PHOTO: WIKI COMMONS
യുക്രൈന്‍ അധിനിവേശത്തെ പുകഴ്ത്തുന്ന പാഠപുസ്തകം പുറത്തിറക്കി റഷ്യ
യുക്രൈന്‍ അധിനിവേശത്തെ പുകഴ്ത്തുന്ന പാഠപുസ്തകം പുറത്തിറക്കി റഷ്യ. 11-ാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകത്തിലാണ് റഷ്യന്‍ സൈനിക നടപടിയെ പ്രകീര്‍ത്തിക്കുന്ന ഉള്ളടക്കമുള്ളത്. റഷ്യന്‍ വിദ്യാഭ്യാസ മന്ത്രി സെര്‍ജി ക്രാവ്‌സോവ് പുതിയ പുസ്തകം പ്രകാശനം ചെയ്തു. 1945 മുതല്‍ 21-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തെ കുറിച്ചാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.
യുക്രൈന്‍ ആക്രമണത്തിന്റെ ലക്ഷ്യങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അഞ്ച് മാസംകൊണ്ടാണ് പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 2014 ല്‍ യുക്രൈനില്‍ നിന്ന് ക്രിമിയ റഷ്യ പിടിച്ചെടുത്തതിന്റെ ചരിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളില്‍ ദേശസ്‌നേഹം വളര്‍ത്തുകയാണ് ലക്ഷ്യമെന്നും റഷ്യ അവകാശപ്പെടുന്നു. എന്നാല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നടത്തിയ യുദ്ധവിവരണങ്ങള്‍ക്ക് സ്‌കൂളുകളില്‍ നിയന്ത്രണവും കര്‍ശനമാക്കിയിട്ടുണ്ട്.
തിടുക്കപ്പെട്ടുള്ള തീരുമാനം
റഷ്യന്‍ സൈനികര്‍ സമാധാനം സംരക്ഷിക്കുന്നു എന്ന തരത്തിലാണ് പാഠപുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. റഷ്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. കുട്ടികളില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കുന്നതിനാണ് സൈനികവത്കരണവും നാസിഫിക്കേഷനും ഉള്‍പ്പെടുത്തി പാഠപുസ്തകത്തില്‍ പുനഃക്രമീകരണമെന്നും റഷ്യ പറയുന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് റഷ്യ തിടുക്കപ്പെട്ട് പുതിയ ചരിത്ര പാഠപുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വരാനിരിക്കുന്ന അധ്യയന വര്‍ഷത്തെ പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമായി റഷ്യ-യുക്രൈന്‍ യുദ്ധം ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ റഷ്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു പാഠപുസ്തകം പുറത്തിറങ്ങുന്നത്. സെപ്തംബര്‍ ഒന്നു മുതല്‍ മെയ് അവസാനം വരെ നീളുന്നതാണ് റഷ്യയിലെ അധ്യയന വര്‍ഷം. റഷ്യയെയും ക്രിമിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടല്‍പാലത്തിന്റെ ചിത്രമാണ് പുസ്തകത്തിന്റെ പുറംചട്ട. സംഘട്ടനത്തിനിടെ നിരവധി തവണ ആക്രമിക്കപ്പെട്ട പുടിന്റെ ഭരണത്തിന്റെ പ്രതീകമാണ് ഈ പാലം.
അടിച്ചമര്‍ത്തല്‍ നടപടിയുമായി റഷ്യ
യുക്രൈന്‍ ആക്രമണത്തിനെതിരെ പ്രതികരിക്കുന്നവര്‍ക്കു നേരെ റഷ്യ കനത്ത അടിച്ചമര്‍ത്തലുകളാണ് അഴിച്ചുവിടുന്നത്. അത്തരത്തിലുള്ള നിലപാടുകളാണ് ഇപ്പോള്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഏപ്രിലില്‍ സ്‌കൂളില്‍ വച്ച് യുക്രൈനെ പിന്തുണച്ച് ചിത്രം വരച്ച റഷ്യന്‍ പെണ്‍കുട്ടിയെ കുടുംബത്തില്‍ നിന്ന് വേര്‍പ്പെടുത്തുകയും കുട്ടിയുടെ പിതാവിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു.