REPRESENTATIONAL IMAGE
യുക്രൈന്‍ തുറമുഖങ്ങളില്‍ ആക്രമണം ശക്തമാക്കി റഷ്യ
യുക്രൈന്‍ തുറമുഖങ്ങള്‍ക്കു നേരെ റഷ്യ ആക്രമണം ശക്തമാക്കി. കരിങ്കടല്‍ ധാന്യകയറ്റുമതി ഉടമ്പടിയില്‍ നിന്നു റഷ്യ പിന്മാറിയതിനു പിന്നാലെയാണ് ആക്രമണം. ഒഡേസയിലെ ഇന്ധന സംഭരണ കേന്ദ്രത്തിനു നേരെയും ആക്രമണം ഉണ്ടായി. മൈക്കോളൈവിലെ തുറമുഖം അഗ്നിക്കിരയായി. വടക്കു കിഴക്കന്‍ മേഖലയില്‍ സൈന്യം രണ്ടു കിലോമീറ്റര്‍ മുന്നേറിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍, റഷ്യയുടെ ആറ് മിസൈലുകളും 31 ഡ്രോണുകളും വെടിവച്ചു വീഴ്ത്തിയതായി യുക്രൈന്‍ വ്യോമസേനയും അവകാശപ്പെട്ടു.
കരാറില്‍ നിന്ന് പിന്മാറി റഷ്യ
റഷ്യയില്‍ നിന്ന് ക്രിമിയയിലേക്കുള്ള പാലം യുക്രൈന്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ തകര്‍ത്തുവെന്നാരോപിച്ചാണ് റഷ്യ ധാന്യകയറ്റുമതി ഉടമ്പടിയില്‍ നിന്ന് പിന്മാറിയത്. വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ കരാറിലേക്ക് മടങ്ങുകയുള്ളൂവെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. കരാര്‍ പ്രകാരം ആഭ്യന്തര സംഘര്‍ഷത്തില്‍ സ്തംഭിച്ച യുക്രൈന്‍ ധാന്യകയറ്റുമതി സാധ്യമാക്കി ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കുകയായിരുന്നു ലക്ഷ്യം.
റഷ്യ-യുക്രൈന്‍ ആഭ്യന്തര യുദ്ധത്തിനു ശേഷം യുക്രൈനില്‍ നിന്ന് ധാന്യക്കയറ്റുമതി പുനഃരാരംഭിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുമായും തുര്‍ക്കിയുമായുള്ള ഇടപെടലിനെ തുടര്‍ന്ന് 2022 ജൂലൈയിലാണ് ഇരു രാജ്യങ്ങളും കരാറില്‍ ഏര്‍പ്പെട്ടത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് മുതല്‍ യുക്രൈനില്‍ നിന്ന് ധാന്യകയറ്റുമതി പുനഃരാരംഭിക്കാന്‍ റഷ്യ അനുവദിച്ചിരുന്നു. കരാറുമായി സഹകരിക്കാന്‍ റഷ്യ നിശ്ചയിച്ചിരുന്ന കാലയളവ് തീരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് റഷ്യയുടെ പിന്മാറ്റം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റഷ്യ മൂന്നു തവണ കരാര്‍ നീട്ടാന്‍ സമ്മതിച്ചിരുന്നു.
കരാറില്‍ നിന്ന് റഷ്യ പിന്മാറിയതോടെ യുക്രൈന്‍ തുറമുഖങ്ങളില്‍ നിന്നു ധാന്യങ്ങളുമായുള്ള കപ്പല്‍ കരിങ്കടല്‍ കടക്കുന്നതിന് റഷ്യ സുരക്ഷ ഒരുക്കുകയില്ല. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ലോകമെമ്പാടും ആളിക്കത്തിയ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ കരാര്‍ സഹായകമായിരുന്നു. ഏകദേശം 32.9 ദശലക്ഷം മെട്രിക് ടണ്‍ ധാന്യം യുക്രൈനില്‍ നിന്ന് കയറ്റുമതി ചെയ്തു.
ചോളം, ഗോതമ്പ്, സോയബീന്‍ തുടങ്ങിയവയാണ് യുക്രൈനിലെ വിളകള്‍. യുക്രൈനില്‍ നിന്നുള്ള ധാന്യം ലോകമെമ്പാടുമുള്ള 400 ദശലക്ഷം ആളുകളുടെ വിശപ്പടക്കുന്നതായാണ് യുഎന്നിനു കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട്. ആഫ്രിക്ക, മധ്യപൂര്‍വേഷ്യ, മറ്റു വികസ്വര രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ധാന്യങ്ങള്‍ കയറ്റി അയയ്ക്കുന്നത്.
ഭീതിയില്‍ യുക്രൈന്‍
രാജ്യത്തിന്റെ തെക്കന്‍ തുറമുഖമായ ഒഡേസ, മൈക്കോളൈവ്, ഡൊനെറ്റ്‌സ്‌ക്, കെര്‍സണ്‍, സപ്പോരിജിയ, ഡിനിപ്രോപെട്രോവ്‌സ്‌ക് പ്രദേശങ്ങള്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയിലാണെന്ന് യുക്രൈന്‍ വ്യോമസേന അറിയിച്ചു. റഷ്യ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഏതു നിമിഷവും ആക്രമണം നടത്തിയേക്കാമെന്ന ആശങ്കയിലാണ് യുക്രൈന്‍. അതേസമയം, കരാറില്‍ നിന്നുള്ള റഷ്യയുടെ പിന്മാറ്റം കനത്ത പ്രഹരമാകുമെന്നും ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.