
യുക്രെയ്‌നുമായി സമാധാന കരാറിന് റഷ്യ തയ്യാര്‍: ട്രംപ്
സമാധാന കരാറിലെത്തുന്നതിനുവേണ്ടി യുക്രെയ്‌നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പുടിനുമായി രണ്ട് മണിക്കൂര്‍ നീണ്ട ടെലഫോണ്‍ സംഭാഷണത്തിനുശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശരിയായ പാതയിലാണെന്നും ട്രംപ് പറഞ്ഞു.
മോസ്‌കോയും കീവും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനുള്ള ക്രെഡിറ്റ് പുടിന്‍ ട്രംപിന് നല്‍കി. കഴിഞ്ഞയാഴ്ച്ചയാണ് തുര്‍ക്കിയില്‍ വച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച നടന്നത്. 2022 മാര്‍ച്ചിനുശേഷം ആദ്യമായിട്ടാണ് റഷ്യയും യുക്രെയ്‌നും നേരിട്ട് ചര്‍ച്ച നടത്തിയത്. ശ്രമങ്ങള്‍ പൊതുവില്‍ ശരിയായ പാതയിലാണെന്ന് പുടിന്‍ പറഞ്ഞു.
ഭാവിയിലൊരു സമാധാന കരാറുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം റഷ്യ നിര്‍ദ്ദേശിക്കുമെന്നും ഈ വിഷയങ്ങളെക്കുറിച്ച് യുക്രെയ്‌നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും റഷ്യ തയ്യാറാണെന്നും പുടിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ മെമ്മോറണ്ടത്തിന്റെ ഭാഗമായി റഷ്യയും യുക്രെയ്‌നും സാധ്യമായ വെടിനിര്‍ത്തലും അതിന്റെ സമയപരിധിയും തീരുമാനിക്കേണ്ടതുണ്ടെന്നും പുടിന്‍ പറഞ്ഞു.
യുക്രെയ്‌നും അതിന്റെ യൂറോപ്യന്‍ സഖ്യരാജ്യങ്ങളും ട്രംപും 30 ദിവസത്തെ നിബന്ധനകളില്ലാത്ത വെടിനിര്‍ത്തലിനാണ് പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.


