർ ദിനത്തിലും റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ചെറിയ കാലയളവിൽ റഷ്യയുടെ രണ്ടാമത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപനമാണ് നിലവിൽ വരുന്നത്. യൂറോപ്യൻ സഖ്യകക്ഷികളുടെ ആരോപണങ്ങൾക്ക് വിരുദ്ധമായാണ് റഷ്യയുടെ നീക്കം. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനും വേണ്ടിയാണെന്ന പ്രതീതിയാണ് റഷ്യൻ നീക്കങ്ങൾ സൃഷ്ടിക്കുന്നത്. നാസി ജർമനിയെ കീഴടക്കിയ സോവിയറ്റ് മുന്നേറ്റത്തിന്റെ അനുസ്മരണ ആഘോഷവേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള പല ലോകനേതാക്കളും പങ്കെടുക്കും.

താത്കാലിക വെടിനിർത്തൽ അല്ലാതെ പൂർണമായ യുദ്ധവിരാമമാണ് വേണ്ടതെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു. കുറഞ്ഞത് 30 ദിവസത്തേക്കെങ്കിലും വെടിനിർത്തലുണ്ടായാൽ അത് സമാധാന ചർച്ചകളിലേക്കും യുദ്ധവിരാമത്തിലേക്കും നയിക്കുമെന്നും, എന്ത് കൊണ്ടാണ് പുടിൻ അതിന് തയ്യാറാവാത്തതെന്നും യുക്രെയ്ൻ ചോദ്യം ചെയ്തു. വെടിനിർത്തലിന് മെയ് എട്ട് വരെ കാത്തിരിക്കണമെന്നും, ആഘോഷവേളയിലെ പരേഡിനിടയിൽ പുടിന് സമാധാനം ലഭിക്കാൻ വേണ്ടിയാണ് വെടിനിർത്തലെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി പറഞ്ഞു. ആളുകളുടെ ജീവനാണ് തങ്ങൾ വിലകല്പിക്കുന്നതെന്നും, പരേഡുകൾക്കല്ലെന്നും സെലെൻസ്കി അഭിപ്രായപ്പെട്ടു.





 

#Daily
Leave a comment