
റഷ്യ-യുക്രെയ്ന്‍ യുദ്ധം: സമാധാന ചര്‍ച്ച ഉടനാരംഭിക്കുമെന്ന് ട്രംപ്
യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പുടിനുമായി ദീര്‍ഘവും കാര്യക്ഷമവുമായ ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നും ട്രംപ് വെളിപ്പെടുത്തി.
യുഎസിന്റേയും റഷ്യയുടേയും സംഘങ്ങള്‍ ചര്‍ച്ചകള്‍ ഉടനടി ആരംഭിക്കാന്‍ പുടിന്‍ സമ്മതിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു. ഇരുവരും തങ്ങളുടെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പരസ്പരം ക്ഷണിക്കുകയും ചെയ്തു.
ദീര്‍ഘകാലം നിലനില്‍ക്കുന്നതും വിശ്വസനീയവുമായ സമാധാനത്തെക്കുറിച്ച് ട്രംപുമായി സംസാരിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.
യുക്രെയ്‌നെ നാറ്റോയില്‍ അംഗമാക്കാന്‍ സാധ്യതയില്ലെന്ന് ട്രംപും യുഎസ് പ്രതിരോധ സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. ഇത് യുക്രെയ്‌നെ സംബന്ധിച്ച് നിരാശാജനകമാണ്. എന്നാല്‍ ഈ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പുടിന്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങിയത്.
മ്യൂണിക്കില്‍ നടക്കുന്ന ഒരു പ്രതിരോധ ഉച്ചകോടിയില്‍ വച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും താന്‍ കൂടിക്കാഴ്ച്ച നടത്തുമെന്ന് സെലന്‍സ്‌കി പറഞ്ഞു.
ഈ വിഡ്ഢിത്തമായ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് ട്രംപ് സോഷ്യല്‍ ട്രൂത്തില്‍ പോസ്റ്റ് ചെയ്തു. വന്‍തോതില്‍, അനാവശ്യമായ മരണവും നാശനഷ്ടവും സംഭവിക്കുന്നു. റഷ്യയിലേയും യുക്രെയ്‌നിലേയും ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് പോസ്റ്റ് ചെയ്തു.
പുടിനുമായുള്ള ചര്‍ച്ചയുടെ തിയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇരുവരും തമ്മില്‍ സൗദി അറേബ്യയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു.
ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സമയം ആഗതമായെന്നുള്ള ട്രംപിന്റെ ആശയത്തെ പുടിന്‍ പിന്തുണച്ചുവെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
പുടിനും ട്രംപും തമ്മിലെ ടെലിഫോണ്‍ സംഭാഷണം ഒന്നര മണിക്കൂര്‍ നീണ്ടു. 2014ന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് യുക്രെയ്ന്‍ മടങ്ങാനുള്ള സാധ്യതയില്ലെന്ന് ട്രംപ് പിന്നീട് വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കുറച്ച് ഭൂമി തിരിച്ചു കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി.