
കുര്‍സ്‌കില്‍ യുക്രെയ്ന്‍ സൈന്യത്തെ റഷ്യ വളഞ്ഞു
റഷ്യയ്ക്കുള്ളില്‍ കടന്ന ആയിരക്കണക്കിന് യുക്രെയ്ന്‍ സൈനികരെ റഷ്യന്‍ സൈന്യം വളഞ്ഞു. കഴിഞ്ഞ വേനല്‍ക്കാലത്ത് റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ പ്രവേശിച്ച സൈന്യത്തെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ റഷ്യന്‍ സൈന്യം വളഞ്ഞത്. സമാധന ചര്‍ച്ചകളില്‍ റഷ്യയുടെ മേല്‍ ആധിപത്യം നല്‍കുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ന്‍ കുര്‍സ്‌ക് മേഖലയില്‍ സൈന്യത്തെ അയച്ചത്. എന്നാല്‍ ഈ തുറുപ്പുചീട്ടും സൈനികരുടെ ജീവനും നഷ്ടമാകുന്ന അവസ്ഥയിലാണ് ഇപ്പോള്‍ യുക്രെയ്ന്‍.
ഈ മേഖല തിരിച്ചു പിടിക്കാന്‍ റഷ്യ നടത്തിയ പ്രത്യാക്രമണത്തില്‍ യുക്രെയ്ന്‍ സൈന്യത്തിന്റെ പ്രധാന സപ്ലൈ ലൈനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. യുഎസ് ഇന്റലിജന്‍സ് വിവരങ്ങള്‍ യുക്രെയ്‌നിന് കെമാറുന്നത് അവസാനിപ്പിച്ചതിന് പിന്നാലെയാണ് സംഭവം.
യുക്രെയ്‌നിലേക്ക് പിന്‍മാറുക അല്ലെങ്കില്‍ തടവുകാരായി പിടിക്കപ്പെടുക അല്ലെങ്കില്‍ കൊല്ലപ്പെടുകയെന്നതാണ് ഇവരുടെ മുന്നിലുള്ളത്. പിന്‍മാറുകയെന്ന് യുക്രെയ്‌നിനെ സംബന്ധിച്ച് രാഷ്ട്രീയമായും മാനസികമായും തിരിച്ചടി നല്‍കുന്നതാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്താന്‍ യുക്രെയ്‌നിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഇടയിലാണ് റഷ്യയുടെ മുന്നേറ്റം ഉണ്ടായത്.
1941ല്‍ ഹിറ്റ്‌ലറുടെ നാസി അധിനിവേശത്തിനുശേഷം റഷ്യന്‍ പ്രദേശത്ത് നടക്കുന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഓഗസ്റ്റില്‍ കുര്‍സ്‌ക് മേഖലയിലേക്കുള്ള യുക്രെയ്ന്‍ സൈന്യത്തിന്റെ കടന്നുകയറ്റം. സാധാരണക്കാരായ റഷ്യക്കാരിലേക്ക് യുദ്ധത്തെ എത്തിക്കാനുള്ള യുക്രെയ്‌നിന്റെ തന്ത്രമായിരുന്നു അത്. റഷ്യ സ്വന്തം പ്രദേശത്തില്‍ പ്രതിരോധിക്കാനായി എത്തുമ്പോള്‍ അത് യുക്രെയ്‌നിനുള്ളില്‍ റഷ്യയുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന യുക്രെയ്ന്‍ സൈന്യത്തിന് അല്‍പം ആശ്വാസം ലഭിക്കുമെന്നതായിരുന്ന പ്രതീക്ഷ. കൂടാതെ, സമാധാന ചര്‍ച്ചയിലെ യുക്രെയ്‌നിന്റെ തുറുപ്പുചീട്ടാകും ഇതെന്നും പ്രസിഡന്റ് സെലന്‍സ്‌കി കരുതി. ഈ ആക്രമണം മോസ്‌കോയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ റഷ്യയ്ക്ക് കഴിയുന്നില്ലെന്ന വിമര്‍ശനം ഉണ്ടായി.