TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ഉപാധികള്‍ മുന്നോട്ടുവച്ചു

13 Mar 2025   |   1 min Read
TMJ News Desk

യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനായി റഷ്യ യുഎസിന് മുന്നില്‍ ഉപാധികള്‍ വച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള വ്യവസ്ഥകള്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി യുഎസും റഷ്യയും തമ്മില്‍ നേരിട്ടും വെര്‍ച്വല്‍ യോഗങ്ങളിലും ചര്‍ച്ച ചെയ്തുവരികയാണ്.

റഷ്യ മുന്നോട്ട് വച്ച ഉപാധികള്‍ എന്തെല്ലാമാണെന്ന് വ്യക്തമല്ല. കൂടാതെ, യുക്രെയ്‌നുമായി സമാധാന ചര്‍ച്ച നടത്താന്‍ തയ്യാറാണോയെന്നതും വ്യക്തമല്ല. എന്നാല്‍, നേരത്തെ റഷ്യ യുക്രെയ്‌നും യുഎസിനും നാറ്റോയ്ക്കും മുന്നില്‍ വച്ചിട്ടുള്ള ആവശ്യങ്ങള്‍ക്ക് സമാനമാണ് കഴിഞ്ഞ ദിവസം നല്‍കിയ ഉപാധികളുടെ പട്ടികയെന്ന് റിപ്പോര്‍ട്ടുണ്ട്.

യുക്രെയ്‌നിനെ നാറ്റോയില്‍ അംഗമാക്കരുത്, യുക്രെയ്‌നില്‍ വിദേശ സേനയെ വിന്യസിക്കരുത്, ക്രിമിയയും മറ്റ് നാല് പ്രവിശ്യകളും റഷ്യയുടെ ഭാഗമാണെന്ന് അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുക എന്നിവയാണ് മുമ്പ് പുടിന്‍ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങള്‍.

കൂടാതെ, നാറ്റോ കൂടുതല്‍ കിഴക്കുഭാഗത്തേക്ക് വളരുന്നത് യുദ്ധത്തിന്റെ മൂലകാരണമാണെന്നും അത് യുഎസും നാറ്റോയും പരിഹരിക്കണമെന്നും ഏതാനും വര്‍ഷങ്ങളായി റഷ്യ ആവശ്യപ്പെടുന്നുണ്ട്.

യുക്രെയ്‌നുമായി 30 ദിവസത്തെ വെടിനിര്‍ത്തല്‍ റഷ്യ അംഗീകരിക്കുമോയെന്ന് അറിയാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാത്തിരിക്കുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ യുക്രെയ്ന്‍ ഈ വെടിനിര്‍ത്തലിനെ അംഗീകരിച്ചിരുന്നു. സമാധാന ചര്‍ച്ചകളിലേക്കുള്ള ആദ്യ പടിയെന്ന് പ്രസിഡന്റ് സെലന്‍സ്‌കി വിശേഷിപ്പിച്ചു.





 

#Daily
Leave a comment