
റഷ്യ- യുക്രെയ്ന്‍ യുദ്ധം; സെലന്‍സ്‌കിക്കെതിരെ വീണ്ടും ട്രംപ്
റഷ്യയ്ക്കെതിരെ യുദ്ധം ആരംഭിച്ചത് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുടെ ആക്രമണത്തില്‍ യുക്രെയ്‌നില്‍ 35 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിറ്റേന്നാണ് ട്രംപ് സെലന്‍സ്‌കിക്കെതിരെ വീണ്ടും തിരിഞ്ഞത്.
അതേസമയം, യുദ്ധം അവസാനിപ്പിച്ച് സ്ഥിരമായ സമാധാന കരാറിലേര്‍പ്പെടാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് താല്‍പര്യമുണ്ടെന്ന് ട്രംപിന്റെ പ്രത്യേക പ്രതിനിധി വിറ്റ്‌കോഫ് പറഞ്ഞു.
യുക്രെയ്ന്‍ യുദ്ധത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചതില്‍ പുടിനൊപ്പം സെലന്‍സ്‌കിക്കും പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു. നിങ്ങളേക്കാള്‍ 20 ഇരട്ടി വലിപ്പമുള്ള ഒരാളുമായി നിങ്ങള്‍ യുദ്ധം ആരംഭിക്കാനും ആളുകള്‍ നിങ്ങള്‍ക്ക് കുറച്ച് മിസൈലുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാനും പാടില്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
ഈ വര്‍ഷം റഷ്യ യുക്രെയ്‌നില്‍ ജനങ്ങള്‍ക്കുനേരെ നടത്തിയ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണ് കഴിഞ്ഞ ദിവസത്തേത്. ഈ സംഭവത്തില്‍ റഷ്യ വിമര്‍ശനമേറ്റ് വാങ്ങുമ്പോഴാണ് ട്രംപ് യുക്രെയ്‌നിനെതിരെ തിരിഞ്ഞത്.
ആക്രമണം ഭീകരമായിരുന്നുവെന്നും റഷ്യ ഒരു തെറ്റ് ചെയ്തുവെന്നും ട്രംപ് പറഞ്ഞു.
ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്നതിന് കാരണം പുടിനും സെലന്‍സ്‌കിയും മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമാണെന്നും ട്രംപ് വിമര്‍ശിച്ചു.
സെലന്‍സ്‌കിയുടെ കാര്യക്ഷമതയേയും ട്രംപ് ചോദ്യം ചെയ്തു. സെലന്‍സ്‌കി എപ്പോഴും മിസൈലുകള്‍ വാങ്ങുന്നതിനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും നിങ്ങളൊരു യുദ്ധം ആരംഭിക്കുമ്പോള്‍, നിങ്ങള്‍ ജയിക്കുമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നും ട്രംപ് പറഞ്ഞു.