TMJ
searchnav-menu
post-thumbnail

PHOTO : WIKI COMMONS

TMJ Daily

ബെലാറൂസിൽ ആണവായുധം വിന്യസിപ്പിക്കാനൊരുങ്ങി റഷ്യ

10 Jun 2023   |   3 min Read
TMJ News Desk

യുക്രൈൻ യുദ്ധം തുടരവേ, സഖ്യരാഷ്ട്രമായ ബെലാറൂസിൽ ആണവായുധം വിന്യസിപ്പിക്കാനൊരുങ്ങി റഷ്യ. പ്രത്യേക സംഭരണ കേന്ദ്രങ്ങൾ തയ്യാറായതിനുശേഷം ജൂലൈ 7,8 തീയതികളിലായി ആണവായുധങ്ങൾ വിന്യസിപ്പിക്കാൻ തുടങ്ങുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം മോസ്‌കോയുടെ പുറത്തേക്ക് ആണവായുധങ്ങൾ മാറ്റാനുള്ള നീക്കം ഇതാദ്യമായാണ്. യുഎസും നാറ്റോ സൈനിക സഖ്യവും യുക്രൈനു പിന്തുണ അറിയിച്ചപ്പോൾ തന്നെ ബെലാറൂസിലേക്ക് തന്ത്രപ്രധാനമായ ആണവായുധങ്ങൾ മാറ്റുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രൈനിൽ റഷ്യ നടത്തുന്നത് സാമ്രാജ്യത്വ രീതിയിലുള്ള അധിനിവേശമാണെന്നും അതുകൊണ്ടുതന്നെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രൈനെ സഹായിക്കുമെന്നും നാറ്റോ രാജ്യങ്ങൾ വ്യക്തമാക്കി.

വീര്യം കുറഞ്ഞ, ഹ്രസ്വദൂര ആണവായുധങ്ങൾ സഖ്യരാജ്യമായ ബെലാറൂസിൽ സ്ഥാപിക്കുമെന്ന് പുടിൻ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. യുക്രൈന് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം നൽകുന്ന പിന്തുണയ്ക്കുള്ള മുന്നറിയിപ്പായിരുന്നു ഇത്. മെയ് മാസത്തിൽ ഇതുസംബന്ധിച്ച കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ആയുധവിന്യാസങ്ങൾക്കുശേഷം ആയുധങ്ങളുടെ നിയന്ത്രണം റഷ്യയ്ക്ക് ആയിരിക്കുമെന്നും കരാറിൽ വ്യക്തമാക്കുന്നു. 

യുക്രൈനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണിക്കു പിന്നാലെ കഴിഞ്ഞവർഷം ബെലാറൂസ്, ആണവായുധമുക്ത രാഷ്ട്രപദവി നീക്കി ഭരണഘടനാ ഭേദഗതി പാസാക്കിയിരുന്നു. ഇതോടെ റഷ്യൻ ആണവായുധങ്ങൾ ബെലാറൂസിൽ വിന്യസിക്കാനുള്ള തടസ്സം നീങ്ങി. സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് ബെലാറൂസ്, യുക്രൈൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന ആണവായുധങ്ങൾ റഷ്യയിലേക്ക് മാറ്റിയിരുന്നു. ആണവായുധ വിന്യാസത്തിനെതിരെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. പുടിന്റെ നീക്കം അമേരിക്കയും യൂറോപ്പിലെ നാറ്റോ സഖ്യകക്ഷികളും ചൈനയും നിരീക്ഷിക്കുന്നുണ്ട്.

ഡാം തകർച്ച, പലായനം ചെയ്ത് പ്രദേശവാസികൾ

ചൊവ്വാഴ്ച യുക്രൈനിലെ നോവ കഖോവ്ക ഡാം തകർന്ന് വെള്ളപ്പൊക്കം കനത്തതോടെ ജനങ്ങൾ ദുരിതത്തിലായി. ആയിരക്കണക്കിന് ആളുകളാണ് വീട് വിട്ട് രക്ഷപ്പെടുന്നത്. അണക്കെട്ട് തകർന്നത് ചുരുങ്ങിയത് 42,000 ആളുകളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുമെന്ന് യുക്രൈൻ അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കം വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തെക്കൻ യുക്രൈനിലെ ആയിരക്കണക്കിന് ആളുകൾക്ക് ജീവിതം തന്നൈ നഷ്ടമായിരിക്കുകയാണ്. കൂടാതെ, ഭക്ഷണം, വെള്ളം, ഉപജീവനമാർഗം എന്നിവയിൽ പ്രതിസന്ധി നേരിടുമെന്ന് യു.എൻ എയ്ഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത് വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ അണക്കെട്ടുകൾ ലക്ഷ്യമിടുന്നത് ജനീവ കൺവെൻഷനിൽ നിരോധിച്ചിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും പരസ്പരം പഴി ചാരുന്നതിനാൽ ആരുടെ ഭാഗത്താണ് കുറ്റമെന്ന വ്യക്തമായ തെളിവുകൾ ലഭ്യമല്ല.

