REPRESENTATIONAL IMAGE
റഷ്യ-യുക്രെയ്ന്‍ യുദ്ധം : ബഖ്മുട്ട്-കീവ് നഗരങ്ങളില്‍ കനത്ത പോരാട്ടം
യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നും 37.4 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചുപിടിച്ച് കീവിന്റെ സൈന്യം ബഖ്മുട്ടിലേക്ക് മുന്നേറുകയാണെന്നും കനത്ത പോരാട്ടമാണ് നടക്കുന്നതെന്നും യുക്രെയ്ന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഹന്ന മാലിയര്‍. എന്നാല്‍ ക്രിമിയയില്‍ ഉണ്ടായ യുക്രെയ്ന്‍ ആക്രമണത്തെ പരാജയപ്പെടുത്തിയെന്നും ഒരു യുക്രേനിയന്‍ ഏജന്റിനെ അറസ്റ്റ് ചെയ്തെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായുള്ള യുക്രെയ്ന്‍ സൈന്യത്തിന്റെ ഊര്‍ജിത ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.
എഴുത്തുകാരി വിക്ടോറിയ അമേലിന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
യുദ്ധകുറ്റങ്ങളില്‍ ഗവേഷണം നടത്തുന്ന യുക്രേനിയന്‍ എഴുത്തുകാരി വിക്ടോറിയ അമേലിയ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുക്രൈനിന്റെ കിഴക്കന്‍ നഗരമായ ക്രാമാറ്റോര്‍ക്സിലെ റിയ പിസ്സ എന്ന റസ്റ്റോറന്റില്‍ റഷ്യ നടത്തിയ ആക്രമണത്തിലാണ് സംഭവം. തലയ്‌ക്കേറ്റ ആഴത്തിലുള്ള ക്ഷതമാണ് മരണകാരണം. ആക്രമണത്തില്‍ നാല് കുട്ടികളടക്കം പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡിനിപ്രോ സിറ്റിയിലെ മെക്നിക്കോവ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണമെന്നും അതിയായ വേദനയോടെ മരണവാര്‍ത്ത അറിയിക്കുന്നുവെന്നും ആവിഷ്‌കാര സ്വാതന്ത്രത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ PEN അറിയിച്ചു. കൊളംബിയന്‍ പത്രപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും പ്രതിനിധി സംഘത്തോടൊപ്പം അമേലിയ നഗരത്തില്‍ ഉണ്ടായിരുന്നു. യുക്രേനിയന്‍ സൈന്യത്തേയും വിദേശ കൂലിപ്പടയേയും ലക്ഷ്യമിട്ടായിരുന്നു ക്രാമാറ്റോര്‍ക്സ് ആക്രമണമെന്ന് റഷ്യ അവകാശപ്പെട്ടു. എന്നാല്‍ ആക്രമണം നടന്ന സിറ്റിയില്‍ അതിനുള്ള സാഹചര്യങ്ങളോ സൈനിക വസ്തുക്കളോ ഉണ്ടായിരുന്നില്ലെന്ന് സാക്ഷികള്‍ പറഞ്ഞതായി വാര്‍ ക്രൈം ഗ്രൂപ്പായ ട്രൂത്ത് ഹൗണ്ട്സ് പെന്നുമായുള്ള സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണത്തിലുണ്ടായ നാശത്തിന്റെ വിശകലനവും സാക്ഷിമൊഴികളും സൂചിപ്പിക്കുന്നതനുസരിച്ച്, ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കാന്‍ ശേഷിയുള്ള ഇസ്‌കാന്‍ഡര്‍ എന്ന മിസൈലാണ് റഷ്യന്‍ സൈന്യം ഉപയോഗിച്ചതെന്നും ആക്രമണത്തിന്റെ വ്യാപ്തിയും ലക്ഷ്യവും കൃത്യമായി റഷ്യയ്ക്കറിയാമെന്നും സംഘടനകള്‍ ആരോപിച്ചു.
അമേലിന എന്ന യുദ്ധ കുറ്റാന്വേഷക
ജന്മനാടിന്റെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങാനും വരുംതലമുറയ്ക്കായി ചരിത്രത്തെ രേഖപ്പെടുത്താനും ആഗ്രഹിച്ച എഴുത്തുകാരിയായിരുന്നു വിക്ടോറിയ അമേലിന. യുദ്ധമുഖത്തെ തെളിവുകള്‍ ശേഖരിച്ച് വിവിധ അന്താരാഷ്ട്ര കോടതികളില്‍ അവര്‍ സമര്‍പ്പിച്ചു. റഷ്യ യുക്രെയ്‌നില്‍ നടത്തിയ യുദ്ധകുറ്റങ്ങളെ 2022 മുതല്‍ അമേലിന രേഖപ്പടുത്തുകയും അതിനായി വാദിക്കുകയും ചെയ്തു. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസിയം നഗരത്തില്‍വച്ച് റഷ്യന്‍ പട്ടാളക്കാര്‍ നിയമവിരുദ്ധമായി തടങ്കലില്‍വച്ച് കൊലപ്പെടുത്തിയ സഹ എഴുത്തുകാരന്‍ വ്ളാഡ്മിര്‍ വകുലെങ്കോയുടെ ഡയറി അമേലിയ കണ്ടെത്തുകയും അത് പിന്നീട് റഷ്യന്‍ ആക്രമണങ്ങളുടെ ഡോക്യുമെന്റായി മാറുകയും ചെയ്തിരുന്നു. 2017 ല്‍ പ്രസിദ്ധീകരിച്ച അമേലിയയുടെ ഡോംസ് ഡ്രീം കിംഗ്ഡം എന്ന നോവല്‍ യുനെസ്‌കോ സിറ്റി സാഹിത്യ പുരസ്‌കാരത്തിനും യൂറോപ്യന്‍ യൂണിയന്‍ സമ്മാനത്തിനും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. അവരുടെ കവിതകളും ഗദ്യങ്ങളും ഉപന്യാസങ്ങളും ഇംഗ്ലീഷ്, ജര്‍മന്‍, പോളിഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.