
റഷ്യയെ സമാധാനത്തിൻറെ വഴിയിലേക്ക് നയിക്കണം; യുഎന്നിൽ ആഹ്വാനവുമായി സെലെൻസ്കി
കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന യുഎൻ കൗൺസിലിൽ റഷ്യക്കെതിരെ ശക്തമായി ആരോപണങ്ങൾ ഉന്നയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി. റഷ്യയെ സമാധാനത്തിലേക്ക് മടങ്ങാൻ മറ്റ് രാജ്യങ്ങൾ പ്രേരിപ്പിക്കണം എന്ന് സെലെൻസ്‌കി കൗൺസിലിൽ പറഞ്ഞു. യുദ്ധം നിർത്താൻ റഷ്യയെ പ്രേരിപ്പിക്കാൻ തയ്യാറാകണമെന്ന് ബ്രസീൽ, ഇന്ത്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവരോടാണ് അഭ്യർത്ഥിച്ചത്. ഈ രാജ്യങ്ങളുമായി റഷ്യക്ക് സാമ്പത്തികപരമായും നയതന്ത്രപരമായും ബന്ധമുണ്ട്. യുക്രൈനിന്റെ സംഖ്യ കക്ഷികളോട് നന്ദി പറഞ്ഞതിന് ശേഷമാണ് മറ്റ് രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചത്.
യുഎൻ സുരക്ഷ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ വ്‌ളാഡിമിർ പുടിൻ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ ലംഘിച്ചെന്നും, യുദ്ധത്തിന് സാധ്യതയുള്ള പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്നും സെലെൻസ്‌കി ആരോപിച്ചിരുന്നു. യുക്രൈൻ ജനങ്ങളെയും ഊർജ, അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് റഷ്യ അന്താരാഷ്ട്ര കുറ്റ കുറ്റകൃത്യങ്ങൾ നടത്തുവെന്ന് സെലൻസ്കി കുറ്റപ്പെടുത്തി. റഷ്യ സ്ഥിരാംഗമായ കൗൺസിലിനെ അഭിസംബോധന ചെയ്യുമ്പോഴാണ് സെലൻസ്കി ഈ വാദങ്ങൾ മുന്നോട്ട് വച്ചത്.
ചിലർ പുടിനുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. എന്നാൽ പുടിനിൽ നിന്ന് അവർക്ക് എന്താണ് കേൾക്കാൻ കഴിയുക, ഞങ്ങളുടെ ആളുകളെ സംരക്ഷിക്കാനുള്ള അവകാശം നമ്മൾ ഉപയോഗിക്കുന്നതുകൊണ്ടാണോ പുടിൻ അസ്വസ്ഥനാവുന്നത്, അതോ യുദ്ധവും ഭീകരതയും തുടരാൻ പുടിൻ ആഗ്രഹിക്കുന്നുണ്ടോ എന്നും അത് തെറ്റാണെന്ന് ആരും കരുതുന്നില്ലേ എന്നും സെലെൻസ്കി കൗൺസിലിൽ നേതാക്കളോട് ചോദിച്ചു. യുഎൻ നിയമത്തിന് കീഴിൽ ന്യായീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് റഷ്യ ചെയ്യുന്നത്. അദ്ദേഹം വിമർശിച്ചു.
യുക്രൈനിലെ യുദ്ധം നിലനിർത്താൻ റഷ്യക്ക് ആയുധങ്ങൾ ഇറാനും ഉത്തര കൊറിയയും നൽകുന്നുണ്ടെന്ന് യുഎസ് സെക്രട്ടറി ആന്റോയ് ബ്ലിങ്കൺ യോഗത്തിൽ ആരോപിച്ചു. അവ നിർത്തലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുടിൻ നിരവധി അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് പ്രവർത്തിക്കുന്നത്. കൂടുതൽ പാശ്ചാത്യ പിന്തുണയോടെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയുമായി ഈ ആഴ്ച്ച അവസാനം തന്നെ സെലെൻസ്‌കി ജോ ബൈഡനെ കാണാൻ വൈറ്റ് ഹൗസിലേക്ക് പോകും.
സെലെൻസ്‌കി ബൈഡനുമായി ചർച്ച ചെയ്യാൻ പോകുന്ന നിർദ്ദേശത്തെ പരാമർശിച്ച് യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻ ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണ് എന്ന് ബ്ലിങ്കെൻ പറഞ്ഞു. ഇറാൻ റഷ്യയ്ക്ക് ഈ മാസം ആദ്യം നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും മറ്റും നൽകിയിട്ടുണ്ട്. അതിനുള്ള പരിശീലനവും രാജ്യത്തിന് കൊടുത്തിട്ടുണ്ട്. ഇതിനു പകരമായി റഷ്യ ആണവ സാങ്കേതിക വിദ്യയും,ബഹിരാകാശ വിവരങ്ങളും ഇറാനുമായി പങ്കിടുന്നുണ്ട് എന്ന് ബ്ലിങ്കൻ ആരോപിച്ചു. ഇറാന് എന്ത് ആണവ സാങ്കേതിക വിദ്യയാണ് റഷ്യ നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതുപോലെ തന്നെ ബാലിസ്റ്റിക് മിസൈലുകളും, ലോഞ്ചറുകളും ദശലക്ഷക്കണക്കിന് വെടിയുണ്ടകളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഉത്തര കൊറിയ നൽകിയിട്ടുണ്ടെന്ന് ബ്ലിങ്കെൻ പറഞ്ഞു.
സുരക്ഷ കൗൺസിലിലെ മറ്റൊരു സ്ഥിരാംഗമായ ചൈനക്കെതിരെയും ബ്ലിങ്കൻ ആരോപണം ഉന്നയിച്ചിട്ടുണ്ട്. യുദ്ധത്തെ രൂക്ഷമാക്കുന്നതിനും വേഗത്തിലാക്കാനും റഷ്യ ഉപയോഗിക്കുന്ന യന്ത്ര ഉപകരണങ്ങൾ, മൈക്രോ ഇലക്ട്രോണിക്സ്, മറ്റ് വസ്തുക്കൾ എന്നിവയുടെ മികച്ച ദാതാക്കളിൽ ഒരാളാണ് ചൈന എന്നും അദ്ദേഹം ആരോപിച്ചു.


