
റഷ്യ-യുക്രെയ്ന്‍ യുദ്ധം: കരിങ്കടലില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
യുക്രെയ്‌നും റഷ്യയും തമ്മില്‍ ചൊവ്വാഴ്ച്ച മുതല്‍ കരിങ്കടലിലും ഊര്‍ജ്ജമേഖലയിലും വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍, യുഎസ് മുന്‍കൈയെടുത്ത് നടപ്പിലാക്കിയ ഈ കരാര്‍ റഷ്യ വക്രീകരിച്ചു തുടങ്ങിയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
റഷ്യ കരാര്‍ ലംഘനം നടത്തിയാല്‍ തങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കണമെന്നും റഷ്യയുടെമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുമെന്ന് സെലന്‍സ്‌കി പറഞ്ഞു.
കരിങ്കടലിലെ ഗതാഗതം സുരക്ഷിതമാക്കാനും ഇരുരാജ്യങ്ങളിലേയും ഊര്‍ജ്ജ സൗകര്യങ്ങളുടെമേലുള്ള ആക്രമണം നിരോധിക്കുന്നതിനും വേണ്ടി യുക്രെയ്‌നും റഷ്യയുമായി പ്രത്യേകം കരാറുകളില്‍ ഏര്‍പ്പെട്ടുവെന്ന് നേരത്തെ യുഎസ് പറഞ്ഞിരുന്നു.
റഷ്യക്കാരെ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ ക്രിയാത്മകയാകുമെന്നും സെലന്‍സ്‌കി പറഞ്ഞു. കരാര്‍ നിലവില്‍ വന്ന് ആദ്യ ദിനം മുതല്‍ തന്നെ റഷ്യ കാര്യങ്ങള്‍ തെറ്റായി ചിത്രീകരിക്കുന്നു. ഇതിലൂടെ മധ്യസ്ഥരേയും മുഴുവന്‍ ലോകത്തേയും റഷ്യ വഞ്ചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ നടപ്പിലാക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്നും റഷ്യ ആക്രമിച്ചാല്‍ ശക്തമായി പ്രതരികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഉടമ്പടികളുടെ ആദ്യത്തെ ലക്ഷ്യം ഊര്‍ജ്ജ സൗകര്യങ്ങളുടെ മേലുള്ള ആക്രമണം തടയുകയെന്നതാണ്.
കരാര്‍ പ്രകാരം ആക്രമിക്കാന്‍ പാടില്ലാത്ത ഊര്‍ജ്ജ സൗകര്യങ്ങളുടെ പട്ടിക യുഎസ് ഉദ്യോഗസ്ഥര്‍ നല്‍കിയെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യയിലേയും യുക്രെയ്‌നിലേയും ഊര്‍ജ്ജ സൗകര്യങ്ങളുടെ പട്ടികയും യുക്രെയ്ന്‍ പുറത്തുവിട്ടു. എണ്ണ ശുദ്ധീകരണശാലകള്‍, എണ്ണ-വാതക പൈപ്പ്‌ലൈനുകള്‍, ആണവോര്‍ജ്ജ പദ്ധതികള്‍ എന്നിവയെ ആക്രമിക്കാന്‍ പാടില്ലെന്ന് ഉടമ്പടികള്‍ പറയുന്നു.
സൗദി അറേബ്യയില്‍ വച്ച് യുഎസുമായും യുക്രെയ്‌നുമായും രണ്ട് ദിവസം ചര്‍ച്ച നടത്തിയശേഷമാണ് യുഎസ് കരാറുകള്‍ പ്രഖ്യാപിച്ചത്.
ഇതിന് പകരമായി റഷ്യയുടെ മേലുള്ള കാര്‍ഷിക, രാസവള കയറ്റുമതി ഉപരോധം യുഎസ് പിന്‍വലിക്കുമെന്ന് വാഗ്ദാനമുണ്ട്. എന്നാല്‍ ഇക്കാര്യം യുഎസ് പുറത്തുവിട്ട പ്രസ്താവനയില്‍ ഉള്‍പ്പെടുത്താന്‍ യുക്രെയ്ന്‍ സമ്മതിച്ചിരുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു.


