TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യ-യുക്രെയ്ന്‍ യുദ്ധം: ഭാഗിക വെടിനിര്‍ത്തല്‍ മാത്രം; ഊര്‍ജ്ജ സൗകര്യങ്ങളെ ആക്രമിക്കില്ല

19 Mar 2025   |   1 min Read
TMJ News Desk

സ്ഥിരമായൊരു സമാധാന കരാറിലേക്ക് നയിക്കുന്നതിന്റെ ആദ്യ പടിയായി റഷ്യയും യുക്രെയ്‌നും തമ്മില്‍ 30 ദിവസത്തെ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യുക്രെയ്‌നിലെ ഊര്‍ജ നിലയങ്ങള്‍ക്കുമേല്‍ വെടിനിര്‍ത്താമെന്ന് സമ്മതിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് തയ്യാറായില്ല.

ഇരുരാജ്യങ്ങളും ഒരു മാസത്തേക്ക് ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കില്ലെന്ന കരാറിനെ അനുകൂലിക്കുന്നതായി യുക്രെയ്ന്‍ പറഞ്ഞു. ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളുടെ മേലുള്ള ആക്രമണം നിര്‍ത്തിവയ്ക്കാന്‍ പുടിന്‍ ഉത്തരവിട്ടുവെന്ന് റഷ്യ അറിയിച്ചു.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ കാലത്ത് യുക്രെയ്ന്‍ കൂടുതല്‍ ആയുധങ്ങളെ സംഭരിക്കുമെന്നും സൈനികരെ സംഘടിപ്പിക്കുമെന്നും പുടിന്‍ ആശങ്കപ്പെടുന്നു.

കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യം മുന്നേറ്റം നടത്തുന്നതിനാല്‍ യുദ്ധത്തിനായി കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയാണ് റഷ്യ കൂടുതല്‍ ഇളവുകള്‍ നല്‍കാത്തതെന്ന് വിദഗ്ദ്ധര്‍ കരുതുന്നു.

അതേസമയം, കരിങ്കടലില്‍ നാവിക വെടിനിര്‍ത്തലും കൂടുതല്‍ സമ്പൂര്‍ണമായ വെടിനിര്‍ത്തലിനും സ്ഥിരമായൊരു സമാധാന കരാറിനും വേണ്ടിയുള്ള ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ചൊവ്വാഴ്ച്ച ട്രംപും പുടിനും തമ്മില്‍ ദീര്‍ഘനേരം ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

ഞായറാഴ്ച്ച സൗദി അറേബ്യയിലെ ജിദ്ദയില്‍ ആരംഭിക്കുന്ന ഈ ചര്‍ച്ചകളില്‍ യുക്രെയ്‌നിനെ ഉള്‍പ്പെടുത്തുമോയെന്നത് വ്യക്തമല്ല.

അതേസമയം, റഷ്യ ചൊവ്വാഴ്ച്ച ആശുപത്രിയില്‍ 40ല്‍ അധികം ഡ്രോണുകളെ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് സെലന്‍സ്‌കി പറഞ്ഞു.




#Daily
Leave a comment