PHOTO: PTI
യുക്രൈനില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ; 30 മരണം
യുക്രൈനില്‍ വ്യോമാക്രമണം ശക്തമാക്കി റഷ്യ. വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഒരിടവേളയ്ക്കു ശേഷമാണ് റഷ്യ കനത്ത വ്യോമാക്രമണം നടത്തിയിരിക്കുന്നത്.
അധിനിവേശം ആരംഭിച്ചശേഷം റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്ന് യുക്രൈന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒറ്റ രാത്രിയില്‍ നിരവധി നഗരങ്ങളാണ് ആക്രമിക്കപ്പെട്ടത്. കീവ്, ഒഡേസ, ഖാര്‍കീവ്, ലിവിവ് നഗരങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്.
ഹൈപ്പര്‍ സോണിക്, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്നും 114 മിസൈലുകള്‍ വെടിവച്ചിട്ടതായും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളും വ്യാവസായിക സൈനിക സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കരസേന മേധാവി ജനറല്‍ വലേരി സരുഷ്‌നി അറിയിച്ചു. സ്‌കൂളുകള്‍, ആശുപത്രി, ഷോപ്പിംഗ് സെന്ററുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവയ്ക്ക് നേരെയാണ് വിവേചനരഹിതമായ ആക്രമണം നടന്നതെന്ന് യുക്രൈന്‍ അധികൃതര്‍ വ്യക്തമാക്കി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഷോപ്പിങ് കോംപ്ലക്‌സുകളിലും ജനവാസ മേഖലകളിലുമടക്കം മിസൈലുകള്‍ പതിച്ചത് ആക്രമണത്തിന്റെ തീവ്രത ഉയര്‍ത്തി.
ലിവിവില്‍ 15 മിസൈലുകളും വടക്ക് കിഴക്കന്‍ നഗരമായ ഖാര്‍കീവില്‍ 20 മിസൈലുകളുമാണ് പതിച്ചത്. റഷ്യ അവരുടെ ആയുധപ്പുരയിലുള്ള ആയുധങ്ങളെല്ലാം ഉപയോഗിച്ച് തങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയതായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ക്രിമിയയില്‍ റഷ്യന്‍ യുദ്ധക്കപ്പലിനു നേരെ കഴിഞ്ഞയാഴ്ച യുക്രൈന്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പ്രത്യാക്രമണമായാണ് റഷ്യയുടെ പുതിയ വ്യോമാക്രമണം.
രണ്ടാംവര്‍ഷത്തിലേക്കു നീളുന്ന യുദ്ധം
2022 ഫെബ്രുവരി 24 നാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നുകയറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് രണ്ടുവര്‍ഷം അടുക്കുകയാണ്. യുദ്ധം യുക്രൈന് സമ്മാനിച്ചത് ഭീമമായ നഷ്ടമാണ്. 44 ദശലക്ഷം ജനസംഖ്യയുള്ള യുക്രൈനില്‍ 14 ദശലക്ഷം പേര്‍ യുദ്ധത്തിലൂടെ അഭയാര്‍ത്ഥികളായി. 1,40,000 ത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. 35 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഭൗതികസംസ്‌കൃതിയില്‍ ഉണ്ടായത്. ഇതിനുപുറമെയാണ് ആള്‍നാശം. റഷ്യയുടെ ഭാഗത്തും ഒരുലക്ഷത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഭക്ഷണം, പാര്‍പ്പിടം, ഊര്‍ജം എന്നിവയുടെ വില ഉയരാനും യുദ്ധം കാരണമായി. കോവിഡ് മൂലമുണ്ടായ ആഗോള പ്രതിസന്ധി നിലനില്‍ക്കെയാണ് യുദ്ധവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അവശ്യവസ്തുക്കളുടെ വില വര്‍ധനവിനും യുദ്ധം കാരണമായി.
നഷ്ടത്തിന്റെ നാളുകള്‍
നാറ്റോ അംഗത്വത്തിന്റെ പേരില്‍ തുടക്കം കുറിച്ച യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരെ അമേരിക്ക അടക്കമുള്ളവരുടെ പിന്തുണയോടെ യുക്രൈന്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ റഷ്യയുടെ സാമ്പത്തിക വ്യവസ്ഥയെ തന്നെയാണ് യുദ്ധം താറുമാറാക്കിയത്. അവസാന നാറ്റോ ഉച്ചകോടിയിലും അംഗത്വമെന്ന യുക്രൈന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിലും നാറ്റോ സഖ്യരാജ്യങ്ങളുടെ യുദ്ധസഹായ വാഗ്ദാനം റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കാന്‍ യുക്രൈനെ പ്രാപ്തരാക്കി.
ഇതിനിടെ യുദ്ധം റഷ്യയിലേക്കെത്തുകയാണെന്ന വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ മുന്നറിയിപ്പും ഉണ്ടായി. യുദ്ധം സാവധാനം റഷ്യന്‍ മണ്ണിലേക്കു തിരിച്ചെത്തുകയാണെന്നും റഷ്യന്‍ പ്രതീകങ്ങളായ കേന്ദ്രങ്ങളിലേക്കും സേനാതാവളങ്ങളിലേക്കും എത്തുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനിവാര്യമാണെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി നേരത്തെ പറഞ്ഞത്.