TMJ
searchnav-menu
post-thumbnail

TMJ Daily

റഷ്യ- യുക്രെയ്ന്‍ യുദ്ധം നാളെയോ മറ്റന്നാളോ അവസാനിക്കില്ല: ഫ്രഞ്ച് പ്രസിഡന്റ്

21 Jan 2025   |   1 min Read
TMJ News Desk

യുക്രെയ്‌നെതിരായ യുദ്ധം നാളെയോ മറ്റന്നാളോ  അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. യുഎസ് പ്രസിഡന്റായി താന്‍ അധികാരമേറ്റയുടന്‍ യുദ്ധം അവസാനിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. നമ്മള്‍ സ്വയം കബളിപ്പിക്കരുതെന്ന് അദ്ദേഹം പുതുവര്‍ഷത്തില്‍ ഫ്രഞ്ച് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.

'ഈ യുദ്ധം നാളെയോ മറ്റെന്നാളോ അവസാനിക്കുകയില്ല,' മാക്രോണ്‍ പറഞ്ഞു. യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചിട്ട് അടുത്ത മാസം മൂന്ന് വര്‍ഷം തികയും.

താന്‍ അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ റഷ്യയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മാര്‍ഗമൊന്നും അദ്ദേഹം വിശദീകരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ഇതിന് അനവധി മാസങ്ങള്‍ എടുക്കുമെന്ന് പറഞ്ഞു.

യൂറോപ്പ് സ്വന്തം പ്രതിരോധത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. യൂറോപ്പുകാരില്ലാതെ യൂറോപ്പില്‍ സമാധാനവും സുരക്ഷയും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ യൂറോപ്പ് ഇടപെടണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

നാറ്റോ സഖ്യകക്ഷികളെ പ്രതിരോധിക്കാനുള്ള പ്രതിജ്ഞാബദ്ധത വാഷിങ്ടണിന് ഇല്ലെന്നും യുക്രെയ്‌നുള്ള പിന്തുണ പിന്‍വലിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ദശാബ്ദങ്ങളായി യൂറോപ്പുകാര്‍ക്ക് സംരക്ഷണം നല്‍കുന്നത് അമേരിക്കയാണ്. നാളെ മെഡിറ്ററേനിയനില്‍ നിന്നും നമ്മുടെ അമേരിക്കന്‍ സഖ്യകക്ഷി അവരുടെ യുദ്ധക്കപ്പലുകളെ പിന്‍വലിച്ചാല്‍ യൂറോപ്പില്‍ നമ്മളെന്ത് ചെയ്യുമെന്ന് മാക്രോണ്‍ ചോദിച്ചു. അവരുടെ യുദ്ധവിമാനങ്ങള്‍ അറ്റ്‌ലാന്റിക്കില്‍ നിന്നും പസഫിക്കിലേക്ക് അയച്ചാലോ എന്നും ഉത്തരം നമ്മളില്‍ നിന്നും ഉണ്ടാകണമെന്നും മാക്രോണ്‍ പറഞ്ഞു.



 

#Daily
Leave a comment