
കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ ആക്രമണം; റോയിട്ടേഴ്‌സ് സംഘത്തിലെ അംഗം കൊല്ലപ്പെട്ടു
യുക്രൈനിലെ ക്രാമാറ്റോര്‍സ്‌കില്‍ ഉണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ റോയിട്ടേഴ്‌സ് ടീം അംഗം കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ സുരക്ഷാ ഉപദേഷ്ടാവായി ജോലി ചെയ്തിരുന്ന റയാന്‍ ഇവാന്‍സാണ് കൊല്ലപ്പെട്ടത്. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. കൊല്ലപ്പെട്ട മുപ്പത്തിയെട്ടുകാരനായ റയാന്‍ ഇവാന്‍സ്, കിഴക്കന്‍ യുക്രൈനിലെ സഫയര്‍ എന്ന ഹോട്ടലില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിക്കുമ്പോഴാണ് റഷ്യന്‍ മിസൈല്‍ പതിക്കുന്നത്. ആറ് പേരുള്ള റോയിട്ടേഴ്‌സ് ക്രൂവിലെ മറ്റ് രണ്ട് അംഗങ്ങളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 500 കിലോമീറ്റര്‍ വരെ ആക്രമിക്കാന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈലായ റഷ്യന്‍ ഇസ്‌കന്ദര്‍ മിസൈലാണ് ഹോട്ടലില്‍ പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഹോട്ടലിന് പുറമെ സമീപത്തെ ഒരു ബഹുനില കെട്ടിടവും തകര്‍ന്നതായി ഡോനെറ്റ്‌സ്‌ക് റീജിയണല്‍ ഗവര്‍ണര്‍ വാഡിം ഫിലാഷ്‌കിന്‍ അറിയിച്ചു. യുക്രൈനിന്റെ കിഴക്കന്‍ ഖാര്‍കിവ് മേഖലയിലും റഷ്യന്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ നിരവധി സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഖാര്‍കിവിലെ ചുഹുവ് മേഖലയില്‍ രണ്ട് വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് നാല് വയസ്സുള്ള ആണ്‍കുട്ടിയും 14 വയസ്സുള്ള പെണ്‍കുട്ടിയുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ക്രാമാറ്റോര്‍സ്‌കിലെ അധികാരികളുമായി ചേര്‍ന്ന് ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടിയന്തിരമായി അന്വേഷിക്കുകയാണെന്നും റോയിട്ടേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. മുന്‍ ബ്രിട്ടീഷ് സൈനികനായ ഇവാന്‍സ് 2022 മുതല്‍ റോയിട്ടേഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ആക്രമണ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്ന ടീം അംഗങ്ങളിലെ മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണെന്ന് റോയിട്ടേഴ്‌സ് അറിയിച്ചു.