വ്‌ളാഡിമിര്‍ പുടിൻ | PHOTO: TWITTER
ആണവായുധങ്ങള്‍ വിന്യസിക്കാനൊരുങ്ങി റഷ്യ: എതിര്‍ത്ത് നാറ്റോ
അയല്‍ രാജ്യമായ ബലറൂസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനൊരുങ്ങി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രസ്താവനയെ അപലപിച്ച് നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) രംഗത്തെത്തി. റഷ്യയുടെ നീക്കം അപകടകരവും നിരുത്തരവാദപരവുമാണെന്ന് നാറ്റോ വക്താവ് ഓന ലുങ്കെസുകു വ്യക്തമാക്കി. ഞങ്ങള്‍ ജാഗരൂകരാണ്, ഒപ്പം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നാറ്റോ വക്താവ് പറഞ്ഞു.
1990 ന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്ത് റഷ്യ ആയുധശേഖരണം നടത്തുന്നത്. ഇതില്‍ അസ്വാഭാവികതയില്ല. യുഎസ് പതിറ്റാണ്ടുകളായി ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. അവര്‍ തങ്ങളുടെ സഖ്യരാജ്യങ്ങളുടെ പ്രദേശത്ത് വര്‍ഷങ്ങളായി ആണവായുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രെയ്ന്‍ യുദ്ധം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുടിന്റെ നീക്കം. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിക്കാതെയാണ് ബലറൂസില്‍ ആയുധങ്ങള്‍ വിന്യസിക്കുന്നതെന്നും പുടിന്‍ അവകാശപ്പെടുന്നു.
യുക്രെയ്ന്‍, പോളണ്ട്, ലിതുവാനിയ, ലാത്വിയ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബലറൂസില്‍, യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യ വന്‍തോതിലുള്ള സൈനിക വിന്യാസവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരിക്കുന്നത്. ഇതോടെ യുക്രെയ്ന്‍ കൂടുതല്‍ പ്രതിരോധത്തിലായി. കൂടുതല്‍ ആയുധങ്ങള്‍ നല്‍കി സഹായിക്കണമെന്ന് അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു.
അതിനിടെ സെലന്‍സ്‌കിയുടെ ഉപദേശകനായ മൈഖൈലോ പോഡോലിയാക് റഷ്യന്‍ നീക്കത്തെ പരിഹസിച്ച് രംഗത്ത് എത്തിയിരുന്നു. താന്‍ തോല്‍ക്കുമെന്ന് ഭയപ്പെടുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നത് തന്ത്രങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തുക മാത്രമാണ് എന്നാണ് പോഡോലിയാക് ട്വീറ്റ് ചെയ്തത്.