TMJ
searchnav-menu
post-thumbnail

ബറാക് ഒബാമ | Photo: PTI

TMJ Daily

ബറാക് ഒബാമ ഉൾപ്പെടെ 500 അമേരിക്കൻ പൗരരെ ഉപരോധിച്ച് റഷ്യ

20 May 2023   |   3 min Read
TMJ News Desk

റാക് ഒബാമ ഉൾപ്പെടെ 500 അമേരിക്കൻ പൗരർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ച് റഷ്യൻ ഗവൺമെന്റ്. റഷ്യക്കെതിരെ യുഎസ് ഗവൺമെന്റ് ഏർപ്പെടുത്തിയ നിരോധനത്തെത്തുടർന്നുള്ള പ്രതികാര നടപടികളുടെ ഭാഗമായാണ് ഉപരോധം.  

'ബൈഡൻ ഭരണകൂടം ഘട്ടംഘട്ടമായി ഏർപ്പെടുത്തിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്ക് മറുപടിയായി, 500 അമേരിക്കൻ പൗരർക്ക് റഷ്യൻ ഫെഡറേഷനിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. റഷ്യക്കെതിരെയുള്ള ശത്രുതാപരമായ നടപടികൾക്ക് തിരിച്ചടി ഉണ്ടാകുമെന്ന് വാഷിംഗ്ടൺ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും,'' റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുക്രൈൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ഞെരുക്കാനുള്ള നടപടികളുടെ ഭാഗമായി യുഎസ് ഗവൺമെന്റ് നൂറുകണക്കിന് റഷ്യൻ കമ്പനികളെയും പൗരൻമാരെയും ഉപരോധിച്ച് കരിമ്പട്ടികയിൽ ചേർത്തിരുന്നു. ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നവരുടെ ലിസ്‌ററിൽ അമേരിക്കൻ ടെലിവിഷൻ രംഗത്തെ പ്രമുഖരായ സ്റ്റീഫൻ കോൾബെയർ, ജിമ്മി കിമ്മൽ, സെത്ത് മയേഴ്‌സ് എന്നിവരുൾപ്പെട്ടിട്ടുണ്ട്. മാത്രമല്ല, അമേരിക്കൻ വാർത്താ ചാനലിലെ അവതാരിക എറിൻ ബെർനെറ്റ്, എംഎസ്എൻബിസി ചാനൽ അവതാരകരായ റെയ്ച്ചൽ മാഡോ, ജോ സ്‌കാർബറോ എന്നിവരുമുണ്ട്.  

രാജ്യത്തിനെതിരായി വിദ്വേഷം പ്രകടിപ്പിക്കുകയും വ്യാജപ്രചരണങ്ങൾ നടത്തുകയും ചെയ്യുന്ന അമേരിക്കൻ സെനറ്റർമാരെയും കോൺഗ്രസ് അംഗങ്ങളെയും തിങ്ക് ടാങ്കുകളെയുമാണ് ഉപരോധിച്ചിരിക്കുന്നതെന്നാണ് റഷ്യൻ അവകാശവാദം. കൂടാതെ, യുക്രൈന് രഹസ്യമായി ആയുധങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുടെ മേധാവികളെയും പട്ടികയിൽ പെടുത്തിയിട്ടുണ്ട്.  

ചാരവൃത്തി ആരോപിച്ച് മാർച്ചിൽ അറസ്റ്റിലായ യു എസ് മാധ്യമപ്രവർത്തകൻ എവാൻ ഗെർഷ്‌കോവിച്ചിന്റെ കോൺസുലർ സന്ദർശനം നിഷേധിച്ചതായും റഷ്യ അതേ പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിലിൽ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനൊപ്പം ഐക്യരാഷ്ട്രസഭയിലേക്ക് യാത്ര ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് വിസ നൽകാൻ വാഷിംഗ്ടണിൽ നിന്ന് വിസമ്മതിച്ചിരുന്നു. ഇതിനെതിരെയുള്ള റഷ്യൻ പ്രതികാര നടപടിയായി ഈ നീക്കത്തെ കണക്കാക്കാം.

റഷ്യൻ തടങ്കലിലായി എവാൻ ഗെർഷ്‌കോവിച്ച്

2023 മാർച്ച് 29നാണ് റഷ്യയിൽ ചാരപ്രവർത്തി ചെയ്യുന്നുവെന്നാരോപിച്ച് യു എസ് മാധ്യമപ്രവർത്തകൻ എവാൻ ഗെർക്കോവിച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കൻ ഗവൺമെന്റിനെ സഹായിക്കാൻ റഷ്യയിലെത്തി അതിപ്രാധാന്യമുള്ള മിലിട്ടറി വിവരങ്ങൾ ചോർത്തുന്നുവെന്നാണ് എവാനെതിരെയുള്ള ആരോപണം. അമേരിക്കൻ മാധ്യമസ്ഥാപനമായ വാൾ സ്ട്രീറ്റ് ജേർണലിന് വേണ്ടിയാണ് അറസ്റ്റിലാകുമ്പോൾ എവാൻ പ്രവർത്തിച്ചിരുന്നത്. എന്നാൽ, റഷ്യൻ നടപടിക്കെതിരെ ബൈഡൻ ഭരണകൂടം പ്രതിഷേധിക്കുകയുണ്ടായി. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എവാനെതിരെ പൊലീസ് ആരോപിക്കുന്നത്. സോവിയറ്റ് യൂണിയൻ കാലഘട്ടത്തിന് ശേഷം ആദ്യമായാണ് മോസ്‌കോ ഒരു അമേരിക്കൻ പത്ര പ്രവർത്തകനെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്.

