വ്‌ളോഡിമര്‍ സെലന്‍സ്‌കി | PHOTO: WIKI COMMONS
റഷ്യ-ഉക്രൈന്‍ യുദ്ധം; കൊല്ലപ്പെട്ടത് 31,000 ഉക്രേനിയന്‍ സൈനികരെന്ന് സെലന്‍സ്‌കി
ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ 31,000 സൈനികര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. ഉക്രൈനിലെ അധിനിവേശ പ്രദേശങ്ങളില്‍ പതിനായിരക്കണക്കിന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും യുദ്ധം അവസാനിക്കുന്നതുവരെ കൃത്യമായ കണക്കുകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരി 24 ന് ഉക്രൈനെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് രാജ്യം സൈനിക മരണങ്ങളുടെ എണ്ണം സ്ഥിരീകരിക്കുന്നത്.
ഈ നഷ്ട്ങ്ങള്‍ ഓരോന്നും രാജ്യത്തിന്റെ ത്യാഗമാണെന്നും പ്രത്യാക്രമണം ഉണ്ടാകുമെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യയും ഔദ്യോഗിക മരണ സംഖ്യകള്‍ പുറത്തുവിട്ടിട്ടുണ്ട്. 2022 ലും 2023 ലുമായി 75,000 റഷ്യന്‍ പുരുഷന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് സ്വതന്ത്ര റഷ്യന്‍ വാര്‍ത്താസ്ഥാപനമായ മീഡിയസോണ റിപ്പോര്‍ട്ട് ചെയ്തത്.
റഷ്യക്കെതിരെ പുതിയ പദ്ധതികള്‍
റഷ്യന്‍ സേനക്കെതിരെ പ്രത്യാക്രമണത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്ന് ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സെലന്‍സ്‌കി പറഞ്ഞു. ഉക്രൈന്‍ സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നെങ്കിലും റഷ്യയുടെ അധീനതയിലുള്ള തെക്കും കിഴക്കും ഭാഗങ്ങളിലെ പ്രതിരോധ വലയങ്ങള്‍ ഭേദിക്കാന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല. ഈ മാസം ആദ്യം ഉക്രൈന്‍ സൈന്യത്തിന്റെ തലവനെ മാറ്റിയത് യുദ്ധക്കളത്തിലെ പുതിയ പദ്ധതികളുടെ ഭാഗമാണെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കിയത്. ശക്തമായ സൈനിക തന്ത്രം വരും മാസങ്ങളില്‍ നിലവില്‍ വരുമെന്ന് പ്രതിരോധ മന്ത്രിയും അറിയിച്ചു.
ഉക്രൈനിന്റെ തെക്കും കിഴക്കും ഭാഗങ്ങളില്‍ ഞായറാഴ്ച റഷ്യന്‍ ഷെല്ലാക്രമണവും റോക്കറ്റ് ആക്രമണവും ശക്തമായിരുന്നു. സപോരിസിയ, കെര്‍സണ്‍ പ്രവിശ്യകളില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും എട്ട് പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഞായാറാഴ്ച രാവിലെ ഉക്രൈനിലെ പടിഞ്ഞാറന്‍ ഖ്‌മെല്‍നിറ്റ്ക്‌സി മേഖലയില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം റഷ്യ വിക്ഷേപിച്ച 18 ഇറാന്‍ നിര്‍മ്മിത ഡ്രോണുകളില്‍ 16 എണ്ണത്തെ ഉക്രൈന്‍ പ്രതിരോധിച്ചു.