TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യ- യുക്രെയ്ന്‍ സമാധാനക്കരാര്‍; തടസ്സം സെലന്‍സ്‌കിയെന്ന് ട്രംപ്

24 Apr 2025   |   1 min Read
TMJ News Desk

ക്രീമിയയിലെ റഷ്യന്‍ നിയന്ത്രണം യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അംഗീകരിക്കാത്തതിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് സമാധാന ചര്‍ച്ചകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ 'വളരെ അടുത്ത്' ആണെന്നും എന്നാല്‍, യുഎസിന്റെ വ്യവസ്ഥകളെ അംഗീകരിക്കാന്‍ സെലന്‍സ്‌കി വിസമ്മതിക്കുന്നത് സംഘര്‍ഷത്തെ വലിച്ചുനീട്ടുന്നുവെന്നും ട്രംപ് പറഞ്ഞു.

കരാറിലെത്താന്‍ യുക്രെയ്‌നിനേക്കാള്‍ എളുപ്പം റഷ്യയുമായിട്ടാണെന്ന് ട്രംപ് പറഞ്ഞു. റഷ്യ കരാറിന് തയ്യാറാണെന്ന് കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച്ച പോപ് ഫ്രാന്‍സിസിന്റെ സംസ്‌കാര ചടങ്ങില്‍ ലോക നേതാക്കള്‍ എത്തുമ്പോള്‍ റോമില്‍ വച്ച് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച്ച നടത്താനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞില്ല.

റഷ്യയും യുക്രെയ്‌നു തമ്മിലുള്ള അതിര്‍ത്തികള്‍ ഇന്നത്തെ അവസ്ഥയില്‍ മരവിപ്പിക്കണമെന്നതാണ് യുഎസ് മുന്നോട്ടുവയ്ക്കുന്ന കരാറെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. ഇത് സെലന്‍സ്‌കി അംഗീകരിച്ചാല്‍ യുക്രെയ്‌നിന്റെ വലിയൊരു ഭാഗം ഭൂമി റഷ്യയുടെ പക്കലാകും.

ക്രിമിയയുടെ മേലുള്ള അവകാശം ഉപേക്ഷിക്കില്ലെന്നത് യുക്രെയ്‌നിന്റെ ദീര്‍ഘകാലമായുള്ള നിലപാടാണ്. 2014ല്‍ റഷ്യ അധിനിവേശം നടത്തിയെ പ്രദേശമാണ് ക്രിമിയ.

യുക്രെയ്‌നും റഷ്യയും ഇപ്പോള്‍ സ്വന്തമായുള്ള ചില പ്രദേശങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് വാന്‍സ് പറഞ്ഞിരുന്നു.

ക്രിമിയയുടെ മേലുള്ള റഷ്യയുടെ അധിനിവേശത്തെ അംഗീകരിക്കുകയെന്നത് സെലന്‍സ്‌കിയെ സംബന്ധിച്ച് രാഷ്ട്രീയമായി അസാധ്യമാണ്. അതേക്കുറിച്ചൊരു ചര്‍ച്ചയില്ലെന്നും അത് യുക്രെയ്‌നിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും സെലന്‍സ്‌കി പറഞ്ഞു.

അതേസമയം, യുക്രെയ്‌നില്‍ വിവിധ പ്രദേശങ്ങളില്‍ റഷ്യ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. കീവില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രോണ്‍ ആക്രമണം പലയിടത്തും തീപിടിത്തത്തിന് കാരണമായി. ഒരു കെട്ടിടം തകര്‍ന്ന് ധാരാളം പേര്‍ കുടങ്ങിക്കിടക്കുന്നതായി കീവ് മേയര്‍ വിറ്റാലി ക്ലിഷ്‌കോ പറഞ്ഞു.




 

#Daily
Leave a comment