
യുക്രൈനില്‍ റഷ്യന്‍ വ്യോമാക്രമണം ശക്തം; എഴ് പേര്‍ കൊല്ലപ്പെട്ടു, വൈദ്യുതിയും ജലവിതരണവും നിലച്ചു
യുക്രൈനിലെ പതിനഞ്ചോളം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്ന് യുക്രേനിയന്‍ വ്യോമസേനാ മേധാവി പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ രാവിലെ വരെ തുടരുകയായിരുന്നു. കിഴക്കന്‍ നഗരമായ ക്രൈവി റിഹില്‍ സിവിലിയന്‍ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും അഞ്ച് പേരെ കാണാതായെന്നും പ്രാദേശിക സൈനിക അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഒലെക്‌സാണ്ടര്‍ വില്‍കുല്‍ അറിയിച്ചു.
പ്രധാനമായും യുക്രൈനിന്റെ വൈദ്യുതി സൗകര്യങ്ങളെ ലക്ഷ്യംവച്ചുകൊണ്ടാണ് റഷ്യന്‍ ആക്രമണം ഉണ്ടായത്. വൈദ്യുതി, വാതക സൗകര്യങ്ങള്‍, പാശ്ചാത്യ ആയുധ ശേഖരണ മേഖലകള്‍ എന്നിവ ആക്രമിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലം അറിയിച്ചു. ഊര്‍ജ്ജ മേഖലയില്‍ വളരെയധികം നാശനഷ്ടങ്ങളുണ്ടായതായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. വൈദ്യുതിയും ജലവിതരണവും തകരാറിലായതായാണ് റിപ്പോര്‍ട്ട്.
യുക്രൈനിന്റെ വ്യോമസേന കമാന്‍ഡര്‍ മൈക്കോള ഒലെഷ്ചുകിന്റെ പ്രസ്താവന അനുസരിച്ച് 127 മിസൈലുകളും 109 ഡ്രോണുകളുമാണ് റഷ്യ വിക്ഷേപിച്ചത്. ഡ്രോണുകള്‍, ക്രൂയിസ് മിസൈലുകള്‍, സൂപ്പര്‍സോണിക് മിസൈലുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് യുക്രൈനിലെ പതിനഞ്ചോളം പ്രദേശങ്ങളാണ് റഷ്യ ആക്രമിച്ചത്. രാജ്യവ്യാപകമായി ഊര്‍ജ്ജ സൗകര്യങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് അവസാനത്തോടെ റഷ്യ ഊര്‍ജ്ജ സൗകര്യങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയതോടെ രാജ്യത്തിന്റെ വൈദ്യുതി ഉല്‍പാദന ശേഷിയുടെ പകുതിയും നശിച്ചതായി ജൂണില്‍ വ്‌ളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു.
അയല്‍രാജ്യമായ നാറ്റോ അംഗമായ പോളണ്ട് ഒരു ഡ്രോണ്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. നാറ്റോ വക്താവ് ഫറാ ദഖ്‌ലല്ല യുക്രൈനിനെതിരായ ആക്രമണത്തെ അപലപിക്കുകയും റഷ്യ നാറ്റോ വ്യോമാതിര്‍ത്തി ലംഘിക്കുന്നത് നിരുത്തരവാദപരവും അപകടകരവുമാണെന്ന് പറഞ്ഞു. ഡിസംബറില്‍ യുക്രൈനിലേക്ക് 158 മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട ആക്രമണമാണ് ഇതുവരെയുള്ള ഏറ്റവും വലിയ ആക്രമണമായി കണക്കാക്കപ്പെട്ടിരുന്നത്.