അമേരിക്കൻ പൗരനായ എവാന്റെ മാതാപിതാക്കൾ റഷ്യയിൽ നിന്നുള്ളവരാണ്. വർഷങ്ങൾക്കു മുമ്പെ കുടുംബമായി അമേരിക്കയിലെ ന്യൂജെഴ്‌സിയിലേക്ക് കുടിയേറിപാർത്തവരായിരുന്നു കുടുംബം. റഷ്യൻ പാരമ്പര്യവും സംസ്‌കാരവും പിന്തുടരാൻ താത്പര്യം കാട്ടിയിരുന്നതിനാൽ എവാൻ റഷ്യയിലേക്ക് യാത്ര ചെയ്തിരുന്നു. റഷ്യയിലെ മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്നുള്ള തന്റെ ആശങ്കയും പ്രകടിപ്പിക്കുകയുണ്ടായി. അറസ്റ്റിലായ ശേഷം നിയമസഹായം ലഭിക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ് റഷ്യൻ ഭരണകൂടം. സമാനമായ ആരോപണത്തിൽ പോൾ വെലൻ എന്ന മറ്റൊരു അമേരിക്കൻ പൗരനെയും റഷ്യ 2020ൽ അറസ്റ്റ് ചെയ്തിരുന്നു. നിയമസഹായം ലഭിക്കാനുള്ള പരിമിതികൾ മൂലം 16 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. ജെയിംസ് ഫോലെ ലെഗസി ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം 2022ൽ 65 അമേരിക്കൻ പൗരർ അനധികൃതമായി വിദേശ രാജ്യങ്ങളിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്.  

റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തി രാജ്യങ്ങൾ  

യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയാണ് ലോകരാഷ്ട്രങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിന് തന്നെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയുണ്ടായി. അമേരിക്കയെക്കൂടാതെ ബ്രിട്ടൺ, കാനഡ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും യൂറോപ്യൻ യൂണിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിക്കുകയാണ്. ആഗോള തലത്തിൽ പുടിനെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള റഷ്യയിലെ ബാങ്കുകൾക്ക് മേൽ യുഎസ് ഉപരോധം കൂടുതൽ ശക്തമാക്കി. ഇതിനെത്തുടർന്ന് സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ മാറ്റിനിർത്തുകയും ചെയ്തു. രാജ്യത്തെ തുറമുഖങ്ങളിൽ റഷ്യൻ കപ്പലുകൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കാനഡ നിരോധിച്ചു. റഷ്യയ്ക്കു പുറമെ ബലാറൂസിനെയും ഉപരോധത്തിന്റെ പരിധിയിൽ പെടുത്തിയിട്ടുണ്ട്.

എന്നാൽ റഷ്യയ്ക്കും ബലാറൂസിനും മേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം മറികടക്കാൻ റഷ്യയ്ക്ക് കഴിഞ്ഞു. യൂറോപ്പിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് റഷ്യയുടേത്. മാത്രമല്ല തങ്ങളുടെ ഭൂപരിധിക്കുള്ളിൽ ജനതയ്ക്ക് ആവശ്യമായ മുഴുവൻ വിഭവങ്ങളും ലഭ്യമായ രാജ്യം കൂടിയാണിത്. ചൈനയ്ക്കും ഇന്ത്യയ്ക്കും വൻതോതിൽ എണ്ണ കയറ്റുമതിചെയ്ത് അമേരിക്കൻ സഖ്യത്തിന്റെ ഉപരോധത്തെ ഒരു പരിധിവരെ മറികടക്കാൻ അവർക്ക് കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. റഷ്യൻ സാമ്പത്തികകാര്യമന്ത്രി മാക്‌സിം റെഷട്‌നിക്കോവ് നൽകുന്ന കണക്കനുസരിച്ച് പണപ്പെരുപ്പത്തോത് 11.9 ശതമാനമാണ്. 2023 ൽ ഇത് എട്ടു ശതമാനമായി കുറയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. നിലവിൽ 47 ബില്യൺ ഡോളറിന്റെ ബജറ്റ് കമ്മറ്റിയാണ് റഷ്യയ്ക്കുള്ളത്. സോവിയറ്റനന്തരകാലത്തെ ഏറ്റവും മോശം അവസ്ഥയാണിത്. 2022 ൽ 2.8 ട്രില്യൺ റൂബിളിന്റെ റവന്യൂ വളർച്ച ഉണ്ടായെങ്കിലും അതിഭീമമായ യുദ്ധച്ചെലവുകൾ സമ്പദ്‌വ്യവസ്ഥയെ ഉലച്ചുകഴിഞ്ഞു. മേൽ സൂചിപ്പിച്ച കണക്കുകൾ പക്ഷേ, റഷ്യയ്ക്ക് മാത്രം ബാധകമായ കാര്യമല്ല. സമാനമായ അവസ്ഥയിലൂടെയാണ് ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ വൻ സാമ്പത്തികശക്തികളും കടന്നുപോകുന്നത്. പ്രമുഖരാഷ്ട്രങ്ങളിൽ ജർമനി മാത്രമാണ് സ്ഥിരതയാർന്ന പ്രകടനം സാമ്പത്തികരംഗത്ത് നിലനിർത്തുന്നത്.


#Daily
Leave a comment