PHOTO: PTI
റഷ്യ- യുക്രൈന്‍ യുദ്ധം; അരലക്ഷം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ലോകത്തെ പിടിച്ചുലച്ച റഷ്യ- യുക്രൈന്‍ യുദ്ധം രണ്ട് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ 50,000 റഷ്യന്‍ സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇത് ആദ്യ വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതലാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബിബിസി നടത്തിയ അന്വേഷണത്തില്‍ പറയുന്നു. 2022 ഫെബ്രുവരി മുതല്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളാണ് ബിബിസിയും സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ മീഡിയ സോണും സന്നദ്ധ പ്രവര്‍ത്തകരും കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സെമിത്തേരികളിലെ പുതിയ ശവക്കുഴികളില്‍ ആലേഖനം ചെയ്ത സൈനികരുടെ പേരുകള്‍, ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍, പത്രങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്നുള്ള വിവരങ്ങളും മറ്റും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യുദ്ധത്തിന്റെ രണ്ടാം വര്‍ഷത്തില്‍ 27,300 ലധികം റഷ്യന്‍ സൈനികര്‍ മരിച്ചതായാണ് കണ്ടെത്തല്‍. ആകെ 50,000 ത്തിലധികം പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 സെപ്തംബര്‍ മുതല്‍ മോസ്‌കോയിലെ പ്രതിരോധ മന്ത്രാലയം നല്‍കിയ ഔദ്യോഗിക കണക്കുകളെക്കാള്‍ എട്ട് മടങ്ങ് അധികമാണ് ഇത്.
എന്നാല്‍ റഷ്യയുടെ അധിനിവേശ പ്രദേശമായ ഡോണ്‍ടെസ്‌ക്, കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക് എന്നിവിടങ്ങളിലെ മരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൂടി ചേര്‍ത്താല്‍ റഷ്യയിലെ മരണസംഖ്യ ഇനിയും ഉയരും. റഷ്യ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചതായും ബിബിസി വ്യക്തമാക്കുന്നു. അതേസമയം, 31,000 യുക്രേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് വര്‍ഷം പിന്നിട്ട യുദ്ധം
2022 ഫെബ്രുവരി 24 നാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നുകയറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് രണ്ടുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. യുദ്ധം ഇരു രാജ്യങ്ങള്‍ക്കും സമ്മാനിച്ചത് ഭീമമായ നഷ്ടമാണ്. യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ പാടെ തകര്‍ത്തു. 44 ദശലക്ഷം ജനസംഖ്യയുള്ള യുക്രൈനില്‍ ഒന്നരക്കോടി ആളുകള്‍ അഭയാര്‍ത്ഥികളായി. 65 ലക്ഷം പേര്‍ പലായനം ചെയ്തു. പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവര്‍ അതിലുമധികമാണ്.
യുഎന്‍ മനുഷ്യാവകാശ സമിതിയുടെ കണക്കുകള്‍ പ്രകാരം യുക്രൈനില്‍ ഇതുവരെ 10,582 പേര്‍ കൊല്ലപ്പെട്ടു. 19,875 പേര്‍ക്ക് പരുക്കേറ്റു. റഷ്യയുടെ 44,654 പേര്‍ മരിച്ചതായും പറയുന്നു. എന്നാല്‍ മരണം ഇതിലും അധികമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. റഷ്യയുടെ കൂലി പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിലെ 20,000 ലധികം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുദ്ധത്തില്‍ രണ്ടുലക്ഷത്തോളം കെട്ടിടങ്ങളാണ് തകര്‍ന്നടിഞ്ഞത്.