
റഷ്യ- യുക്രെയ്ന്‍ യുദ്ധം: യൂറോപ്യന്‍ നേതാക്കളുടെ അടിയന്തര യോഗം ഈയാഴ്ച്ച നടക്കും
യൂറോപ്പിനെ ഒഴിവാക്കിക്കൊണ്ട് യുക്രെയ്ന്‍- റഷ്യ യുദ്ധത്തില്‍ റഷ്യയ്‌ക്കൊപ്പം സമാധാന ശ്രമങ്ങളുമായി യുഎസ് അതിവേഗം മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഈ ആഴ്ച്ച അടിയന്തര യോഗം ചേരും.
തങ്ങളുടെ ദേശ സുരക്ഷയെ സംബന്ധിച്ച അപൂര്‍വമായ നിമിഷം ആണെന്ന് പാരീസില്‍ നടക്കാന്‍ പോകുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. കൂടാതെ, നാറ്റോയില്‍ യൂറാപ്പ് കൂടുതല്‍ പങ്കുവഹിക്കണമെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസും റഷ്യയും തമ്മിലുള്ള ചര്‍ച്ചകളില്‍ അവര്‍ പങ്കെടുക്കില്ലെന്ന് യുക്രെയ്‌നിലേക്കുള്ള ട്രംപിന്റെ പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ് പറഞ്ഞിരുന്നു.
വരുംദിവസങ്ങളില്‍ സൗദി അറേബ്യയില്‍ വച്ച് റഷ്യ, യുക്രെയ്ന്‍ പ്രതിനിധികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടക്കമുള്ളവര്‍ ചര്‍ച്ചകള്‍ നടത്തും.
മുമ്പ് നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ധാരാളം കക്ഷികള്‍ അതില്‍ പങ്കെടുത്തത് കൊണ്ടാണെന്ന് കീത്ത് കെല്ലോഗ് പറഞ്ഞിരുന്നു. ഇത് യുക്രെയ്‌നിലും യൂറോപ്യന്‍ സഖ്യ രാജ്യങ്ങളിലും ആശങ്കകള്‍ ഉയര്‍ത്തുന്നു.