
റഷ്യ-യുക്രെയ്ന്‍ ചര്‍ച്ച: തടവുകാരെ കൈമാറും
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ തുര്‍ക്കിയില്‍ നടന്നു.
ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ ഷേയ്ക്ക്ഹാന്‍ഡ് നല്‍കിയില്ല. രാജ്യം ആക്രമിക്കപ്പെടുന്നുവെന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി യുക്രെയ്‌നിന്റെ പ്രതിനിധികളില്‍ പകുതിപേര്‍ പ്രച്ഛന്ന സൈനിക വേഷങ്ങളാണ് ധരിച്ചിരുന്നത്.
ഈ ചര്‍ച്ചയില്‍ രണ്ട് വഴികളാണ് മുന്നോട്ട് ഉള്ളതെന്നും ഒന്ന് സമാധാനത്തിലേക്ക് നയിക്കുന്നതും മറ്റൊന്ന് കൂടുതല്‍ മരണത്തിലേക്കും തകര്‍ച്ചയിലേക്കും നയിക്കുന്നതും ആണെന്ന് തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി ഹാകന്‍ ഫിഡന്‍ പറഞ്ഞു.
ആദ്യ ദിനത്തെ ചര്‍ച്ചകള്‍ രണ്ട് മണിക്കൂറില്‍ താഴെ സമയം മാത്രമേ നടന്നുള്ളൂ. ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ അഭിപ്രായ വ്യത്യാസം ഉയര്‍ന്നുവന്നു. റഷ്യ പുതിയതും അംഗീകരിക്കാനാകാത്തതുമായ ആവശ്യങ്ങള്‍ ഉന്നയിച്ചുവെന്ന് യുക്രെയ്ന്‍ പ്രതിനിധി പറഞ്ഞു. വെടിനിര്‍ത്തലിന് പകരമായി യുക്രെയ്ന്‍ സ്വന്തം പ്രദേശത്തുനിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നതാണ് അതിലൊരു ആവശ്യം.
പ്രതീക്ഷിച്ചത് പോലെ തന്നെ വെടിനിര്‍ത്തല്‍ ഉണ്ടായില്ല. അതേസമയം, ഇരുരാജ്യങ്ങളും 1,000 യുദ്ധത്തടവുകാരെ വീതം കൈമാറും.
വളരെ ബുദ്ധിമുട്ടേറിയ ദിവസത്തിന് മികച്ചൊരു അന്ത്യമാണിതെന്ന് യുക്രെയ്ന്‍ ഉപവിദേശകാര്യ മന്ത്രി സെര്‍ഹിയ് കൈസ്ലിസ്റ്റ്‌സ്യാ പറഞ്ഞു. 1,000 യുക്രെയ്ന്‍ കുടുംബങ്ങള്‍ക്ക് നല്ല വാര്‍ത്തയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തടവുകാരെ കൈമാറുന്ന തിയതിയില്‍ തീരുമാനം ഉണ്ടായെങ്കിലും ഇരുരാജ്യങ്ങളും അക്കാര്യം പുറത്തുവിട്ടില്ല.
അടുത്ത ഘട്ടത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ കണ്ടുമുട്ടുന്നതാണെന്നും മന്ത്രി പറഞ്ഞു.
ചര്‍ച്ചകള്‍ തൃപ്തികരമാണെന്ന് റഷ്യന്‍ പ്രതിനിധി പറഞ്ഞു. ബന്ധം തുടരാന്‍ തയ്യാറാണെന്നും പ്രതിനിധി കൂട്ടിച്ചേര്‍ത്തു.