റഷ്യയുടെ നിയന്ത്രണത്തിലുള്ള കെർസൺ പ്രവിശ്യയുടെ താഴ്ന്ന ഭാഗങ്ങളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും റഷ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. റഷ്യയുടെ അതിർത്തിയിൽ പെട്ട ഒരു മൃഗശാലയിലെ മുഴുവൻ മൃഗങ്ങളുടെയും ജീവൻ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടെന്ന് അധികൃതർ വെളിപ്പെടുത്തി. അതേസമയം, ദുരന്തത്തിന്റെ അനന്തരഫലങ്ങൾ യുക്രൈൻ പട്ടണങ്ങളെ സാരമായിത്തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. അണക്കെട്ടിന് പിന്നിലെ കൂറ്റൻ ജലസംഭരണി രാജ്യത്തെ പ്രധാനപ്പെട്ട ജലസ്രോതസുകളിലൊന്നായിരുന്നു. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും കൂടുതൽ ധാന്യം കയറ്റുമതി ചെയ്യുന്ന പ്രദേശങ്ങളിൽ വെള്ളം ലഭിച്ചിരുന്നത് ഈ ജലസംഭരണിയിൽ നിന്നായിരുന്നു. തുടരെയുള്ള ഈ ദുരന്തങ്ങൾ ലോകത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമാക്കുമെന്നും പറയപ്പെടുന്നു.

ഡാം തകർന്ന് ദുരിതത്തിലായി ജനങ്ങൾ

തെക്കൻ യുക്രൈനിലെ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖേഴ്സൻ പ്രവിശ്യയിലെ പ്രധാന അണക്കെട്ടാണ് തകർന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. സ്ഫോടനത്തിൽ അണക്കെട്ട് തകർന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ നോവ കഖോവ്ക അണക്കെട്ട് റഷ്യൻസേന തകർത്തതാണെന്ന് യുക്രൈൻ സൈന്യവും യുക്രൈനിന്റെ ഷെല്ലാക്രമണത്തിലാണ് തകർന്നതെന്ന് റഷ്യൻ അധികൃതരും ആരോപിക്കുന്നു.

നീപ്രോ നദിയിൽ സോവിയറ്റ് കാലത്തു നിർമിച്ച 6 അണക്കെട്ടുകളിൽ ഏറ്റവും വലുതാണിത്. 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് 1956-ൽ കഖോവ്ക ജലവൈദ്യുത നിലയത്തിന്റെ ഭാഗമായി ഡിനിപ്രോ നദിയിൽ നിർമ്മിച്ചതാണ്. ഇവിടെ നിന്നുള്ള വെള്ളമാണു യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയിൽ റിയാക്ടർ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്. 2014-ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും ഈ ഡാമിൽനിന്നാണു വെള്ളം കൊണ്ടുപോകുന്നത്. റഷ്യൻ സേന ചൊവ്വാഴ്ച പുലർച്ചെ 2.50 നു സ്ഫോടനത്തിൽ ഡാം തകർത്തുവെന്നാണ് യുക്രൈയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ ആരോപണം. അണക്കെട്ട് തകർന്നു വെള്ളം കുത്തിയൊഴുകുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടമേഖലയിൽ 16,000 ജനങ്ങൾ പാർക്കുന്നുണ്ടെന്നു ഖേഴ്സൻ ഗവർണർ വ്യക്തമാക്കി.

താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് മാറാൻ 7 ദിവസമെങ്കിലുമെടുക്കുമെന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. ആയിരക്കണക്കിനു മൃഗങ്ങൾ ചത്തൊടുങ്ങുന്നതിനു പുറമേ മേഖലയിലെ പരിസ്ഥിതി ആവാസവ്യവസ്ഥ തകിടം മറിയുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തെക്കുകിഴക്കൻ യുക്രൈനിലെയും റഷ്യയുടെയും അധീനതയിലുള്ള പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള വൻ സൈനിക നീക്കം യുക്രൈൻ ആരംഭിച്ചതിനു പിന്നാലെയാണു ഡാം തകർന്നത്. സാപൊറീഷ്യ ആണവനിലയത്തിൽ ശീതീകരണത്തിനു ബദൽ സംവിധാനം ഉള്ളതിനാൽ തൽക്കാലം പ്രശ്നമില്ലെന്ന് യുഎൻ രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. നിലവിൽ 22,273 വീടുകൾ വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. 5800 ലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.


#Daily
Leave a comment