TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്‌നില്‍ ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ വെയര്‍ഹൗസ് റഷ്യ തകര്‍ത്തു

13 Apr 2025   |   1 min Read
TMJ News Desk

യുക്രെയ്‌നിലെ ഇന്ത്യന്‍ ഫാര്‍മ കമ്പനിയുടെ വെയര്‍ഹൗസിനുനേരെ റഷ്യയുടെ മിസൈലാക്രണം. ഡല്‍ഹിയിലെ യുക്രെയ്‌ന്റെ നയതന്ത്ര കാര്യാലയമാണ് ഇത് അറിയിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള മരുന്നാണ് റഷ്യ ഇന്നലെ നശിപ്പിച്ചതെന്ന് യുക്രെയ്ന്‍ പറയുന്നു. ഇന്ത്യയുമായി പ്രത്യേക സൗഹൃദമുണ്ടെന്ന് അവകാശപ്പെടുന്ന റഷ്യ ബോധപൂര്‍വ്വം ഇന്ത്യന്‍ ബിസിനസുകളെ ലക്ഷ്യമിടുന്നുവെന്നും കാര്യാലയം ആരോപിച്ചു.

ഇന്ത്യന്‍ കമ്പനിയായ കുസുമിന്റെ വെയര്‍ഹൗസാണ് റഷ്യന്‍ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

റഷ്യ കീവിലെ പ്രധാനപ്പെട്ട മരുന്ന് കമ്പനിയുടെ വെയര്‍ഹൗസ് നശിപ്പിച്ചുവെന്ന് നേരത്തെ യുകെയുടെ യുക്രെയ്‌നിലെ അംബാസിഡര്‍ മാര്‍ട്ടിന്‍ ഹാരിസ് പറഞ്ഞിരുന്നു. റഷ്യയുടെ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ സാധാരണക്കാരുടെ നേര്‍ക്കുള്ള റഷ്യയുടെ ഭീകരാക്രമണം തുടരുന്നുവെന്നും മാര്‍ട്ടിന്‍ എക്‌സില്‍ കുറിച്ചു.

യുക്രെയ്ന്‍ അടക്കം 29 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കുസും ഹെല്‍ത്ത്‌കെയറിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തലിനുവേണ്ടി യുഎസ് സമ്മര്‍ദ്ദം ചെലുത്തുമ്പോഴും റഷ്യ യുക്രെയ്‌നില്‍ ആക്രമണം തുടരുകയാണ്.

യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വെള്ളിയാഴ്ച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.





 

#Daily
Leave a comment